FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
India

ഇന്‍റര്‍നെറ്റ് സമത്വത്തെ പിന്തുണച്ച് ട്രായ്, ഉള്ളടക്കത്തിലെ വിവേചനം തടയിടാൻ മാര്‍ഗ നിര്‍ദേശം

Tuesday, Nov 28, 2017,16:41 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: ഉള്ളടക്കത്തിലെ തുല്യത പാലിക്കുന്ന ഇന്‍റര്‍നെറ്റ് എല്ലാവര്‍ക്കും ലഭ്യമാക്കുകയെന്ന ആശയമായ ഇന്‍റര്‍നെറ്റ് സമത്വത്തെ (നെറ്റ് ന്യൂട്രാലിറ്റി) അംഗീകരിച്ച് ടെലികോം നിയന്ത്രണ അതോറിറ്റി (ട്രായ്) രംഗത്തെത്തി. ഇന്‍റർനെറ്റിന്‍റെ ഉള്ളടക്കത്തിൽ ടെലികോം സേവനദാതാക്കള്‍ വിവേചനമോ നിയന്ത്രണമോ വരുത്തരുതെന്നും ട്രായ് നിർദേശം നൽകി.

ഇന്‍റര്‍നെറ്റ് ഉള്ളടക്കത്തില്‍ ആപ്ലിക്കേഷന്‍, സര്‍വീസ്, മറ്റുവിവരങ്ങള്‍ എന്നിവ ഉള്‍പ്പെടും. ഇന്‍റര്‍നെറ്റ് സമത്വത്തെ സംബന്ധിച്ച് ജനുവരിയില്‍ നടത്തിയ പഠനത്തിന്‍റെ തുടർച്ചയായാണ് ഇപ്പോള്‍ മാര്‍ഗ നിര്‍ദേശങ്ങൾ പുറത്തിറക്കിയത്. ഇതോടെ നിരക്ക് ഇളവിന്‍റെ മറവില്‍ സൈബര്‍ ലോകത്ത് ആധിപത്യം ഉറപ്പിക്കാനുള്ള ഫെയ്സ്ബുക് ഉള്‍പ്പെടെയുള്ള ടെക് ഭീമന്മാരുടെ ചരടുവലികൾക്ക് കടിഞ്ഞാൺ വീഴും.

വാട്ട്സ് ആപ്പ്, സ്‌കൈപ്പ് തുടങ്ങിയ സേവനങ്ങള്‍ക്ക് ഇന്‍റര്‍നെറ്റ് ഡേറ്റാ പ്ലാനിന് പുറമേ അധിക പണം ഈടാക്കുമെന്ന ടെലികോം സേവന ദാതാക്കളുടെ പ്രഖ്യാപനത്തോടെയാണ് ഇന്ത്യയില്‍ നെറ്റ് ന്യൂട്രാലിറ്റിയെ സംബന്ധിച്ച ചര്‍ച്ചകള്‍ ശക്തമായത്. അതോടൊപ്പം ഗ്രാമങ്ങളില്‍ ഉള്‍പ്പെടെ ഇന്‍റര്‍നെറ്റ് സേവനം എല്ലാവര്‍ക്കും എത്തിക്കാനെന്ന പേരില്‍ റിലയൻസുമായി സഹകരിച്ച് ഇന്ത്യയില്‍ ആധിപത്യം ഉറപ്പിക്കാനുള്ള ഫെയ്സ്ബുക് സ്ഥാപകന്‍ മാര്‍ക് സക്കര്‍ബര്‍ഗിന്‍റെ ഫ്രീ ബേസിക് എന്ന പദ്ധതിയും രാജ്യത്ത് ഇന്‍റർനെറ്റ് സമത്വത്തിന് വേണ്ടിയുള്ള വാദങ്ങൾക്ക് ബലമേകി.

വമ്പന്‍ വെബ്‌സൈറ്റുകള്‍ സൗജന്യമായി ലഭ്യമാക്കുമ്പോള്‍ അതിന് സാധിക്കാത്ത സമാനമായ സേവനം നല്‍കുന്ന ചെറുകിട, സ്റ്റാര്‍ട്ടപ്പ് കമ്പനികള്‍ പിന്തള്ളപ്പെട്ടു പോകുമെന്നും ഇത് സൈബര്‍ ലോകത്ത് അസമത്വത്തിന് വഴിവെക്കുമെന്നുമായിരുന്നു ഫ്രീ ബേസിക് പദ്ധതിക്കെതിരെ ഉയര്‍ന്ന വിമര്‍ശനം. ഇതേതുടര്‍ന്ന് പാര്‍ലമെന്‍റില്‍ ഉള്‍പ്പെടെ വിഷയം ചര്‍ച്ചയായതോടെ ഇക്കാര്യത്തില്‍ ട്രായ് പൊതുജനങ്ങളില്‍നിന്ന് അഭിപ്രായം ആരാഞ്ഞു.

അതേസമയം, പ്രകൃതിക്ഷോഭം പോലുള്ള അടിയന്തര സാഹചര്യങ്ങളില്‍ നിരക്കില്‍ ഇളവ് നല്‍കാന്‍ സേവന ദാതാക്കള്‍ക്ക് അനുമതിയുണ്ട്. അങ്ങനെ ഇളവ് നല്‍കുമ്പോള്‍ ഏഴ് ദിവസത്തിനകം ട്രായിയെ അറിയിച്ച് അംഗീകാരം നേടണമെന്നും മാര്‍ഗരേഖയിൽ വ്യക്തമാക്കുന്നു.