FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
India

താജ്മഹല്‍ പണിതത് ഇന്ത്യക്കാരുടെ ചോരയും നീരും കൊണ്ട്: യോഗി ആദിത്യനാഥ്

Tuesday, Oct 17, 2017,14:56 IST By സ്വന്തം ലേഖകൻ A A A

ലക്നൗ: താജ്മഹല്‍ നിര്‍മിച്ചിരിക്കുന്നത് ഇന്ത്യക്കാരുടെ ചോരയും നീരും കൊണ്ടാണന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. താജ്മഹലിന്റെ പുനരുദ്ധാരണത്തിലേക്കുളള പ്രവര്‍ത്തനത്തിലാണ് സര്‍ക്കാരുളളത്. എല്ലാ ചരിത്ര സ്മാരകങ്ങളും വിനോദസഞ്ചാരകേന്ദ്രമായി സര്‍ക്കാര്‍ പരിഗണിക്കുമെന്നു യോഗി പറഞ്ഞു. താജ്മഹല്‍ രാജ്യദ്രോഹി നിര്‍മിച്ചതാണെന്നും ഇത് ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനം ആണെന്നുമാന്നു ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞിരുന്നു. എന്നാല്‍ പരാമര്‍ശം സോമിന്റെ വ്യക്തിപരമായ അഭിപ്രായമാണെന്ന് യോഗി പറഞ്ഞു. സര്‍ക്കാര്‍ ഇത് അംഗീകരിക്കുന്നില്ലെന്നും യുപി മുഖ്യമന്ത്രി വ്യക്തമാക്കി.

താജ്മഹല്‍ ഇന്ത്യന്‍ സംസ്‌കാരത്തിന് അപമാനമാണെന്നായിരുന്നു ബിജെപി എംഎല്‍എ സംഗീത് സോം പറഞ്ഞത്. ഉത്തര്‍പ്രദേശിന്റെ ടൂറിസം ബുക്ലെറ്റില്‍ നിന്ന് താജ്മഹലിനെ നീക്കം ചെയ്തത് കുറെയാളുകളെ വിഷമിപ്പിച്ചിട്ടുണ്ട്. എന്നാല്‍ താജ്മഹലിന് എന്ത് ചരിത്ര പ്രാധാന്യമാണ് അവകാശപ്പെടാനുള്ളതെന്ന് സംഗീത് സോം ചോദിച്ചു.
താജ്മഹല്‍ നിര്‍മിച്ച ഷാജഹാന്‍ ഇന്ത്യയില്‍ നിന്ന് ഹിന്ദുക്കളെ നീക്കം ചെയ്യാന്‍ ശ്രമിച്ചയാളാണെന്നും ഇത്തരം ആളുകള്‍ നമ്മുടെ ചരിത്രത്തിന്റെ ഭാഗമാണെങ്കില്‍ അത് വളരെ സങ്കടമാണെന്നും ആ ചരിത്രം നമ്മള്‍ മാറ്റുമെന്നും സംഗീത് സോം അറിയിച്ചു.

അടുത്തിടെ പുറത്തിറക്കിയ ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ ടൂറിസ്റ്റ് ബുക്ലെറ്റില്‍ താജ്മഹലിനെ ഒഴിവാക്കുകയും ഗോരഖ്പുര്‍ ക്ഷേത്രം ഉള്‍പ്പെടെയുള്ളവ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു.
ഒക്‌റ്റോബര്‍ 26ന് ആഗ്ര സന്ദര്‍ശിക്കാന്‍ ഒരുങ്ങുകയാണ് യോഗി ആദിത്യനാഥ്. താജ്മഹല്‍ സന്ദര്‍ശിക്കുന്ന അദ്ദേഹം വിനോദസഞ്ചാര സംബന്ധമായ പദ്ധതികളും ചര്‍ച്ച ചെയ്യും.

ഇന്ത്യന്‍ സംസ്‌കാരവുമായി താജ്മഹലിന് യാതൊരു ബന്ധവുമില്ലെന്ന് അടുത്തിടെ യോഗി ആദിത്യനാഥും നിലപാടെടുത്തിരുന്നു. വിദേശ രാജ്യത്തുനിന്ന് എത്തുന്ന അതിഥികള്‍ക്ക് താജ്മഹലിന്റെ രൂപം നല്‍കുന്നതും യോഗി എതിര്‍ത്തിരുന്നു.