FLASH NEWS
Breaking News
ജിഷ വധക്കേസിൽ അമിറുൾ ഇസ്‌ലാം കുറ്റക്കാരൻ, ശിക്ഷ നാളെ വിധിക്കും
Business

ജിയോയെ വെല്ലുവിളിച്ച് സ്റ്റാർട്ട് അപ്പ് കമ്പനി, വെറും രണ്ട് രൂപയ്ക്ക് ഡാറ്റാ നൽകുന്നു

Monday, Nov 20, 2017,20:04 IST By മെട്രൊ വാർത്ത A A A

ബെംഗളൂരു: സൗജന്യ ഓഫറുകൾ കൊണ്ട് രാജ്യത്തെ ടെലികോം മേഖലയെ ഒന്നാകെ ഇളക്കിമറിച്ച റിലയൻസ് ജിയോയ്ക്ക് വെല്ലുവിളിയുമായി ബെംഗളൂരുവിൽ നിന്നുള്ള സ്റ്റാർട്ട് അപ്പ് കമ്പനി രംഗത്ത്. 13 മാസം മുമ്പ് മാത്രം സേവനം ആരംഭിച്ച വൈഫൈ ഡബ്ബ എന്ന നവാഗത സംരംഭമാണ് വെറും രണ്ട് രൂപയ്ക്ക് ഇന്‍റർനെറ്റ് നൽകാമെന്ന ഓഫറുമായി രംഗത്തെത്തിയത്.

100 എംബി 2 രൂപ, 500 എംബി 10 രൂപ, 1 ജിബി 20രൂപ എന്നിങ്ങനെയുള്ള പാക്കേജുകൾക്ക് 24 മണിക്കൂറിന്‍റെ വാലിഡിറ്റിയോടെയാണ് വൈഫൈ ഡബ്ബ സേവനം വാഗ്ദാനം ചെയ്യുന്നത്. നിലവിൽ 52 രൂപയ്ക്കാണ് റിലയൻസ് ജിയോ 1.05 ജിബി ഡാറ്റ തങ്ങളുടെ ഉപയോക്താക്കൾക്ക് നൽകിവരുന്നത്.

പ്രീ പെയ്ഡ് വിഭാഗത്തിൽ മാത്രം സേവനമുള്ള വൈഫൈ ഡബ്ബ ഇപ്പോൾ ബെംഗളൂരുവിൽ മാത്രമാണ് പ്രവർത്തിച്ച് വരുന്നത്. എല്ലാ ഉപഭോക്താക്കൾക്കും വിശ്വസനീയമായ ഡാറ്റാ കണക്ഷനുകൾ ഉയർന്ന ശ്രേണിയിലുള്ള ഫൈബർ ഒപ്റ്റിക് ഉപയോഗിച്ചുകൊണ്ട് ലഭ്യമാക്കുകയാണ് വൈഫൈ ഡബ്ബയുടെ ലക്ഷ്യമെന്ന് സഹസ്ഥാപകൻ ശുപേന്ദു ശർമ വ്യക്തമാക്കി.

പ്രീ പെയ്ഡഡ് രൂപത്തിൽ വാങ്ങുന്ന ടോക്കണുകൾ, മൊബൈൽ നമ്പർ നൽകി ഒടിപി വേരിഫിക്കേഷൻ നടത്തുന്ന മാത്രയിൽ നെറ്റ് കണക്ഷൻ ആക്‌ടിവേറ്റ് ചെയ്യാൻ സാധിക്കും. ഇതിനായി മൊബൈൽ ആപ്പ് ഡൗൺലോഡ് ചെയ്യേണ്ടതില്ലെന്നും കമ്പനി വ്യക്തമാക്കുന്നുണ്ട്. ഹോട്ടലുകളിൽ വൈഫൈ ഉപയോഗിക്കുന്നതിനോട് സമാനമായ രീതിയിലാണ് ഈ സംരംഭം  പ്രവർത്തിക്കുന്നത്.

അതായത് വൻകിട ടെലികോം കമ്പനികൾ ചെയ്യുന്നതു പോലെ കോടികൾ മുടക്കി വലിയ ടവറുകൾ സ്ഥാപിക്കുന്നതിന് പകരം നഗരത്തിന്‍റെ എല്ലാ കോണുകളിലും ആയിരക്കണക്കിന് ചെറിയ വൈഫൈ ഡബ്ബകൾ സ്ഥാപിക്കുന്നതാണ് പദ്ധതി. ഇത്തരത്തിലുള്ള 20 ഡബ്ബകൾ ചേർന്നാൽ ഒരു വലിയ ടവറിന് തുല്യമായ സേവനം നൽകാൻ സാധിക്കും. ഒരു ഡബ്ബയ്ക്ക് 4000 രൂപ മാത്രമാണ് ചെലവ് വരുന്നത്.