FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
Top News

പാകിസ്ഥാനില്‍ രാഷ്ട്രീയ പ്രതിസന്ധി; പ്രധാനമന്ത്രി നവാസ് ഷരീഫിനെ സുപ്രീം കോടതി അയോഗ്യനാക്കി

Friday, Jul 28, 2017,13:18 IST By സ്വന്തം ലേഖകൻ A A A

ഇസ്‌ലാമാബാദ്: അനധികൃത സ്വത്തു സമ്പാദനക്കേസില്‍ കുറ്റക്കാരനെന്ന് കണ്ടെത്തിയതിന് തുടര്‍ന്ന് പാക്കിസ്ഥാന്‍ പ്രധാനമന്ത്രി നവാസ് ഷരീഫിനെ പാക്ക് സുപ്രീം കോടതി അയോഗ്യനാക്കി. ഷരീഫിനും കുടുംബത്തിനുമെതിരെ കേസെടുത്ത് വിചാരണ ചെയ്യണമെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു. പാക്ക് രാഷ്ട്രീയത്തെ ഇളക്കിമറിച്ച പാനമ അഴിമതിക്കേസിലാണ് നവാസ് ഷരീഫ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. നവാസ് ഷരീഫും കുടുംബവും അനധികൃതമായി സ്വത്തുസമ്പാദിച്ചെന്ന കണ്ടെത്തല്‍ കോടതി ശരിവച്ചിരുന്നു. ജസ്റ്റിസ് ഇജാസ് അഫ്‌സല്‍ ഖാന്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് വിധി. ആറു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കണമെന്നും കോടതി ഉത്തരവിട്ടുണ്ട്.

1990കളില്‍ പാക്ക് പ്രധാനമന്ത്രിയായിരിക്കെ ഷരീഫ് നടത്തിയ അഴിമതികളെക്കുറിച്ചുള്ള വിവരങ്ങള്‍ പാനമ രേഖകളിലൂടെയാണ് പുറത്തുവന്നത്. ഷരീഫിനെതിരെ കേസെടുക്കണമെന്നും പ്രധാനമന്ത്രി സ്ഥാനത്തുനിന്നു അയോഗ്യനാക്കണമെന്നും ആവശ്യപ്പെട്ട് മുന്‍ ക്രിക്കറ്റ് താരവും പാകിസ്ഥാന്‍ തെഹ്രീക് ഇ ഇന്‍സാഫ് നേതാവുമായ ഇമ്രാന്‍ ഖാനാണു പരാതി നല്‍കിയത്.
മെയില്‍ സുപ്രീം കോടതി നിയമിച്ച സംയുക്ത അന്വേഷണസമിതി ഷരീഫിന്റെ ലണ്ടനിലെ സ്വത്തുക്കള്‍ പരിശോധിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ജൂലൈ പത്തിന് റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തു. റിപ്പോര്‍ട്ടില്‍ ഷരീഫിന്റെ മകള്‍ മറിയം വ്യാജരേഖകള്‍ സൃഷ്ടിച്ചതായും സ്വത്തുവിവരം മറച്ചുവച്ചതായും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. എന്നാല്‍, കള്ളപ്പണ ഇടപാട് നടത്തിയിട്ടില്ലെന്ന നിലപാടെടുത്ത പ്രധാനമന്ത്രി, രാജ്യത്തെ തെറ്റിദ്ധരിപ്പിച്ചെന്ന പരാതിയാണ് ഷരീഫിന് വിനയായത്.