FLASH NEWS
Breaking News
എക്സിറ്റ് പോൾ ഫലങ്ങളിൽ ബിജെപിയുടെ മുന്നേറ്റം
Top News

ബേനസീറിന്റെ മരണത്തിന് ഉത്തരവാദി സര്‍ദാരിയെന്ന് മുഷറഫ്

Friday, Sep 22, 2017,18:17 IST By സ്വന്തം ലേഖകൻ A A A

കറാച്ചി: മുന്‍ പാകിസ്ഥാന്‍ പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവ് ആസിഫ് അലി സര്‍ദാരിയെന്ന് മുഷറഫ്. ബേനസിറിന്റെ മരണത്തിലൂടെ ഏറ്റവും അധികം നേട്ടം മുണ്ടാക്കിയത് അവരുടെ ഭര്‍ത്താവ് സര്‍ദാരിയാണെന്നും മുന്‍ പാകിസ്ഥാന്‍ പ്രസിഡന്റ് ആരോപിച്ചു.

‘ഭൂട്ടോ കുടുംബത്തിലെ മരണങ്ങളില്‍ ആസിഫ് അലി സര്‍ദാരിയാണ് ഉത്തരവാദി. ബേനസീറിന്റെയും മുര്‍ത്തസ ഭൂട്ടോയുടെയും മരണത്തില്‍ സര്‍ദാരി പങ്കാളി’. ‘എപ്പോള്‍ ഒരുകൊലപാതകം നടന്നാലും നമ്മള്‍ ആദ്യം ആലേചിക്കേണ്ടത് ആരാണ് ഈ കൊലപാതകത്തിലൂടെ ഏറ്റവും അധികം നേട്ടം കൊയ്യുന്നതെന്നാണ്. ഈ കേസില്‍ എനിക്കായിരുന്നു നഷ്ടപ്പെടാനുണ്ടായിരുന്നത്, കാരണം ഞാനായിരുന്നു അന്ന് അധികാരത്തില്‍. ആ വധം എന്റെ സര്‍ക്കാരിനെ ദുര്‍ഘടത്തിലാക്കുകയായിരുന്നു. ഒരേയൊരാള്‍ക്ക് മാത്രമേ ബേനസീറിന്റെ മരണത്തോടെ നേട്ടങ്ങളുണ്ടാക്കാന്‍ കഴിയുമായിരുന്നുള്ളൂ. അത് ആസിഫ് അലി സര്‍ദാരിക്കാണ്, കേസിനെ കുറിച്ചുള്ള തന്റെ നിരീക്ഷണമിതാണെന്ന് പറഞ്ഞു കൊണ്ടായിരുന്നു മുഷറഫിന്റെ തുറന്നു പറച്ചില്‍.

‘പിന്നീട് സര്‍ദാരിയായിരുന്നു അടുത്ത അഞ്ച് വര്‍ഷം ഭരിച്ചത്. എന്തു കൊണ്ട് അദ്ദേഹം കേസന്വേഷണം ക്രിയാത്മകമായി മുന്നോട്ടുകൊണ്ടുപോയില്ല? കാരണം ആ കൊലപാതകത്തില്‍ അദ്ദേഹത്തിന് പങ്കുണ്ട്’. എന്നു മുഷറഫ് ആരോപിച്ചു. തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് സര്‍ദാരിക്കെതിരെ മുഷറഫ് ആഞ്ഞടിച്ചത്. ‘ബേനസീറിന് അവശ്യമായ സുരക്ഷ നല്‍കിയില്ല എന്നത് മാത്രമാണ് എനിക്കെതിരെയുള്ള കേസെന്നു മുഷറഫ് പറഞ്ഞു.
ബേനസീര്‍ ഭൂട്ടോ വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ മാസം തീവ്രവാദ വിരുദ്ധ കോടതി മുഷറഫിന്റെ സ്വത്തുക്കള്‍ മരവിപ്പിക്കാന്‍ ഉത്തരവിട്ടിരുന്നു. 2007 ഡിസംബര്‍ 27ന് തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണ് ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെടുന്നത്.