FLASH NEWS
Breaking News
ചർച്ച പരാജയം, സ്വകാര്യബസ് സമരം തുടരും
India

പതിവു തെറ്റിക്കാതെ സൈനികർക്കൊപ്പം ദീപാവലി ആഘോഷിച്ച് പ്രധാനമന്ത്രി

Thursday, Oct 19, 2017,18:15 IST By മെട്രൊ വാർത്ത A A A

ശ്രീനഗര്‍: തന്‍റെ ഇതുവരെയുള്ള പതിവു തെറ്റിക്കാതെ ഇത്തവണയും പ്രധാനമന്ത്രി നരേന്ദ്ര മോദി സൈനികര്‍ക്കൊപ്പം ദീപാവലി ആഘോഷിച്ചു. നിയന്ത്രണരേഖയിൽ നിന്നും വിളിപ്പാടകലെയുള്ള ജമ്മു കശ്മീരിലെ ഗുരെസിലായിരുന്നു മോദി ദീപാവലി ആഘോഷിച്ചത്. രാവിലെ പ്രത്യേക വിമാനത്തില്‍ ശ്രീനഗറിലെത്തിയ പ്രധാനമന്ത്രിയെ കരസേനാ മേധാവി ബിപിന്‍ റാവത്തും മുതിർന്ന സൈനിക ഉദ്യോഗസ്ഥരും ചേർന്നാണ് സ്വീകരിച്ചത്.

സൈനീകരുമായി കൂടിക്കാഴ്ച നടത്തുന്നത് ഔപചാരികതയല്ലെന്നും സൈന്യം തന്‍റെ കുടുംബമാണെന്നും പ്രധാനമന്ത്രി സൈനികരെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു. തുടർന്ന് പ്രധാനമന്ത്രി സൈനികർക്ക് മധുരവും സമ്മാനങ്ങളും കൈമാറി. സൈനികരക്കൊപ്പം ഉണ്ടാവുമ്പോൾ തനിക്ക് ലഭിക്കുന്നത് പുതിയ ഊര്ജമാണെന്നും അദ്ദേഹം പിന്നീട് ട്വിറ്ററിൽ കുറിച്ചു.

കശമീരില്‍ ഇത് രണ്ടാം തവണയാണ് മോദി ദീപാവലി ആഘോഷിക്കുന്നത്. 2014ലും കശ്മീരിലെ സൈനികര്‍ക്കൊപ്പം ആയിരുന്നു മോദിയുടെ ദീപാവലി. 2015ല്‍ അമൃത്‌സറിലും 2016ൽ ഹിമാചല്‍ പ്രദേശിൽ ചൈനീസ് അതിര്‍ത്തിയിൽ കാവൽ നിൽക്കുന്ന സൈനികര്‍ക്ക് ഒപ്പമായിരുന്നു മോദിയുടെ ദീപാവലി ആഘോഷം.