FLASH NEWS
Breaking News
നടിയെ ആക്രമിച്ച കേസിൽ കുറ്റപത്രം സമർപ്പിച്ചു
Nri

അഴിമതി: സൗദി മന്ത്രിസഭയിൽ വന്‍ അഴിച്ചുപണി, 11 രാജകുമാരന്മാർ അറസ്റ്റില്‍

Sunday, Nov 5, 2017,14:49 IST By മെട്രൊ വാർത്ത A A A

റിയാദ്: ഭരണതലത്തിൽ അഴിമതിവേട്ട ശക്തമാക്കുന്നതിന്‍റെ ഭാഗമായി സൗദി മന്ത്രിസഭയിൽ വൻ അഴിച്ചുപണി നടന്നതായി റിപ്പോർട്ട്. കൂടാതെ മന്ത്രിസഭയിൽ വിവിധ പദവികൾ വഹിക്കുന്ന നാല് പേരും മുൻ മന്ത്രിമാരായ ഏഴ് പേരും അടക്കം പതിനൊന്ന് രാജകുമാരന്മാർ നടപടിയുടെ ഭാഗമായി അറസ്റ്റിലായെന്നും സൂചനയുണ്ട്. സൗദി അറേബ്യയുടെ ഉടമസ്ഥതയിലുള്ള അൽ അറേബ്യ ടെലിവിഷൻ ചാനലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

രാജകുമാരൻ പുതുതായി രൂപീകരിച്ച അഴിമതി വിരുദ്ധ കമ്മീഷന്‍റെ അധ്യക്ഷനായി അടുത്ത കിരീടാവകാശി മൊഹമ്മദ് ബിൻ സൽമാൻ ചുമതലയേറ്റതിന് പിറകേയാണ് രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർക്ക് എതിരെ കർശന നടപടികൾ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കാലങ്ങളിൽ നടന്ന വിവിധ അഴിമതികളിൽ കമ്മീഷൻ നടത്തിയ അന്വേഷണത്തിന് തുടർച്ചയാണ് രാജകുമാരന്മാരുടെ അറസ്റ്റെന്നാണ് സൗദി പ്രസ്സ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നത്.

നടപടി നേരിടുന്നവർ രാജ്യം വിട്ടു പോകാതിരിക്കാനുള്ള മുൻ കരുതൽ നടപടിയെന്ന നിലയിൽ, ജിദ്ദ വിമാനത്താവളത്തിലെ സ്വകാര്യ വിമാനങ്ങൾ എല്ലാം സുരക്ഷാസേനയുടെ നിയന്ത്രണത്തിൻ കീഴിലാക്കിയെന്നും സൂചനയുണ്ട്. കഴിഞ്ഞ സെപ്തംബറിലും അധികാരകേന്ദ്രത്തിൽ നിർണായക സ്വാധീനമുള്ള 32ഓളം പേരെ സുരക്ഷാസേന അറസ്റ്റ് ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ രാജകുടുംബാംഗങ്ങൾ ഉൾപ്പെടെയുള്ളവർ അറസ്റ്റിലായിരിക്കുന്നത്.