FLASH NEWS
Breaking News
അണ്ണാഡിഎംകെയുടെ രണ്ടില ചിഹ്‌നം പളനിസ്വാമിക്ക്
Breaking News

ദേവസ്വം ഓർഡിനൻസ് മടക്കിയില്ല, ഗവർണർ ഒപ്പുവച്ചു

Tuesday, Nov 14, 2017,12:05 IST By അരവിന്ദ് A A A

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം ബോർഡ് ഓർഡിനൻസിൽ ഗവർണർ ഒപ്പിട്ടു. ഇതോടെ രണ്ട് വർ‌ഷം കാലാവധി പൂർത്തിയാക്കിയ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ, അംഗം അജയ് തറയിൽ എന്നിവരുടെ സേവനം അവസാനിച്ചു. പുതിയ നിയമനം നടന്നിട്ടില്ല. നാളെ ശബരിമല മണ്ഡലകാല തീർത്ഥാടനം ആരംഭിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ പുതിയ കമ്മിഷണർക്കായിരിക്കും ദേവസ്വം ബോർഡിന്‍റെ ചുമതല. 
ഇന്നലെ ദേവസ്വം ഓർഡിനൻസ് മടക്കിയെന്ന വാർത്തകളുണ്ടായിരുന്നു. എന്നാൽ ദേവസ്വം വകുപ്പു മന്ത്രിയുടെ ഓഫിസ് ഇതു നിഷേധിച്ചു. ഓർഡിനൻസിനെ കുറിച്ചു ചില കേന്ദ്രങ്ങൾ സംശയങ്ങൾ ഉന്നയിച്ച സാഹചര്യത്തിൽ, ഗവർണർ വ്യക്തത തേടുകയായിരുന്നു.

സർക്കാർ കൃത്യമായ മറുപടി നൽകിയതോടെ ഓർഡിനൻസിൽ ഗവർണർ ജസ്റ്റിസ് പി.സദാശിവം ഒപ്പു വച്ചു. ശബരിമല സീസൺ കാലത്തെ സംബന്ധിച്ച് ആശങ്ക വേണ്ടെന്നും ഒരുക്കങ്ങളെല്ലാം നേരത്തെ തന്നെ പൂർത്തിയായിട്ടുണ്ടെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഗവർണറെ അറിയിച്ചു. സർക്കാരിന്‍റെ നിലപാടും വിശദീകരണവും ഗവർണർ അംഗീകരിച്ചതിന്‍റെ അടിസ്ഥാനത്തിലാണു നടപടി സ്വീകരിച്ചത്. ഇന്നലെ പരാതികളെ സംബന്ധിച്ച് ഗവർണർ അന്വേഷിച്ചിതിനെ തുടർ‌ന്നായിരുന്നു ഓർഡിനൻസ് മടക്കിയെന്ന വാർത്തകൾ പ്രചരിച്ചത്. ഇതു സർക്കാർ നിഷേധിച്ചിരുന്നുമില്ല.

ഇന്നലെ രാത്രി തന്നെ സംശയങ്ങൾ ദുരീകരിച്ചതിനെ തുടർന്ന് ഇന്നു രാവിലെ തന്നെ ഗവർണർ ഓർഡിനൻസിൽ ഒപ്പിടുകയായിരുന്നു. അഴിമതി ആരോപിച്ചാണു സർക്കാർ ദേവസ്വം ബോർഡിന്‍റെ കാലാവധി വെട്ടി ചുരുക്കുന്നത്. പുതിയ ദേവസ്വം ബോർഡ് പ്രസിഡന്‍റിനെയും അംഗത്തെയും ഉടൻ തന്നെ നിയമിക്കും. സിപിഎം അംഗമായിരിക്കും ബോർഡ് പ്രസിഡന്‍റ്. ഇതു സംബന്ധിച്ച് ധാരണയായതായി സൂചനയുണ്ട്. അംഗവും സിപിഎമ്മിൽ നിന്നു തന്നെയായിരിക്കുമെന്നാണു സൂചന.