FLASH NEWS
Breaking News
സോളാർ കേസിൽ പുതിയ പരാതിയുമായി സരിത
Breaking News

സോളാര്‍ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

Tuesday, Sep 26, 2017,18:39 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ആരോപണം നേരിട്ട സോളാര്‍ കേസിന്റെ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ജുഡീഷ്യല്‍ കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ നേരിട്ടെത്തിയാണ് റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയന് സമര്‍പ്പിച്ചത്. മുഖ്യമന്ത്രിയുടെ ഓഫിസില്‍ എത്തിയാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. കാലാവധി ബുധനാഴ്ച അവസാനിക്കാനിരിക്കെയാണ് കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നാല് ഭാഗങ്ങളിലായാണ് ജസ്റ്റിസ് ജി. ശിവരാജന്‍ അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. റിപ്പോര്‍ട്ടിലെ വിശദാംശങ്ങള്‍ മുഖ്യമന്ത്രി വിശദീകരിക്കുമെന്ന് കമ്മിഷന്‍ അധ്യക്ഷന്‍ ജസ്റ്റിസ് ജി. ശിവരാജന്‍ മാധ്യമങ്ങളോട് പറഞ്ഞു. റിപ്പോര്‍ട്ട് കിട്ടിയതേയുളളൂവെന്നും ബാക്കി കാര്യങ്ങള്‍ പിന്നീടെന്നുമായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

എന്നാല്‍, ഉമ്മന്‍ചാണ്ടിയുടെ ഓഫിസിന് വീഴ്ച പറ്റിയെന്ന് കമ്മിഷന്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. കേസ് അന്വേഷിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ക്കെതിരെയും വിമര്‍ശനം ഉണ്ടെന്നാണ് സൂചന. കേസ് അന്വേഷണം ശരിയായ രീതിയിലല്ല നടന്നതെന്നും അന്വേഷണം അട്ടിമറിക്കാന്‍ ശ്രമം നടന്നതായും റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന.
2013 ഓഗസ്റ്റ് 16 നാണു സോളാര്‍ കേസില്‍ ജുഡീഷ്യല്‍ അന്വേഷണത്തിനു ഉത്തരവിട്ടത്. ഒക്ടോബര്‍ 23 നു ജസ്റ്റിസ് ജി.ശിവരാജനെ കമ്മിഷനായി തീരുമാനിക്കുകയും 28ന് അദ്ദേഹം ചുമതല ഏല്‍ക്കുകയും ചെയ്തു. ആറു മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നായിരുന്നു കമ്മിഷനെ നിയമിച്ചപ്പോള്‍ യുഡിഎഫ് സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. എന്നാല്‍, പല തവണ കമ്മിഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനുളള കാലാവധി നീട്ടി വാങ്ങുകയായിരുന്നു. ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെ നിരവധി പ്രമുഖരെ കേസില്‍ കമ്മീഷന്‍ വിസ്തരിച്ചിരുന്നു. 15 മണിക്കൂറാണ് ഉമ്മന്‍ ചാണ്ടിയെ വിസ്തരിച്ചത്. രാജ്യത്ത് ആദ്യമായാണ് ഒരു മുഖ്യമന്ത്രി തുടര്‍ച്ചയായി 15 മണിക്കൂര്‍ അന്വേഷണ കമ്മിഷന്‍ മുന്‍പാകെ മൊഴി കൊടുത്തത്.