FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
Top News

ആഹാ….പച്ചമയിൽ!

Thursday, Jan 4, 2018,17:17 IST By റീന വർഗീസ് കണ്ണിമല A A A

പറമ്പിക്കുളം: ഇന്ത്യയുടെ ദേശീയപക്ഷിയേതാ? ചോദ്യം പൂര്‍ത്തിയാക്കും മുമ്പേ നമ്മുടെ മനസില്‍ നീലപ്പീലികള്‍ നിറഞ്ഞാടും. എന്നാല്‍ നിറഞ്ഞാടാന്‍ നീലപ്പീലികള്‍ മാത്രമല്ല, പച്ചപ്പീലികളുമുണ്ടെന്നതാണ് പുത്തന്‍ വാര്‍ത്ത . പറമ്പിക്കുളത്തെ ടൂറിസ്റ്റുകള്‍ക്കു മുമ്പിലാണ് പച്ചപ്പീലികളുമായി പ്രൗഢഗംഭീരനായ പച്ചമയിലെത്തിയത്.
തെക്കുകിഴക്കന്‍ ഏഷ്യയില്‍ കണ്ടുവരുന്ന പച്ചമയിലിന് ജാവാ മയിലെന്നും പേരുണ്ട്. (ഇംഗ്ലീഷില്‍ Green Peafowl). തൂവലുകളുടെ തിളങ്ങുന്ന പച്ചനിറം കൊണ്ടുതന്നെയാണ് ഇവയ്ക്ക് ഈ പേരുലഭിച്ചത്. ജാവാ മയില്‍ എന്ന പേരിലും ഈ പക്ഷി അറിയപ്പെടുന്നു.

ഇന്ത്യന്‍ മയിലിനെ അപേക്ഷിച്ച് പച്ചമയിലുകളില്‍ ആണും പെണ്ണും രൂപത്തില്‍ കാര്യമായ വ്യത്യാസങ്ങളൊന്നുമില്ല. ആണിനും പെണ്ണിനും നീളമുള്ള വാലുകള്‍ ഉണ്ടെങ്കിലും പീലി ആണ്മയിലിനു മാത്രമേ ഉള്ളൂ. ചെവിയുടെ സമീപത്തായ് മഞ്ഞനിറത്തിലുള്ള ചര്‍മ്മം ഇവയുടെ പ്രത്യേകതയാണ്. പച്ചമയിലുകള്‍ പൊതുവെ നിശ്ശബ്ദരാണ്. ഇന്ത്യന്‍ മയിലുകളെ പോലെ ഇവ അധികം ശബ്ദമുണ്ടാക്കാറില്ല.

വംശവര്‍ധനയ്ക്കുതകുന്ന രീതിയില്‍ ഈ കാട്ടുപക്ഷികളെ വളര്‍ത്തുന്നതിനുള്ള നടപടികളും നിയമഭേദഗതികളും കൊണ്ടു വരേണ്ടത് അത്യാവശ്യമാണ് .പച്ചമയിലുകള്‍ വംശനാശഭീഷണി നേരിടുന്നു എന്നതു തന്നെയാണ് മുഖ്യകാരണം. മനുഷ്യര്‍ക്കു വളര്‍ത്താന്‍ പര്യാപ്തമായ രീതിയിലാണ് ഇവയുടെ ജീവിതരീതിയെന്നതും ഇവയെ ഇണക്കി വളര്‍ത്താനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു.

ആണ്‍ മയിലുകള്‍ക്ക് 1.8 മുതല്‍ 3 മീ. വരെ നീളമുണ്ടാകാറുണ്ട്, പെണ്‍ മയിലുകള്‍ 1മുതല്‍ 1.1 മീ വരെയും. പറക്കുന്ന കാര്യത്തില്‍ ആണ്‍ മയിലുകളേക്കാളും മിടുക്ക് പെണ്‍ മയിലുകള്‍ക്കാണ്.
തെക്കുകിഴക്കന്‍ ഏഷ്യന്‍ രാജ്യങ്ങളായ ലാവോസ്, തായ്ലാന്റ്, വിയറ്റ്‌നാം, ജാവ, മലേഷ്യ, കംബോഡിയ എന്നിവിടങ്ങളിലാണ് ഇവയെ ധാരാളമായും കണ്ടുവരുന്നത്. വടക്കുകിഴക്കന്‍ ഇന്ത്യയിലും ഇവയെ അപൂര്‍വമായ് കണ്ടുവരുന്നു.

വേട്ടയാടല്‍ മൂലം ഇന്ന് ഇവയുടെ എണ്ണം കുറഞ്ഞുവരുകയാണ്.കാട്ടുപക്ഷിയാണ് പച്ചമയില്‍. നിലത്താണ് കൂടുകൂട്ടുക. ഒരുതവണ 3 മുതല്‍ 6 മുട്ടകള്‍ വരെ ഇടും. പഴങ്ങള്‍, ഷഡ്പദങ്ങള്‍, ഉരഗങ്ങള്‍, ചെറിയ സസ്തനികള്‍ എന്നിവയാണ് പ്രധാന ഭക്ഷണം.അപൂര്‍വ ഏഷ്യന്‍ ഇനമായ പച്ചമയിലിന് ഡ്രാഗണ്‍പക്ഷി എന്നുമുണ്ട് മറ്റൊരു പേര്. ഇന്ത്യയിലെ ആസാമിലും ഇന്തോനേഷ്യയിലെ ജാവദ്വീപിലും മ്യാന്‍മറിലും കാണുന്ന ഇതിലൊന്ന് ഈയിടെ പറമ്പിക്കുളത്തെത്തിയ ടൂറിസ്റ്റുകള്‍ക്കു മുമ്പിലും പ്രത്യക്ഷപ്പെട്ടിരുന്നു. അതാണീ ചിത്രം .