FLASH NEWS
Breaking News
ഗുജറാത്തിലും ഹിമാചലിലും ബിജെപി അധികാരത്തിലേക്ക്
India

റോഹിംഗ്യകള്‍ക്ക് ഭീകരബന്ധം: നിലപാട് കടുപ്പിച്ച് കേന്ദ്രസര്‍ക്കാര്‍

Monday, Sep 18, 2017,14:27 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: മ്യാന്‍മറില്‍ നിന്നും ഇന്ത്യയില്‍ അഭയാര്‍ഥികളായി എത്തിയ റോഹിംഗ്യന്‍ മുസ്‌ലിംങ്ങളെ തിരിച്ചയക്കമെന്ന നിലപാടിലുറച്ച് കേന്ദ്രസര്‍ക്കാര്‍. ഇവരെ തിരിച്ചയക്കുന്ന കാര്യം ഭരണപരമായ തീരുമാനമാണെന്നും ഇക്കാര്യത്തില്‍ കോടതി ഇടപെടരുതെന്നും ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാര്‍ സുപ്രീം കേടതിയില്‍ സത്യവാങ്മൂലം നല്‍കി. റോഹിംഗ്യകളെ ഇന്ത്യയില്‍ നിന്നും തിരിച്ചയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഇവർക്കെതിരായ നിലപാട് കേന്ദ്രസര്‍ക്കാര്‍ കൂടുതൽ കർക്കശമാക്കിയത്.

കൂടാതെ റോഹിംഗ്യകള്‍ക്ക് പാക് ചാരസംഘടനയുമായും ഐഎസ് പോലുള്ള ഭീകര സംഘടനകളുമായും ബന്ധമുണ്ടെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. ഇതുവരെ 40000ലേറെ റോഹിംഗ്യകള്‍ രാജ്യത്ത് നുഴഞ്ഞുകയറിയിട്ടുണ്ടെന്നും, അഭയാര്‍ഥികളെ കടത്താന്‍ ത്രിപുര, ബംഗാള്‍ എന്നീ സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ച് പ്രത്യേക സംഘം പ്രവര്‍ത്തിക്കുന്നുണ്ടെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് അഭയാര്‍ഥികളെ തിരിച്ചയക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുന്നത്. ഈ ഹര്‍ജിയില്‍ ഒക്റ്റോബര്‍ മൂന്നിനാണ് അടുത്ത വാദം കേള്‍ക്കുന്നത്. ജമ്മു കാശ്മീരിലെ ആറായിരത്തോളം റോഹിംഗ്യകള്‍ക്കു വേണ്ടി കോലിന്‍ ഗോണ്‍സാല്‍വും, മനുഷ്യാവകാശ സംഘടനകള്‍ക്കായി മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സമര്‍പ്പിച്ച ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുന്നത്.