FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Sports

ഇന്ത്യയ്ക്ക് ദയനീയ തോല്‍വി, ആദ്യ ഏകദിനത്തില്‍ ലങ്കയുടെ വിജയം ഏഴ് വിക്കറ്റിന്

Sunday, Dec 10, 2017,17:46 IST By മെട്രൊ വാർത്ത A A A

ധര്‍മ്മശാല: ശ്രീലങ്കയ്‌ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ദയനീയ തോല്‍വി. ഇന്ത്യ ഉയർത്തിയ 113 റണ്‍സെന്ന ചെറിയ വിജയലക്ഷ്യം ശ്രീലങ്ക മൂന്ന് വിക്കറ്റ് നഷ്ടത്തിൽ മറികടന്നു. 49 റണ്‍സെടുത്ത ഉപുല്‍ തരംഗയുടെ ബാറ്റിങ്ങാണ് ലങ്കയുടെ വിജയം അനായാസമാക്കിയത്.

ചെറിയ സ്‌കോര്‍ പ്രതിരോധിക്കാനിറങ്ങിയ ഇന്ത്യ തുടക്കത്തിലെ രണ്ട് വിക്കറ്റ് വീഴ്ത്തി തിരിച്ചുവരവിന്‍റെ പ്രതീക്ഷ നല്‍കിയെങ്കിലും തരംഗ പിടിച്ചു നിന്നതോടെ ഇന്ത്യയുടെ വിജയ പ്രതീക്ഷ അകന്നു. സ്‌കോര്‍ 65ല്‍ എത്തി നില്‍ക്കെ തരംഗയെ മടക്കി ഹാര്‍ദിക് പാണ്ഡ്യ ഇന്ത്യയ്ക്കായി മൂന്നാം വിക്കറ്റും നേടി. എന്നാല്‍ നാലാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന എയ്ഞ്ചലോ മാത്യൂസ് (25), നിരോഷന്‍ ഡിക്‌വാല (26) എന്നിവര്‍ പുറത്താകാതെ നിന്ന് ലങ്കയെ വിജയതീരത്ത് എത്തിക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി ഭുവനേശ്വര്‍ കുമാര്‍, ജസ്പ്രീത് ബുംറ, പാണ്ഡ്യ എന്നിവര്‍ ഓരോ വിക്കറ്റ് നേടി.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 38.2 ഓവറില്‍ 112 റണ്‍സിന് എല്ലാവരും പുറത്താവുകയായിരുന്നു. 17ാം ഓവറിൽ 29 റണ്‍സിന് ഏഴ് വിക്കറ്റ് എന്ന നിലയില്‍ തകര്‍ന്ന ടീം ഇന്ത്യയെ മുന്‍ നായകന്‍ ധോണിയുടെ (65) അര്‍ദ്ധ സെഞ്ച്വറിയുടെ കരുത്തിലാണ് സ്‌കോര്‍ നൂറ് കടത്തിയത്. പത്ത് ഓവറിൽ 13 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ സുരംഗ ലക്മല്‍, രണ്ട് വിക്കറ്റ് വീഴ്ത്തിയ നുവാന്‍ പ്രദീപ് എന്നിവരാണ് ഇന്ത്യൻ ബാറ്റിങ് നിരയെ തകര്‍ത്തത്.