FLASH NEWS
Breaking News
ശശീന്ദ്രന്‍റെ മന്ത്രിസ്ഥാനം: തീരുമാനം എൽഡിഎഫിന് വിട്ട് സിപിഎം
kerala

ദിലീപിന് സുരക്ഷ ഒരുക്കാനെത്തിയ സ്വകാര്യ സംഘവും വാഹനങ്ങളും പൊലീസ് കസ്റ്റഡിയില്‍

Saturday, Oct 21, 2017,14:53 IST By സ്വന്തം ലേഖകൻ A A A

കൊല്ലം: ദിലീപിന് സംരക്ഷണമൊരുക്കാന്‍ എത്തിയ സ്വകാര്യ സുരക്ഷാ സംഘത്തെയും വാഹനങ്ങളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. 10 പേരെയും 2 വാഹനങ്ങളുമാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സ് ഏജന്‍സിയാണ് ദിലീപിനു സുരക്ഷയൊരുക്കുന്നത്. ദിലീപിന് സുരക്ഷയൊരുക്കാന്‍ സ്വകാര്യ ഏജന്‍സിയുടെ സംഘം കേരളത്തില്‍ എത്തിയിട്ടുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് രണ്ടു വാഹനങ്ങള്‍ പരിശോധിക്കണമെന്ന നിര്‍ദേശം കൊട്ടാരക്കര പൊലീസിന് ലഭിച്ചു. തുടര്‍ന്ന് എംസി റോഡില്‍വച്ച് പൊലീസ് വാഹനങ്ങളെ തടഞ്ഞു. മലേഷ്യയില്‍ നിന്നുള്ള സ്പീക്കറുടെ സുരക്ഷയ്ക്കുള്ള വാഹനമാണെന്നാണ് പറഞ്ഞത്. എന്നാല്‍, മലേഷ്യയില്‍ നിന്ന് അങ്ങനെയൊരു സ്പീക്കര്‍ ഔദ്യോഗികമായി വന്നിട്ടില്ലെന്ന് പൊലീസ് കണ്ടെത്തി. അതെസമയം,

മലേഷ്യയില്‍ നിന്നുള്ള സ്പീക്കര്‍ അനൗദ്യോഗികമായ കേരളത്തില്‍ വന്നിട്ടുണ്ടെന്നും സ്വകാര്യ സുരക്ഷ മതിയെന്നു പറഞ്ഞതായും ഏജന്‍സി തന്നെ വ്യക്തമാക്കി. രേഖകള്‍ പരിശോധിച്ച് ബോധ്യപ്പെട്ടതോടെ വാഹനം പിന്നീട് വിട്ടയച്ചു.
ദിലീപിനൊപ്പം 24 മണിക്കൂറും സുരക്ഷയ്ക്കായി മൂന്നു പേരുണ്ടാവും. ദിലീപിനെ ആരെങ്കിലും കയ്യേറ്റം ചെയ്താല്‍ തടയുക, ആരെങ്കിലും ഉപദ്രവിച്ചാല്‍ പ്രതിരോധിക്കുക, കയ്യോടെ പിടികൂടി പൊലീസിന് കൈമാറുക എന്നിവയൊക്കെയാണ് സുരക്ഷാഭടന്‍മാരുടെ ജോലി. മൂന്നു പേര്‍ക്കുമായി അരലക്ഷം രൂപയാണ് വേതനം നല്‍കേണ്ടത്.

റിട്ടയേര്‍ഡ് ഐപിഎസ് ഉദ്യോഗസ്ഥനായ പി.എ. വല്‍സനാണ് കേരളത്തിലെ തണ്ടര്‍ഫോഴ്‌സ് സുരക്ഷാ ഏജന്‍സിയുടെ തലവന്‍. ഇദ്ദേഹവുമായി ദിലീപ് കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് മൂന്നുപേരെ നിയമിക്കാന്‍ തീരുമാനമായത്. രാജ്യത്ത് 11 സംസ്ഥാനങ്ങളിലായി പ്രവര്‍ത്തിക്കുന്ന സുരക്ഷാ ഏജന്‍സിയാണ് തണ്ടര്‍ ഫോഴ്‌സ്. നാലു വര്‍ഷമായി കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന ഏജന്‍സിക്ക് തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓഫിസുകളുണ്ട്. റിട്ട. ഐപിഎസ് പി.എ. വല്‍സനാണ് കേരളത്തില്‍ ഏജന്‍സിയുടെ ചുമതലയുള്ളത്. തോക്ക് കൈവശം വയ്ക്കാന്‍ അധികാരമുള്ള ഈ ഏജന്‍സിയില്‍ 1000ത്തോളം വിമുക്ത ഭടന്മാര്‍ ജോലി ചെയ്യുന്നുണ്ട്. നാവിക സേനയിലെ റിട്ടയേര്‍ഡ് ഉദ്യോഗസ്ഥനായ കാസര്‍കോട് സ്വദേശി അനില്‍ നായരാണ് സുരക്ഷാ ഏജന്‍സിയുടെ ഉടമ.