FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
kerala

രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയ ഉത്തരവ് ആപത്കരമായ ഫലം സൃഷടിക്കുമെന്ന് കോടിയേരി

Friday, Oct 13, 2017,19:55 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: വിദ്യാലയങ്ങളില്‍ രാഷ്ട്രീയ പ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്തിയ ഹൈക്കോടതി ഉത്തരവ് ആപത്കരമായ ഫലം സൃഷടിക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷണന്‍. സമരവും പ്രകടനവും സത്യാഗ്രഹവും പാടില്ലെന്നതടക്കമുള്ള ഉത്തരവ് വിദ്യാഭ്യാസ കച്ചവടക്കാരെയും മതതീവ്രവാദികളെയും ആഹ്ലാദിപ്പിക്കുമെന്നും കോടിയേരി പറഞ്ഞു. വിദ്യാര്‍ത്ഥി സംഘടനകള്‍ക്ക് ഇടംകിട്ടാത്ത സ്വാശ്രയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പീഡനമുറികളടക്കമുണ്ടായതും വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ വെടിയേണ്ടി വന്നതുമെല്ലാം സംസ്ഥാനം കണ്ടതാണ്. പുരോഗമന ജനാധിപത്യ വിദ്യാര്‍ഥി സംഘടനകളുടെ അഭാവത്തില്‍ വിദ്യാലയങ്ങളില്‍ വിളയുന്നത് അരാജകത്വവും തീവ്രവാദവുമാണെന്നും അദ്ദേഹം പറഞ്ഞു. വിദ്യാര്‍ഥി പ്രസ്ഥാനങ്ങള്‍ ന്യായമായി പ്രവര്‍ത്തിക്കുമ്പോള്‍ നീതി നിഷേധത്തിനെതിരെ പ്രതിഷേധിക്കുകയും സമരം നടത്തുകയും ചെയ്യുക സ്വാഭാവികമാണെന്നും ന്യായമായ സമരത്തിനും പ്രതിഷേധത്തിനും വിലക്കേര്‍പ്പെടുത്തുന്നത് വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തെ തടയുന്നതാകും. സാമൂഹ്യപുരോഗതിക്ക് വിലങ്ങുതടിയാകുന്ന ഡിവിഷന്‍ ബെഞ്ചിന്റെ ഉത്തരവ് പുനഃപരിശോധിക്കാന്‍ നിയമ നടപടിയുണ്ടാകണമെന്നും കോടിയേരി ബാലകൃഷണന്‍ പറഞ്ഞു.

സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ധര്‍ണയും പട്ടിണി സമരവും സത്യഗ്രഹവും അനുവദനീയമല്ലെന്നും അങ്ങിനെ ചെയ്യുന്നവരെ പുറത്താക്കാമെന്നും ഹൈക്കോടതി ഉത്തരവിട്ടിരുന്നു. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ വരുന്നതെന്നും അല്ലാതെ രാഷ്ട്രീയ പ്രവര്‍ത്തനത്തില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.
രാഷ്ട്രീയ പ്രവര്‍ത്തനവും വിദ്യാഭ്യാസവും ഒന്നിച്ച് പോകില്ല. വിദ്യാര്‍ഥികള്‍ പഠിക്കാനാണ് സ്ഥാപനങ്ങളില്‍ പോകുന്നത്. രാഷ്ട്രീയ പ്രവര്‍ത്തനത്തില്ല. രാഷ്ട്രീയ പ്രവര്‍ത്തനം നടത്താനാണെങ്കില്‍ പഠനം നിര്‍ത്തി പോകണം. കോളേജിനകത്തോ പരിസരത്തോ സമരപന്തലും പിക്കറ്റിങ്ങും അനുവദിക്കരുത്. ഇക്കാര്യം പൊലീസ് ശ്രദ്ധിക്കണം.
കോളേജ് അധികൃതര്‍ ആവശ്യപ്പെട്ടാല്‍ ക്യാംപസില്‍ സമാധാനം ഉറപ്പാക്കാന്‍ പൊലിസ് ഇടപെടണമെന്നും കോടതി നിര്‍ദേശിച്ചു.