FLASH NEWS
Breaking News
ജയലളിതയുടെ മരണം: തമിഴ്നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു
Breaking News

തകര്‍ന്നടിഞ്ഞ് ലങ്ക; ഇന്നിങ്‌സ് ജയത്തോടെ ഇന്ത്യയ്ക്ക് പരമ്പര

Sunday, Aug 6, 2017,14:53 IST By സ്വന്തം ലേഖകൻ A A A

കൊളംബോ: രവീന്ദ്ര ജഡേജയും ആര്‍.അശ്വിനും ചേര്‍ന്ന് ഒരുക്കിയ സ്പിന്‍ കെണിയില്‍ തകര്‍ന്നടിഞ്ഞ ശ്രീലങ്കയ്ക്ക് കൊളംബോ ക്രിക്കറ്റ് ടെസ്റ്റില്‍ വന്‍ തോല്‍വി. ലങ്കയുടെ തോല്‍വി ഇന്നിങ്‌സിനും 53 റണ്‍സിനുമാണ്. ഒരു ദിവസത്തെ കളി ബാക്കി നില്‍ക്കെ രണ്ടാം ഇന്നിങ്‌സില്‍ ആതിഥേയരെ 386 റണ്‍സിന് ചുരുട്ടിക്കെട്ടിയാണ് ഇന്ത്യ തുടര്‍ച്ചയായ രണ്ടാം ജയം സ്വന്തമാക്കിയത്. കുശാല്‍ മെന്‍ഡിസും ദിമുത് കരുണരത്നയും സെഞ്ചുറിയുമായി പെരുതിയെങ്കിലും ഇന്ത്യയുടെ സ്പിന്‍ കെണിയെ തകര്‍ക്കാനായില്ല. ഒന്നാം ഇന്നിങ്‌സില്‍ അര്‍ധസെഞ്ചുറി നേടുകയും മല്‍സരത്തിലാകെ ഏഴു വിക്കറ്റ് വീഴ്ത്തുകയും ചെയ്ത രവീന്ദ്ര ജഡേജയാണ് കളിയിലെ കേമന്‍. ഗോളില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 304 റണ്‍സിനാണ് ഇന്ത്യ ജയിച്ചത്. ഇതോടെ, മൂന്നു മത്സരങ്ങളടങ്ങിയ പരമ്പരയും ഇന്ത്യ ഉറപ്പാക്കി.

ടെസ്റ്റ് ബോളര്‍മാരുടെ റാങ്കിങ്ങില്‍ ഒന്നും രണ്ടും സ്ഥാനത്തെത്തിയശേഷം കളത്തിലിറങ്ങിയ ആദ്യ മല്‍സരത്തില്‍ ഏഴു വിക്കറ്റ് വീതം പിഴുത ജഡേജയും അശ്വിനും പ്രതിഭയ്‌ക്കൊത്ത പ്രകടനമാണ് പുറത്തെടുത്തത്. ഒന്നാം ഇന്നിങ്‌സില്‍ അഞ്ചു വിക്കറ്റ് നേട്ടവുമായി ആര്‍. അശ്വിന്‍ ലങ്കയെ തകര്‍ത്തപ്പോള്‍, രണ്ടാം ഇന്നിങ്‌സില്‍ ഈ നിയോഗം രവീന്ദ്ര ജഡേജ ഏറ്റെടുത്തു. 39 ഓവറില്‍ 152 റണ്‍സ് വഴങ്ങിയാണ് ജഡേജ അഞ്ചു വിക്കറ്റ് സ്വന്തമാക്കിയത്. അശ്വിന്‍, പാണ്ഡ്യ എന്നിവര്‍ രണ്ടും ഉമേഷ് യാദവ് ഒരു വിക്കറ്റും സ്വന്തമാക്കി.
ലങ്കന്‍ ഇന്നിങ്‌സില്‍ സെഞ്ചുറി കണ്ടെത്തിയ ദിമുത് കരുണരത്ന (141), കുശാല്‍ മെന്‍ഡിസ് (110) എന്നിവരുടെ പ്രകടനവും ശ്രദ്ധേയമായി. രണ്ടാം വിക്കറ്റില്‍ ഇരുവരും പടുത്തുയര്‍ത്തിയ 191 റണ്‍സിന്റെ കൂട്ടുകെട്ടാണ് ലങ്കയുടെ തോല്‍വിഭാരം കുറച്ചത്.
സ്‌കോര്‍: ശ്രീലങ്ക 183, 386. ഇന്ത്യ 622/9 ഡിക്ലയേര്‍ഡ്.