FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Featured

വൈക്കത്തഷ്ടമി: ഓര്‍മ്മകളിലെ ഉത്സവക്കാഴ്ചകള്‍

Saturday, Dec 9, 2017,11:34 IST By ഉമാ വിശ്വനാഥന്‍ A A A

ആരവങ്ങളും ആഘോഷങ്ങളുമായി വീണ്ടും ഒരു അഷ്ടമിക്കാലംകൂടി. വൃശ്ചിക മാസത്തിലാണ് അഷ്ടമി. എന്നാല്‍ തുലാമഴയോടൊപ്പം അഷ്ടമിക്കുമുമ്പുള്ള ചടങ്ങുകള്‍ തുടങ്ങും. കൊടിയേറ്റു കഴിഞ്ഞാല്‍ പിന്നീടുള്ള പന്ത്രണ്ട് ദിനരാത്രങ്ങള്‍ വൈക്കംകാര്‍ക്ക് സംഗീതസാന്ദ്രമായ ഉത്സവത്തിന്റെ വര്‍ണക്കാഴ്ചകളുടേതാണ്. പതിമൂന്നാം ദിനമാണ് ആറാട്ട്. ഇത്തവണത്തെ അഷ്ടമി ഡിസംബര്‍ 10നാണ്.

കുട്ടിക്കാലം അച്ഛന്‍റെ കൈപിടിച്ച് അമ്പലപ്പറമ്പിലേക്ക് കൂട്ടികൊണ്ടു പോകുന്നു. അമ്മ ഒറ്റയ്ക്കാണ് പോകുക. ചേട്ടന്‍ കൂട്ടുകാരോടൊപ്പവും. മുളംകമ്പില്‍ കുറുകെ കെട്ടിയ ദീര്‍ഘചതുരാകൃതിയിലുള്ള ഈറപ്പൊളി ഫ്രെയിമില്‍ പലതരം ബലൂണുകളും കളിപ്പാട്ടങ്ങളുമായെത്തുന്ന ബലൂണ്‍കാരനെ കാണുമ്പോള്‍ മകളുടെ നടത്തത്തിന്‍റെ വേഗത കുറയുന്നത് അച്ഛനാണ് ആദ്യം അറിയുക. കൈപ്പമ്പുകൊണ്ടു കാറ്റുനിറച്ചു, ഈറപ്പൊളി തുമ്പില്‍ വെള്ളനൂലുകൊണ്ടു കെട്ടിയ, ഉള്ളില്‍ കടുകുമണികള്‍ കിലുങ്ങുന്ന വട്ടബലൂണ്‍…! ഈറച്ചുറ്റുകള്‍ ഒന്നിലൊന്ന് അടിച്ചു കേറ്റി ഒരറ്റത്തു കെട്ടിയ ബലൂണില്‍ വാകൊണ്ടു കാറ്റൂതികേറ്റിയിട്ടു വായില്‍ നിന്നെടുക്കുമ്പോള്‍ ‘അമ്മാവാ …’ എന്ന് നീട്ടിവിളിക്കുന്ന പീപ്പി ബലൂണ്‍… പിന്നെ ആപ്പിള്‍ ബലൂണ്‍…! അച്ഛന്‍ വാങ്ങിത്തന്ന ബലൂണുകളാണ് ഉത്സവഓര്‍മകള്‍ക്കു നിറം പകരുന്ന കാഴ്ചകള്‍.

ബലൂണുകള്‍ കിട്ടിയാല്‍ അമ്പലമുറ്റത്തേക്ക് ഒറ്റ ഓട്ടമാണ്. കാത്തിരിക്കുന്ന കളിക്കൂട്ടുകാരായ സതീഷിന്‍റെയും കേശവദാസിന്‍റെയും അടുത്തേക്ക്. മൂന്നാളും കളിക്കുമ്പോള്‍ ‘പാഠകം’ പറയുന്ന തൃക്കാരിയൂര്‍ രാഘവന്‍ നമ്പ്യാര്‍ ശകാരിക്കും, ‘കുരങ്ങന്മാര്‍…’ അപ്പോള്‍ ഇതൊന്നും ഞങ്ങളെയല്ലെന്ന മട്ടില്‍ ഓടിമറയും. സതീഷ് ഇന്ന് കുവൈറ്റില്‍ എന്‍ജിനീയറാണ്. കേശവദാസ് ഡല്‍ഹിയില്‍ റെയില്‍വേ ഉദ്യോഗസ്ഥനും. ഞാന്‍ വിശ്വനാഥന്‍റെ ഭാര്യയായി കാര്‍ത്തികിന്‍റെയും വിജയുടെയും അമ്മയായി മുംബൈയിലും.

കലാപരിപാടികള്‍ കണ്ടിരിക്കുന്ന ആള്‍ക്കാര്‍ക്കിടയിലൂടെ ബുക്ക്പേപ്പര്‍ കൊണ്ട് കോണാകൃതിയിലുള്ള പൊതിയുമായി നടന്ന് തൊണ്ടുകളയാതെ വറുത്ത നിലക്കടലക്ക വില്‍ക്കുന്ന കടലക്കാരന്‍. പിന്നീടെന്നോ തമിഴ്‌നാട്ടില്‍നിന്നും നാലുചക്രവും മൂടിയുമുള്ള കടലവണ്ടികള്‍ പൊരിച്ചും പൊളിച്ചും എരിപുരട്ടിയും പലനിറത്തിലും രുചിയിലുമുള്ള കടലക്കൂനകളുമായി എല്ലാ ഉത്സവപറമ്പുകളിലെന്നതു പോലെ വൈക്കത്തമ്പലത്തിലും എത്തി.

വടക്കേനടയിലെ പെണ്‍പള്ളിക്കൂടത്തിലെ നാലാം ക്ലാസ്സുകാരിക്ക് അന്ന് അഷ്ടമിക്കാഴ്ച്ചകള്‍ കഴയും മെടഞ്ഞ ഓലയുംകൊണ്ട് അമ്പലചുറ്റുവഴികളില്‍ ഉയരുന്ന താത്കാലിക പന്തലും പല നിറത്തിലും അളവിലുമുള്ള കുപ്പിവളകളുമായി എത്തിച്ചേരുന്ന കളിപ്പാട്ട കച്ചവടക്കാരുമാണ്. കാലം മാറി. മാറാത്തത് ആണ്ടോടാണ്ട് വാങ്ങി കൂട്ടിവെച്ച, മാറിമാറിയണിഞ്ഞ, കുപ്പിവളയുടെ കിലുക്കങ്ങള്‍. താല്‍ക്കാലിക പന്തലിനുപകരം ഇന്ന് സ്ഥിരം പന്തലാണ്.

മുതിര്‍ന്നപ്പോള്‍ ഉത്സവം കാണാന്‍ പോവുക പട്ടുപാവാടയുമിട്ടു അമ്മയുടെകൂടെ. അക്കാലത്ത് കൂടെക്കൂടിയതാണ് സംഗീതത്തിലെ കമ്പം. ആറാട്ടിനുമുമ്പുള്ള 12 ദിവസവും കച്ചേരികള്‍ ഉണ്ടാകും. അറുപതു കച്ചേരികള്‍വരെ ഓരോ ആണ്ടിലും കേട്ട ഓര്‍മ്മകള്‍. നെയ്യാറ്റിന്‍കര വാസുദേവന്‍, കുന്നക്കുടി വൈദ്യനാഥന്‍, യേശുദാസ്, തൃശൂര്‍ രാമചന്ദ്രന്‍, തങ്കം വാസുദേവന്‍ നായര്‍ അടക്കമുള്ള പ്രശസ്തരുടെ കച്ചേരികള്‍ കേട്ടത് ഈ ആഘോഷങ്ങളിലായിരുന്നു. ”മഹാദേവ ശിവശംഭോ …’ എന്ന കീര്‍ത്തനം മിക്കവരും ആലപിക്കാറുള്ളത് ഇന്നും മനസില്‍ മുഴങ്ങുന്നു.

കലാപരിപാടികള്‍ ആറാട്ടിന് മുമ്പുള്ള പന്തണ്ട് ദിവസവും ഉണ്ടാകും . കച്ചേരികള്‍ക്കു പുറമെ പാഠകം, കഥാപ്രസംഗം, ഇങ്ങനെ… കാലം മാറിയതോടെ കച്ചേരികളുടെ എണ്ണം കുറയുകയും ഭരതനാട്യം, കുച്ചിപ്പുടി തുടങ്ങി നൃത്ത ഇനങ്ങള്‍ കടന്നു വരികയും ചെയ്തു. പി.കെ. ബാലകൃഷ്ണന്‍റെ ഇനി ഞാന്‍ ഉറങ്ങട്ടെ എന്ന നോവലിലെ കര്‍ണന്‍ ഇന്നും മനസില്‍ മുഴങ്ങുന്നതു കഥാപ്രസംഗ വേദിയില്‍ കേട്ട ചേര്‍ത്തല ബാലചന്ദ്രന്‍റെ ശബ്ദത്തിലാണ്. മാറാത്തത് രണ്ടു ദിവസത്തെ കഥകളിയും ചേട്ടന്‍റെയും കൂട്ടുകാരുടെയും പങ്കെടുക്കലും.

സന്ധ്യാവേല, തൃക്കാര്‍ത്തിക വിളക്ക്, കൊടിയേറ്റ്, കൂടിപ്പൂജ, ഋഷഭവാഹനം, അഷ്ടമിദിവസത്തെ ദേവസംഗമം, ആറാട്ട്, തീവെട്ടിയുടെ വെളിച്ചം, പഞ്ചവാദ്യം, സ്വര്‍ണ്ണക്കുട, ആനച്ചൂര്, മുക്കുടി നിവേദ്യം, സമൂഹമഠത്തിലെ മുടക്കമില്ലാത്ത സദ്യ, തമിഴ് ബ്രാഹ്മണ വീടുകളില്‍ ഓട്ടുചിരാതുകളില്‍ തെളിയുന്ന കാര്‍ത്തിക വിളക്കുകള്‍ ….! ഇവയൊക്കെ കാഴ്ചകളും ശബ്ദങ്ങളും മണങ്ങളും രുചികളുമായി ഓര്‍മ്മകളെ അമ്പലനടയില്‍ എത്തിക്കുന്നു. അവിടെ ഐതിഹ്യപ്പെരുമ പാടുന്ന തുറക്കാത്ത പടിഞ്ഞാറേ നട, ഞള്ളലില്‍ നമ്പൂതിരിയുടെ മുറുക്കിത്തുപ്പ്, കുഴിച്ചു മൂടപ്പെട്ട നിവേദ്യങ്ങള്‍…! 101 പറ അരിവെച്ച് സാമ്പാറും അവിയലും പായസവുമായി ഊട്ടുപുരയിലൊരുക്കുന്ന വിഭവസമൃദ്ധമായ അന്നമൂട്ടാണ് അഷ്ടമിദിന പ്രസാദം. വൈക്കത്തപ്പന്‍ അന്നദാനപ്രഭുവാണ്.

വിവാഹശേഷം വിശ്വനാഥനും മക്കള്‍ക്കുമൊപ്പം അഷ്ടമിയില്‍ പങ്കെടുത്ത് ഒന്നോ രണ്ടോ തവണ. വിശ്വനാഥന് അഷ്ടമി, രണ്ടു ദിവസത്തെ മേജര്‍ സെറ്റ് കഥകളി കാണാനുള്ള അവസരമാണ്. ആറാട്ട് കഴിഞ്ഞ് ആരവങ്ങളടങ്ങുമ്പോള്‍ അമ്പലപ്പറമ്പിന്‍റെ ആളൊഴിഞ്ഞ ചുറ്റുവഴികളില്‍ ചിന്തിക്കടകള്‍ നിന്നിടങ്ങളിലെ മണ്ണില്‍ ചിത്രങ്ങള്‍ തീര്‍ത്തു ചിതറിക്കിടക്കുന്ന വളപ്പൊട്ടുകള്‍. അവ പെറുക്കിക്കൂട്ടി വീട്ടിലെ എന്നും തേച്ചുമിനുക്കുന്ന ഓട്ടുവിളക്കിലുരുക്കി മാലകെട്ടിയ പഴയ പാട്ടുപാവാടക്കാരിക്ക് ഉത്സവകാല ഓര്‍മകള്‍ എന്നും രുചിയും മണവും ഈണവും ഇഴപിരിച്ച സുഖമുള്ള നൊമ്പരക്കാഴ്ചകളാണ്.

(ലേഖിക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ അസിസ്റ്റന്‍റ് ജനറല്‍ മാനേജര്‍ (മുംബൈ) പി.വി. വിശ്വനാഥന്‍റെ ഭാര്യയും വൈക്കം കിഴക്കേനട ശ്രീ വിനായക പരേതനായ എന്‍. ശങ്കര അയ്യരുടെ (തീയറ്റര്‍ സ്വാമി) മകളുമാണ്)