FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Breaking News

സോളാർ കമ്മീഷന്‍ റിപ്പോർട്ട് സർക്കാരിന് നാളെ സമർപ്പിക്കും

Monday, Sep 25, 2017,16:22 IST By സ്വന്തം ലേഖകൻ A A A

കൊച്ചി: കേരള രാഷ്ട്രീയത്തിൽ ഏറെക്കാലം വിവാദങ്ങൾ സൃഷ്ടിച്ചതും മുന്‍ യു.ഡി.എഫ് സർക്കാരിനെ അഴിമതി ആരോപണങ്ങളുടെ മുൾമുനയിൽ നിറുത്തിയിരുന്നതുമായ സോളാർ കേസ് സംബന്ധിച്ച ജുഡീഷ്യൽ കമ്മീഷന്‍റെ റിപ്പോർട്ട് ചൊവ്വാഴ്ച സമർപ്പിക്കും. സോളാര്‍ തട്ടിപ്പും അനുബന്ധ സാമ്പത്തിക ഇടപാടുകളും അന്വേഷിച്ച ജസ്റ്റിസ് ശിവരാജന്‍ കമ്മിഷനാണ് നാളെ ഉച്ചയ്ക്കുശേഷം മൂന്ന് മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന് റിപ്പോർട്ട് സമർപ്പിക്കുന്നത്.

കേസിൽ അന്വേഷണം ആരംഭിച്ച് നാല് വർഷത്തിന് ശേഷമാണ് റിപ്പോർട്ട് സമർപ്പിക്കുന്നത്. കമ്മിഷന്‍റെ കാലാവധി ഈ മാസം 27ന് അവസാനിക്കാനിരിക്കുകയായിരുന്നു. അതേസമയം, കമ്മീഷൻ സമർപ്പിച്ച റിപ്പോർട്ടിന്മേൽ തുടർ നടപടികൾ സ്വീകരിക്കണമോ അതോ തള്ളണമോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം സർക്കാരിനുണ്ട്.

2013 ഒക്‌ടോബറിലാണ് സോളാര്‍ കമ്മീഷനെ നിയമിച്ചത്. ആറുമാസമായിരുന്നു റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുള്ള കാലാവധി. എന്നാല്‍ കമ്മീഷന്‍ അഭ്യര്‍ത്ഥന പ്രകാരം കാലാവധി പല തവണ നീട്ടി നല്‍കിയിരുന്നു. വാക്കാലും രേഖാമൂലവുമുള്ള ധാരാളം തെളിവുകള്‍ കമ്മീഷന്‍ മുമ്പാകെ ലഭിച്ചിരുന്നു.

സംസ്ഥാനത്ത് സൗരോർജ്ജ ഫാമുകളും കാറ്റാടിപ്പാടങ്ങളും സ്ഥാപിക്കാമെന്നു വാഗ്ദാനം ചെയ്ത് ബിജു രാധാകൃഷ്ണൻ സി.എം.ഡിയായ ടീം സോളാർ കമ്പനി പലരിൽ നിന്നും കോടിക്കണക്കിന് രൂപ തട്ടിയെടുത്തെന്ന കേസാണ് സോളാർ അഴിമതിക്കേസ്. കേസിൽ ബിജു രാധാകൃഷ്ണൻ ഒന്നാം പ്രതിയും സരിത നായർ രണ്ടാം പ്രതിയുമാണ്. തട്ടിപ്പ് നടത്താനായി മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ ഓഫീസ് ദുരുപയോഗം നടത്തിയെന്ന ആരോപണം പുറത്ത് വന്നതോടെയാണ് കേസിന് രാഷ്ട്രീയമാനം വന്നത്.