FLASH NEWS
Breaking News
സ്വകാര്യ ബസ് സമരം പിൻവലിച്ചു
Business

നികുതിവെട്ടിച്ച് വിദേശത്തേക്ക് ശതകോടികള്‍ കടത്തിയ ഇന്ത്യക്കാരുടെ പട്ടിക പുറത്ത്, രാഷ്ട്രീയ നേതാക്കൾക്കും കുരുക്ക്

Monday, Nov 6, 2017,13:01 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: രാജ്യത്ത് നിന്നും നികുതി വെട്ടിച്ച് കടത്തിയ ശതകോടികൾ വിദേശത്ത് നിക്ഷേപിച്ച ഇന്ത്യന്‍ വ്യവസായികളുടേയും വ്യക്തികളുടെയും വിവരങ്ങള്‍ പുറത്തുവന്നു. ജര്‍മന്‍ പത്രമായ സെഡ്യൂസെ സിറ്റിങ്ങും അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ രാജ്യാന്തര സംഘടനയും (ഐസിഐജെ) 96 കമ്പനികളുമായി ചേര്‍ന്നു നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തായത്. ‘പാരഡൈസ് പേപ്പര്‍’ എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ചിരിക്കുന്ന വിവാദ രേഖയില്‍ ബിജെപി, കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളും ലാവ്‌ലിന്‍ തുടങ്ങിയ കമ്പനികളും ഉള്‍പ്പെട്ടിട്ടുണ്ട്.

ബര്‍മുഡ നിയമ സ്ഥാപനമായ ആപ്പിള്‍ബൈയില്‍ നിന്നുള്ള വിവരങ്ങളാണ് കൂടുതലും അന്വേഷണ വിധേയമാക്കിയത്. 119 വര്‍ഷത്തെ പാരമ്പര്യമുള്ള കമ്പനി രാജ്യാന്തര തലത്തില്‍ അഭിഭാഷകര്‍, അക്കൗണ്ടന്‍റുമാര്‍, ബാങ്കുകള്‍ തുടങ്ങിയവയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുകയാണ്. നികുതി വെട്ടിപ്പ്, റിയല്‍ എസ്റ്റേറ്റ്, എസ്‌ക്രോ അക്കൗണ്ടുകള്‍, വിമാനങ്ങള്‍ വാങ്ങുക, കുറഞ്ഞ നികുതി അടയ്ക്കാന്‍ സഹായിക്കുക എന്നിവയാണ് കമ്പനിയുടെ ലക്ഷ്യം.

ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ആകെ ഞെട്ടിക്കുന്ന 13.4 ദശലക്ഷം രേഖകള്‍ പുറത്തുവന്നത്. നിയമസ്ഥാപനമായ ആപ്പിള്‍ബൈയിലെ ഉപഭോക്താക്കളില്‍ കൂടുതലും ഇന്ത്യക്കാരായ കള്ളപ്പണക്കാരാണ്. 180 രാജ്യങ്ങളുടെ വിവരങ്ങള്‍ പ്രസിദ്ധപ്പെടുത്തിയതില്‍, 19ാം സ്ഥാനത്താണ് ഇന്ത്യയെന്ന് ദേശീയ മാധ്യമമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു. 714 ഇന്ത്യക്കാരാണ് പട്ടികയില്‍ ഇടംപിടിച്ചിട്ടുള്ളത്.

ആദ്യപട്ടികയിൽ പേര് ഉൾപ്പെട്ടിട്ടുള്ളവർ:

വ്യോമയാന വകുപ്പ് സഹമന്ത്രി ജയന്ത് സിന്‍ഹ, ബിജെപി എംപി ആര്‍.കെ. സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിവരാണു പട്ടികയില്‍ ഇടംനേടിയ പ്രമുഖര്‍. പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫിന്റെ സ്ഥാനചലനത്തിനുവരെ കാരണമായ പാനമ പേപ്പര്‍ വിവാദത്തിനു പിന്നാലെയാണ് ഗുരുതരമായ ആരോപണം പുറത്തുവന്നിരിക്കുന്നത്.

സണ്‍ ടിവി- എയര്‍സെല്‍- മാക്‌സിസ് കേസിലുള്‍പ്പെട്ട കമ്പനി, ടുജി അഴിമതിയിലുള്‍പ്പെട്ട എസ്സാര്‍ ലൂപ്പ്, വിവാദമായ എസ്എന്‍സി ലാവ്‌ലിന്‍, രാജസ്ഥാന്‍ അഴിമതിക്കേസിൽ ഉള്‍പ്പെട്ട സിക്വിസ്റ്റ ഹെല്‍ത്ത് കെയര്‍ (സച്ചിന്‍ പൈലറ്റ്, കാര്‍ത്തി ചിദംബരം എന്നിവരായിരുന്നു ഇതിന്‍റെ ഡയറക്ടര്‍മാര്‍) എന്നിവയും വൈഎസ്ആര്‍ കോണ്‍ഗ്രസ് നേതാവ് വൈ.എസ്. ജഗമോഹന്‍ റെഡ്ഡി തുടങ്ങിയവരുടെ പേരും പുറത്തുവിട്ട രേഖകളിലുള്‍പ്പെടുന്നു.

അപ്പോളോ ടയേഴ്‌സ്, ജിന്‍ഡാല്‍ സ്റ്റീല്‍സ്, ഹാവെല്‍സ്, ഹിന്ദുജ, എമാര്‍ എംജിഎഫ്, വിഡിയോകോണ്‍, ഡിഎസ് കണ്‍സ്ട്രക്ഷന്‍, ഹിരാനന്ദനി ഗ്രൂപ്പ്, 9000 കോടി വായ്പയെടുത്ത്  മുങ്ങിയ വിജയ് മല്യയുടെ യുണൈറ്റഡ് സ്പിരിറ്റ്‌സ്, ജിഎംആര്‍ ഗ്രൂപ്പ് തുടങ്ങിയ പ്രമുഖ കോര്‍പ്പറേറ്റുകളുടെ പേരും പുറത്തുവന്ന രേഖകളില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.