FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Crime

വിമാനത്തിൽ ബോളിവുഡ് നടിക്കുനേരെ ലൈംഗികാതിക്രമം: ദേശീയ വനിതാ കമ്മീഷന്‍ കേസെടുത്തു

Sunday, Dec 10, 2017,19:04 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: ബോളിവുഡ് നടി സൈറ വസീമിനു നേര്‍ക്ക് വിമാനത്തില്‍ വച്ചുണ്ടായ ലൈംഗീകാതിക്രമത്തില്‍ ദേശീയ വനിതാ കമീഷന്‍ സ്വമേധയാ കേസെടുത്തു. ഒരു സ്ത്രീയുടെ നേർക്ക് പീഡനശ്രമം ഉണ്ടാകുമ്പോള്‍ അതിനെ തടയിടാന്‍ വിമാനക്കമ്പനി ജീവനക്കാരെ പരിശീലിപ്പിച്ചില്ലെന്നും ഇതിനായി കമ്പനിക്കെതിരെ നോട്ടീസ് അയക്കുകയാണെന്നും ദേശീയ വനിതാ കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ പറഞ്ഞു.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമം വെച്ചുപുലര്‍ത്തില്ലെന്നാണ് വിമാനക്കമ്പനിയായ എയർ വിസ്താരയുടെ നിലപാടെങ്കില്‍ എന്തുകൊണ്ടാണ് പ്രതിയുടെ പേര് വെളിപ്പെടുത്താത്തത്. സംഭവം അറിയിച്ചിട്ടും ജീവനക്കാര്‍ സഹായിച്ചില്ലെന്നത് ഞെട്ടിപ്പിക്കുന്നതാണ്. എന്തു സഹായത്തിനും തങ്ങള്‍ സൈറയോടൊപ്പം ഉണ്ടാകുമെന്നും രേഖ ശര്‍മ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ നിന്നു മുംബൈയിലേക്കുള്ള യാത്രക്കിടെ എയര്‍ വിസ്താരയുടെ വിമാനത്തില്‍ വെച്ച് അപമാനിക്കപ്പെട്ടുവെന്ന് ദംഗൽ സിനിമയിലൂടെ പ്രശസ്തയായ നടി ഇന്‍സ്റ്റഗ്രാമിലൂടെ അറിയിക്കുകയായിരുന്നു. വിമാനത്തിലെ വെളിച്ചക്കുറവ് മുതലെടുത്ത് പിറകിലെ സീറ്റിലിരുന്നയാള്‍ കാലുകൊണ്ട് ദേഹത്ത് ഉരസിയെന്നും കുറേ സമയം ഇത് തുടര്‍ന്നുവെന്നും വിമാന ജീവനക്കാരോട് സഹായം അഭ്യര്‍ഥിച്ചെങ്കിലും ആരും സഹായിച്ചില്ലെന്നും പരാതിപ്പെട്ടിരുന്നു.

അതേസമയം, സൈറയുടെ പരാതി പ്രകാരം പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടാതെ ഡല്‍ഹി വനിതാ കമ്മീഷനും എയര്‍ വിസ്താരക്ക് നോട്ടീസ് അയച്ചിട്ടുണ്ട്. പ്രതിയുടെ പേരു വിവരങ്ങള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. അതിനിടെ സംഭവത്തിൽ ഖേദപ്രകടനവുമായി വിമാനക്കമ്പനിയും രംഗത്തെത്തിയിരുന്നു.