FLASH NEWS
Breaking News
വനംവകുപ്പിനെതിരെ മധുവിന്‍റെ സഹോദരി
kerala

സോളാര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്ന് കെപിസിസി

Saturday, Oct 21, 2017,14:35 IST By സ്വന്തം ലേഖകൻ A A A

തിരുവനന്തപുരം: സോളാര്‍ ജുഡിഷ്യല്‍ അന്വേഷണ കമ്മിഷന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച വിവാദം നിയമപരമായും രാഷ്ട്രീയമായും നേരിടാന്‍ കെപിസിസി തീരുമാനം. സോളാര്‍ റിപ്പോര്‍ട്ടിന് സംബന്ധിച്ച് നിയമവിദഗ്ധരുമായി ആലോചിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് കെപിസിസി പ്രസിഡന്റ് എം.എം. ഹസന്‍ പറഞ്ഞു. കമ്മിഷന്‍ റിപ്പോര്‍ട്ടിന്റേതെന്ന പേരില്‍ യുഡിഎഫ് നേതാക്കള്‍ക്കെതിരെ കേസെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം രാഷ്ട്രീയ പ്രതികാര നടപടിയാണെന്നും ഹസന്‍ ആരോപിച്ചു. സര്‍ക്കാരിന്റെ മുഖം രക്ഷിക്കാനാണ് സോളര്‍ കമ്മിഷന്‍ റിപ്പോര്‍ട്ട് നിയമസഭയില്‍ വയ്ക്കാന്‍ തീരുമാനിച്ചതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ജാഥയില്‍ സര്‍ക്കാരിന്റെ ഈ പ്രതികാര നടപടി തുറന്നുകാട്ടുമെന്നും കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതി യോഗത്തിനു ശേഷം വാര്‍ത്താ സമ്മേളനത്തില്‍ എം.എം. ഹസന്‍ പറഞ്ഞു.

നേരത്തെ, കെപിസിസി രാഷ്ട്രീയകാര്യസമിതി ചേരാനിരിക്കെ സോളര്‍ വിവാദത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ തമ്മില്‍ ധാരണയായിരുന്നു. ആരോപണവിധേയരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നായിരുന്നു തീരുമാനം.
അതെസമയം, സോളര്‍ വിവാദത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ഓഫിസിനു വീഴ്ച പറ്റിയെന്ന് വി.എം. സുധീരന്‍ ആരോപിച്ചു. എന്നാല്‍ ഉമ്മന്‍ ചാണ്ടിക്കെതിരായ ലൈംഗികാരോപണം വിശ്വസിക്കുന്നില്ലെന്നും സുധീരന്‍ പറഞ്ഞു.