FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
kerala

ടീമിന്‍റെ മോശം പ്രകടനം, കേരള ബ്ലാസ്റ്റേഴ്സിന്‍റെ മുഖ്യ പരിശീലകൻ രാജിവച്ചു

Tuesday, Jan 2, 2018,19:36 IST By മെട്രൊ വാർത്ത A A A

കൊച്ചി: ഐഎസ്എൽ നാലാം സീസണിൽ വിജയതീരമണിയാതെ ഉഴറുകയായിരുന്ന കേരള ബ്ലാസ്റ്റേഴ്‌സിനു വീണ്ടും തിരിച്ചടി. ആരാധകരായ മഞ്ഞപ്പടയേയും ടീമിനേയും ഞെട്ടിച്ച് മുഖ്യ പരിശീലകന്‍ റെനി മ്യൂലന്‍സ്റ്റിൻ രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് അദ്ദേഹത്തിന്‍റെ വിശദീകരണം. എന്നാൽ സീസണിൽ ടീമിന്‍റെ മോശം പ്രകടനത്തെ തുടർന്നാണ് രാജിയെന്നാണ് സൂചന. ഈ സീസണിൽ ഏഴു മത്സരങ്ങൾ പൂർത്തിയക്കിയ ബ്ലാസ്റ്റേഴ്സിനു ആകെ ഒരു വിജയമാണ് നേടാനായത്.

ബ്ലാസ്റ്റേഴ്സിന്‍റെ ആരാധകർക്കും ടീം മാനേജ്മെന്‍റിനോടും നന്ദിയുണ്ടെന്നും മ്യൂലൻസ്റ്റീൻ പറഞ്ഞു. ടീമിന്‍റെ സഹപരിശീലകനായ തങ്ബോയ് സിങ്തോയ്ക്കാണ് മുഖ്യ പരിശീലകന്‍റെ താത്കാലിക ചുമതല. കൊച്ചിയില്‍ നടന്ന അവസാന മത്സരത്തില്‍ ബംഗളുരു എഫ്‌സിക്കെതിരെ ഒന്നിനെതിരെ മൂന്നു ഗോളുകള്‍ക്ക് ബ്ലാസ്റ്റേഴ്‌‌സ് പരാജയപ്പെട്ടിരുന്നു. ഇതോടെ കഴിഞ്ഞ സീസണിലെ രണ്ടാം സ്ഥാനക്കാരായ ടീമിനു ഇത്തവണ സെമി ഫൈനലിൽ കടക്കാനുള്ള സാധ്യതയും മങ്ങിത്തുടങ്ങി.

രണ്ടാം സീസണിലും ബ്ലാസ്റ്റേഴ്‌സില്‍ സമാന സംഭവം അരങ്ങേറിയിരുന്നു. അന്ന് മുഖ്യ പരിശീലകന്‍ പീറ്റര്‍ ടെയ്‌ലറാണ് ടീമിന്‍റെ തുടർ തോൽവികളുടെ പശ്ചാത്തലത്തിൽ സ്ഥാനമൊഴിഞ്ഞത്. സഹ പരിശീലകനായ ട്രവര്‍ മോര്‍ഗനെ പകരം ചുമതല ഏൽപ്പിച്ചായിരുന്നു അന്നു ടെയ്‌ലറുടെ മടക്കം.