FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
kerala

ബിസിസിഐയുടെ അപ്പീലിൽ ശ്രീശാന്തിന് വീണ്ടും ആജീവനാന്ത വിലക്ക്

Tuesday, Oct 17, 2017,17:18 IST By മെട്രൊ വാർത്ത A A A

കൊച്ചി: മലയാളി ക്രിക്കറ്റ് താരം ശ്രീശാന്തിന് അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏർപ്പെടുത്തിയിരുന്ന ആജീവനാന്ത വിലക്ക് തുടരും. നേരത്തെ ശ്രീശാന്തിനെതിരായ വിലക്ക് നീക്കി‍യ സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ബി.സി.സി.ഐ നൽകിയ അപ്പീൽ ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ച് അംഗീകരിക്കുകയായിരുന്നു. ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താമെന്ന മുൻ ദേശീയ ക്രിക്കറ്റ് താരം കൂടിയായ ശ്രീശാന്തിന്‍റെ പ്രതീക്ഷകൾക്ക് കനത്ത തിരിച്ചടിയേറ്റു.

സിംഗിൾ ബെഞ്ച് വിധിയിൽ ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയിട്ടില്ല. ബി.സി.സി.ഐയുടെ നടപടിയിൽ അപാകത കണ്ടെത്താൻ സിംഗിൾ ബെഞ്ചിന് കഴിഞ്ഞിട്ടില്ലെന്നും ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു. കൂടാതെ, വിവാദ ഓഡിയോ ടേപ്പിലെ ശബ്ദം തന്‍റേതല്ലെന്ന് ശ്രീശാന്ത് വാദിച്ചിട്ടില്ലെന്നും ബി.സി.സി.ഐ ശ്രീശാന്തിന് നൽകേണ്ട സ്വാഭാവിക നീതി ലംഘിച്ചിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. മുംബൈ ഹൈക്കോടതിയിലെ മുതിർന്ന അഭിഭാഷകനാണ് ബി.സി.സി.ഐയ്ക്ക് വേണ്ടി ഹാജരായത്.

അതേസമയം, തനിക്ക് മാത്രം വേറെ നിയമമോ എന്നാണ് ശ്രീശാന്ത് ഹൈക്കോടതി വിധിയോട് പ്രതികരിച്ചത്. ഐ.പി.എല്ലിൽ ഒത്തുകളി ആരോപണത്തെ തുടർന്ന് നടപടി നേരിട്ട ചൈന്നൈ സൂപ്പർ കിങ്സിന് മറ്റൊരു നീതിയാണെന്നും ശ്രീശാന്ത് പറഞ്ഞു.