FLASH NEWS
Breaking News
കോൺഗ്രസ് ബന്ധം: യെച്ചൂരിയുടെ കരട് രേഖ പിബി തള്ളി
Business

ദീപാവലി ആഘോഷത്തിൽ ഓഹരി വിപണി: സൂചികകള്‍ റെക്കോഡ് നേട്ടത്തില്‍

Friday, Oct 13, 2017,17:18 IST By മെട്രൊ വാർത്ത A A A

മുംബൈ: ഒരാഴ്ച മുൻപെ തന്നെ ഓഹരി വിപണിയിൽ ദീപാവലി ആഘോഷങ്ങൾ ആരംഭിച്ചെന്നപോലെ തുടർച്ചയായി രണ്ടാം ദിവസവും സൂചികകൾ മികച്ച നേട്ടത്തിൽ വ്യാപാരം അവസാനിപ്പിച്ചു. ബോംബെ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ സൂചികയായ സെൻസെക്സ് 250.47 പോയിന്‍റ് ഉയർന്ന് 32,432.69ലും നാഷണൽ സ്റ്റോക് എക്സ്ചേഞ്ചിന്‍റെ സൂചികയായ നിഫ്റ്റി 71.10 പോയിന്‍റ് ഉയർന്ന് 10,167.50ലുമാണ് ക്ലോസ് ചെയ്തത്

വ്യാപാരത്തിനിടെ ഒരുവേള സെൻസെക്സ് 300 പോയിന്‍റ് ഉയർന്നിരുന്നു. എന്നാൽ മിഡ്കാപ് സ്റ്റോക്കുകളിൽ ഉണർവില്ലാത്തതിനാൽ സൂചിക പിന്നീട് താഴുകയായിരുന്നു. നിഫ്റ്റിയാകട്ടെ ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന നിലവാരമായ 10,191 എത്തിയിട്ട് അല്പം താഴ്ന്ന് 10,167ലാണ് വ്യാപാരം അവസാനിപ്പിച്ചത്. വ്യവസായ ഉത്പന്ന സൂചികയിലെ വളര്‍ച്ച, രൂപയുടെ മൂല്യവര്‍ധന, ടെലികോം- ലോഹം- ബാങ്കിങ് ഓഹരികളില്‍ നിക്ഷേപകര്‍ കാണിച്ച താല്‍പര്യം, ആഗോള വിപണികളില്‍ നിന്നുള്ള അനുകൂല ഘടകങ്ങള്‍ തുടങ്ങിയവയാണ് വിപണിക്ക് കരുത്തുപകര്‍ന്നത്.

ടാറ്റ ഗ്രൂപ്പിന്‍റെ ടെലികോം ബിസിനസ് ഭാരതി എയർടെലിൽ ലയിക്കാൻ തീരുമാനിച്ചതിനെ തുടർന്ന് എയർടെല്ലിന്‍റെ ഓഹരി വില 7.9 ശതമാനം വർധിച്ചു. ടെലികോം മേഖലയിലെ തന്നെ മറ്റൊരു സുപ്രധാന നീക്കമായ വോഡാഫോൺ- ഐഡിയ ലയനത്തിന്, ഓഹരിയുടമകൾ അനുവാദം നൽകിയതിനെ തുടർന്ന് ഐഡിയയുടെ ഓഹരി വിലയിലും 6 ശതമാനത്തിന്‍റെ കുതിപ്പുണ്ടായി.