FLASH NEWS
Breaking News
സുവര്‍ണ ചകോരം പാലസ്തീന്‍ ചിത്രമായ വജാബിന്
India

അണ്ണാ ഡിഎംകെ പക്ഷങ്ങള്‍ ഒന്നിക്കുന്നു; ശശികലയ്ക്കും ദിനകരനുമെതിരെ പ്രമേയം പാസാക്കി

Thursday, Aug 10, 2017,14:57 IST By nikhil A A A

ചെന്നൈ: വി.കെ. ശശികലയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം താല്‍ക്കാലികമാണെന്ന് വ്യക്തമാക്കി അണ്ണാ ഡിഎംകെ (അമ്മ) പക്ഷം പ്രമേയം പാസാക്കി. ശശികലയുടെ അനന്തരവനും ഡപ്യൂട്ടി ജനറല്‍ സെക്രട്ടറിയുമായ ടി.ടി.വി. ദിനകന്റെ തീരുമാനങ്ങള്‍ പാര്‍ട്ടിയുടേതല്ലെന്നും പുതിയ ഭാരവാഹികളുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്നും പ്രമേയത്തില്‍ പറയുന്നു. അതെസമയം, എടപ്പാടി പളനിസാമി, പനീര്‍സെല്‍വം വിഭാഗങ്ങള്‍ തമ്മിലുള്ള ലയന ചര്‍ച്ചകള്‍ വീണ്ടും സജീവമായി.

ഇരുവരും തമ്മില്‍ കൂടിക്കാഴ്ച നടത്തുമെന്നും പാര്‍ട്ടിയിലെ ഐക്യം ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് സൂചന. ഇതിന്റെ ഭാഗമാണ് ശശികലയെയും അനന്തരവന്‍ ടി.ടി.വി. ദിനകരനെയും ഒതുക്കാനുള്ള നീക്കങ്ങള്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമി വിഭാഗം ശക്തമാക്കിയത്.
എടപ്പാടി മുഖ്യമന്ത്രിയായി തുടരുകയും പനീര്‍സെല്‍വം ഉപമുഖ്യമന്ത്രി, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദങ്ങള്‍ വഹിക്കുകയും ചെയ്യുമെന്ന ഒത്തുതീര്‍പ്പിലേക്കാണ് ഇരുവിഭാഗങ്ങളുമെത്തുന്നത്. നിലവിലെ മന്ത്രിസഭയില്‍നിന്ന് രണ്ടുപേരെ ഒഴിവാക്കി പകരം ഒപിഎസ് പക്ഷത്തെ മഫോയി കെ. പാണ്ഡ്യരാജനെയും സെമ്മലൈയേയും മന്ത്രിമാരാക്കുമെന്നും റിപ്പോര്‍ട്ടുണ്ട്.
പക്ഷേ, പാര്‍ട്ടിയില്‍നിന്നും ശശികലയുടെ കുടുംബത്തെ പൂര്‍ണമായും പുറത്താക്കണമെന്ന ആവശ്യത്തില്‍ പനീര്‍സെല്‍വം വിഭാഗം ഉറച്ചുനില്‍ക്കുകയാണ്. 122 എംഎല്‍എമാര്‍ തനിക്കൊപ്പമാണെന്ന് അവകാശപ്പെട്ട ദിനകരന്‍, 45 അംഗ ഭാരവാഹികളുടെ പട്ടിക കഴിഞ്ഞദിവസം പുറത്തിറക്കിയിരുന്നു.