FLASH NEWS
Breaking News
സെനറ്റിൽ ബഡ്ജറ്റ് പാസാക്കാനായില്ല, യുഎസ് ട്രഷറി പൂട്ടി
Crime

കൊച്ചിയില്‍ വീപ്പയ്ക്കുള്ളില്‍ കണ്ടെത്തിയ അസ്ഥികൂടം യുവതിയുടേതെന്ന് സ്ഥിരീകരണം

Monday, Jan 8, 2018,18:54 IST By മെട്രൊ വാർത്ത A A A

കൊച്ചി: കുമ്പളത്ത് വീപ്പയ്ക്കുള്ളിൽ നിന്നും കണ്ടെത്തിയ അസ്ഥികൂടം 30 വയസ് പ്രായമുള്ള സ്ത്രീയുടേതെന്ന് സ്ഥിരീകരിച്ചു. കൊലപാതകത്തിനു ശേഷം മൃതദേഹം വീപ്പയ്ക്കുള്ളിലാക്കി കോണ്‍ക്രീറ്റ് നിറച്ചു കായലില്‍ തള്ളിയതാണെന്നാണ് പ്രാഥമിക നിഗമനം. അതേസമയം മൃതദേഹം ആരുടേതാണെന്ന് സംബന്ധിച്ച് സ്ഥിരീകരണമില്ല. പൊലീസ് കൂടുതൽ ശാസ്ത്രീയ പരിശോധന നടത്തി വരികയാണ്.

മൃതദേഹത്തിന്‍റെ കാലുകൾ കൂട്ടിക്കെട്ടിയ നിലയിലായിരുന്നു. മൃതദേഹത്തിൽ നിന്നും വെള്ളി അരഞ്ഞാണവും കണ്ടെത്തി. തിങ്കളാഴ്ച രാവിലെയോടെയാണ് വീപ്പയ്ക്കുള്ളിൽ നിന്നും പത്തു മാസം പഴക്കമുള്ള അസ്ഥികൂടം കണ്ടെത്തിയത്. വീപ്പയിൽ കോൺക്രീറ്റ് നിറച്ചശേഷം കായലിൽ ഉപേക്ഷിച്ച നിലയിലായിരുന്നു. മത്സ്യത്തൊഴിലാളികളാണ് വീപ്പ കരയ്ക്കെത്തിച്ചത്.

നേരത്തെ കുമ്പളത്തിനു സമീപമുള്ള നെട്ടൂരിലെ കായലില്‍ നിന്നുതന്നെ ചാക്കില്‍ കെട്ടിയ നിലയില്‍ ഒരു പുരുഷന്‍റെ മൃതദേഹം കണ്ടെടുത്തിരുന്നു. ഈ സംഭവത്തിലും പൊലീസിന് തുമ്പൊന്നും ലഭിച്ചിട്ടില്ല. അതേസമയം, ഈ രണ്ടു സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നുണ്ട്.