FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
World

ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയ്ക്ക് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രമേയം

Friday, Oct 20, 2017,10:55 IST By സ്വന്തം ലേഖകൻ A A A

ലണ്ടന്‍: ജാലിയന്‍ വാലാബാഗില്‍ നടന്ന കൂട്ടക്കൊലയ്ക്ക് മാപ്പു പറയണമെന്നാവശ്യപ്പെട്ട് ബ്രിട്ടിഷ് പാര്‍ലമെന്റില്‍ പ്രമേയം. ’1919ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല’ എന്ന പേരില്‍ ഈ ആഴ്ച ആദ്യം മേശപ്പുറത്തുവെച്ച പ്രമേയത്തില്‍ ഇതുവരെ അഞ്ച് അംഗങ്ങള്‍ അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. 1919ല്‍ അമൃത് സറില്‍ നടന്ന കൂട്ടക്കൊലയ്ക്ക് ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയ് ക്ഷമാപണം നടത്തണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയമാണ് പാര്‍ലമെന്റില്‍ വെച്ചത്. ബ്രിട്ടണിലെ ഏറ്റവും മുതിര്‍ന്ന ഇന്ത്യന്‍ വംശജനായ പാര്‍ലമെന്റ് അംഗം വീരേന്ദ്ര ശര്‍മയാണ് മേശപ്പുറത്തുവെച്ചത്. കൂട്ടക്കൊല നടന്നിട്ട് 100 വര്‍ഷത്തോട് അടുക്കുന്ന സാഹചര്യത്തില്‍ ഇത്തരമൊരു നടപടി ഉചിതമാണെന്നും ഇന്ത്യയിലെ ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന്റെ ചരിത്രത്തില്‍ നിര്‍ണായമായ സംഭവത്തിന്റ പ്രാധാന്യം പാര്‍ലമെന്റ് തിരിച്ചറിയണമെന്നും പ്രമേയത്തില്‍ പറയുന്നു.

ഇന്ത്യന്‍ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായകമായ ഒരു ഏടായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമായി ജാലിയന്‍വാലാബാഗില്‍ യോഗം ചേര്‍ന്ന ഇരുപതിനായിരത്തോളം പേരടങ്ങുന്ന ജനക്കൂട്ടത്തിനു നേരെ ബ്രിട്ടീഷ് സൈന്യം വെടിവയ്ക്കുകയായിരുന്നു. ബ്രിട്ടീഷ് ഉദ്യോഗസ്ഥനായ കേണല്‍ ഡയറിന്റെ നേതൃത്വത്തിലുള്ള സൈന്യമാണ് യാതൊരു പ്രകോപനവുമില്ലാതെ വെടിയുതിര്‍ത്തത്. 20 മിനിറ്റോളം നീണ്ടുനിന്ന വെടിവെപ്പില്‍ ആയിരത്തിലധികം പേര്‍ കൊല്ലപ്പെട്ടതായാണ് കരുതുന്നത്. ആയിരക്കണക്കിന് ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബ്രിട്ടീഷ് ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും അപമാനകരമായ സംഭവമായിരുന്നു ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെന്ന് ബ്രിട്ടീഷ് മുന്‍ പ്രധാനമന്ത്രി ജയിംസ് കാമറൂണ്‍ മുന്‍പ് പറഞ്ഞിരുന്നു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തെ ശക്തിപ്പെടുത്തിയതിലും പിന്നീട് ബ്രിട്ടന്റെ പിന്‍വാങ്ങലിലേക്ക് എത്തിച്ചതിലും ജാലിയന്‍ വാലാബാഗ് സംഭവത്തിന് പങ്കുള്ളതായി പലരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്.