FLASH NEWS
Breaking News
സംസ്ഥാനത്ത് 24 ന് വാഹനപണിമുടക്ക്
India

ലങ്കയ്ക്ക് അതേ നാണയത്തിൽ മറുപടി, രണ്ടാം ഏകദിനത്തിൽ ഇന്ത്യക്ക് 141 റൺസിന്‍റെ വമ്പൻ ജയം

Wednesday, Dec 13, 2017,19:36 IST By മെട്രൊ വാർത്ത A A A

മൊഹാലി: ആദ്യ മത്സരത്തിൽ ശ്രീലങ്കയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ ടീം ഇന്ത്യ, രണ്ടാം മത്സരത്തിൽ വമ്പൻ ജയം സ്വന്തമാക്കി ഏകദിന പരമ്പരയിൽ ഒപ്പമെത്തി. മൊഹാലിയിൽ ഇന്നു നടന്ന മത്സരത്തിൽ ലങ്കയെ 141 റൺസിന് പരാജയപ്പെടുത്തിയാണ് ആദ്യ മത്സരത്തിലെ തോൽവിക്ക് അതേ നാണയത്തിൽ മറുപടി നൽകി ടീം ഇന്ത്യ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയത്. സ്കോർ: ഇന്ത്യ-392/4, ശ്രീലങ്ക 251/8.

ഇന്ത്യയുടെ കൂറ്റൻ സ്കോർ പിന്തുടര്‍ന്ന ശ്രീലങ്ക മത്സരത്തിന്‍റെ ഒരുഘട്ടത്തിൽ പോലും ആതിഥേയർക്ക് വെല്ലുവിളി ഉയർത്തിയതേയില്ല. ലങ്കയുടെ തുടക്കം തന്നെ മോശമായിരുന്നു. നാലാം ഓവറില്‍ ഓപ്പണര്‍ തരംഗ (7) പുറത്തായി. പത്ത് ഓവര്‍ തികയും മുമ്പെ ഗുണതിലകയും (16) വീണു. ഇതോടെ ക്രീസിലെത്തിയ എയ്ഞ്ചലോ മാത്യൂസ് ക്രീസില്‍ നിലയുറപ്പിച്ചെങ്കിലും മറുവശത്ത് വിക്കറ്റ് വീഴ്ച തുടര്‍ന്നതോടെ ലങ്ക ജയം കൈവിട്ടു.

മാത്യൂസ് 111 റൺസോടെ പുറത്താകാതെ നിന്നു. തന്‍റെ കരിയറിൽ 5000 റൺസെന്ന നേട്ടവും മാത്യൂസ് സ്വന്തമാക്കി. മാത്യൂസിനെ കൂടാതെ അസേല ഗുണരത്‌നയും (34) നിരോഷന്‍ ഡിക്വെല്ലയും (22) മൂന്നാമനായെത്തിയ തിരമന്നയും (21) മാത്രമാണ് അല്‍പ്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചത്. ചാഹൽ മൂന്നു വിക്കറ്റും ബുംമ്ര രണ്ടു വിക്കറ്റും സ്വന്തമാക്കി. അരങ്ങേറ്റ താരം വാഷിംഗ്ടണ്‍ സുന്ദര്‍ കന്നി അന്താരാഷ്ട്ര വിക്കറ്റ് വീഴ്ത്തി വരവറിയിച്ചു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ, നായകൻ രോഹിത് ശർമയുടെ മൂന്നാം ഇരട്ട സെഞ്ചുറിയുടെ പിൻബലത്തിലാണ് 392 റൺസെന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്. 153 പന്തിൽ നിന്നും 12 സിക്സും 13 ഫോറും പായിച്ചാണ് 208 റൺസെടുത്ത് പുറത്താകാതെ നിന്നത്. രോഹിത് തന്‍റെ ഇന്നിങ്സിലെ അവസാന 104 റൺസ് അടിച്ചെടുത്തത് വെറും 35 പന്തിലാണ്. 70 പന്തിൽ 88 റൺസെടുത്ത ശ്രേയസ് അയ്യരും 68 റൺസെടുത്ത ശിഖർ ധവാനും രോഹിതിന് ഉറച്ച പിന്തുണയാണ് നൽകിയത്.