FLASH NEWS
Breaking News
പിണറായി വിജയന്‍ സന്നിധാനത്ത്
India

മുഖ്യമന്ത്രിയുടെ ആവശ്യം അംഗീകരിച്ചു: ഷാർജയിൽ തടവിലായ ഇന്ത്യാക്കാർക്ക് മോചനം

Tuesday, Sep 26, 2017,14:38 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം:ഷാർജയിൽ‌ തടവിലായ ഇന്ത്യാക്കാർക്ക് മോചനം നൽകാൻ തീരുമാനം. ഗുരുതരമായ തെറ്റുകളിൽ പെടാത്ത മൂന്നു വർഷം ശിക്ഷ പൂർത്തിയാക്കിയവർക്കാണ് മോചനം നൽകുന്നതെന്ന് ഷാർജ ഭരണാധികാരി ഡോ. ശൈഖ് സുല്‍ത്താന്‍ മുഹമ്മദ് ബിന്‍ ഖാസിമി പ്രഖ്യാപിച്ചു.

ചെക്ക് കേസുകളിലും സിവില്‍ കേസുകളിലുംപെട്ട് മൂന്നു വര്‍ഷത്തിലേറെയായി ഷാർജയിലെ ജയിലുകളില്‍ കഴിയുന്നവരെ മോചിപ്പിക്കണമെന്ന് ഇന്ന് രാവിലെ ക്ലിഫ് ഹൗസില്‍ നടന്ന ചര്‍ച്ചയില്‍ മുഖ്യമന്ത്രി പിണറായി വിജയൻ സുൽത്താനോട് ആവശ്യപ്പെട്ടിരുന്നു.

ഈ അഭ്യര്‍ത്ഥന പ്രകാരമാണ് ജയിലുകളില്‍ കഴിയുന്നവര്‍ക്ക് മാപ്പ് നല്‍കാന്‍ ശൈഖ് സുല്‍ത്താന്‍ തീരുമാനിച്ചത്. കേരളീയര്‍ മാത്രമല്ല ഗുരുതര ക്രിമിനല്‍ കേസുകളില്‍ പെടാത്ത മുഴുവന്‍ വിദേശീയരേയും ജയിലുകളില്‍നിന്നു മോചിപ്പിക്കുകയാണെന്ന് അദ്ദേഹം കലിക്കറ്റ് യൂണിവേഴ്സിറ്റിയുടെ ഡി-ലിറ്റ് ബിരുദം സ്വീകരിച്ചുകൊണ്ട് രാജ്ഭവനില്‍ നടത്തിയ പ്രഭാഷണത്തില്‍ പ്രഖ്യാപിക്കുകയായിരുന്നു.

ചെറിയ തര്‍ക്കങ്ങളിലും ബിസിനസ്സ് സംബന്ധമായ കേസുകളിലും പെട്ട് ഷാര്‍ജ ജയിലുകളില്‍ കഴിയുന്നവര്‍ക്ക് തീരുമാനം വലിയ ആശ്വാസമാകും. യു.എ.ഇ.യിലെ മറ്റു എമിറേറ്റ്സുകളിലും ഇതര ഗള്‍ഫ് രാജ്യങ്ങളിലും ജയിലുകളില്‍ പെട്ടുപോയവർക്കും അവരുടെ കുടുംബാംഗങ്ങള്‍ക്കും വലിയ പ്രതീക്ഷ നല്‍കുന്ന തീരുമാനമാണ് കൈക്കൊണ്ടിരിക്കുന്നത്.