FLASH NEWS
Breaking News
വിഴിഞ്ഞം പദ്ധതിക്ക് തിരിച്ചടി, അദാനി പോർട്ട് സിഇഒ രാജിവച്ചു
Crime

മാവേലിക്കര സഹകരണ ബാങ്ക് തട്ടിപ്പ്: മുൻ പ്രസിഡന്‍റും സെക്രട്ടറിയും അറസ്റ്റില്‍

Wednesday, Dec 13, 2017,20:22 IST By മെട്രൊ വാർത്ത A A A

തിരുവല്ല: മാവേലിക്കര താലൂക്ക് സഹകരണ ബാങ്കില്‍ കോടികളുടെ തട്ടിപ്പ് നടത്തിയതുമായി ബന്ധപ്പെട്ട കേസിൽ രണ്ടു പേരെ കൂടി ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തു. താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ശാഖയുടെ മുന്‍ പ്രസിഡന്‍റ് കോട്ടപ്പുറം പി. പ്രഭാകരന്‍, സെക്രട്ടറി അന്നമ്മ മാത്യൂ എന്നിവരാണ് അറസ്റ്റിലായത്. ഇവരെ ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തിയ ശേഷം അറസറ്റ് രേഖപ്പെടുത്തുകയായിരുന്നു.

2016 ഡിസംബറിലാണ് താലൂക്ക് സഹകരണ ബാങ്കിന്‍റെ തഴക്കര ശാഖയില്‍ കോടികളുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തിയത്. സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ 34 കോടി രൂപയുടെ ക്രമക്കേട് നടന്നതായി തെളിഞ്ഞു. ഇതേതുടര്‍ന്ന് ബാങ്കിലെ മാനേജരായ ജ്യോതി മധു, കാഷ്യര്‍ ബിന്ദു. ജി. നായര്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ കുട്ടി സീമ ശിവം എന്നിവരെ സര്‍വീസില്‍ നിന്ന് നീക്കം ചെയ്തു. പിന്നീട് ജ്യോതി മധുവിനെ തിരുവല്ല ക്രൈം ബ്രാഞ്ചിന്‍റെ സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം അറസ്റ്റു ചെയ്തിരുന്നു.

ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ ബാങ്കിലെ ഡേ ബുക്ക്, ക്യാഷ് ബുക്ക്, കമ്പ്യൂട്ടര്‍ എന്നിവയില്‍ കൃത്രിമം കാട്ടിയതായി കണ്ടെത്തിയിരുന്നു. സ്വര്‍ണ പണയത്തില്‍ പണയവസ്തു ഇല്ലാതെ വായ്പ കൊടുത്തതായും വ്യാജ നിക്ഷേപക സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കി വ്യാജ അക്കൗണ്ടുകളിലേക്കും പ്രവര്‍ത്തനമില്ലാതെ കിടക്കുന്ന അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായും കണ്ടെത്തി. ജ്യോതി മധുവിന്‍റെ സ്വന്തം അക്കൗണ്ടുകളിലേക്കും പണം മാറ്റിയതായും കണ്ടെത്തിയിരുന്നു.