FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
Articles

നാദബ്രഹ്മത്തിനു ലഭിക്കുമോ ഇനിയെങ്കിലും ഉണ്ണിക്കണ്ണന്‍റെ വരപ്രസാദം 

Wednesday, Jan 10, 2018,9:48 IST By സ്വന്തം ലേഖകൻ A A A

ഒരുപക്ഷേ മലയാളിയുടെ ശബ്ദമേതെന്നു ചോദിച്ചാല്‍ അതിനുള്ള ഉത്തരം യേശുദാസ് എന്ന നാലക്ഷരമായിരിക്കും. അരലക്ഷത്തിലേറെ ഗാനങ്ങളിലൂടെ മലയാളിയുടെ പ്രണയത്തിനും വിരഹത്തിനും സന്തോഷത്തിലും സന്താപത്തിലും ഭക്തിപ്രഹര്‍ഷങ്ങളിലേക്കും അദ്ദേഹത്തിന്‍റെ നാദമാധുരി പിന്നണിയായി. ശ്രുതിമധുരമായ സംഗീതധാരയിലൂടെ ലക്ഷക്കണക്കിനു ശ്രോതാക്കളുടെ ഹൃദയ ശ്രീകോവിലിനുള്ളില്‍ പ്രതിഷ്ഠ നേടിയ യേശുദാസ് എന്ന സംഗീത മൂര്‍ത്തിക്കു ഇന്നു 78 വയസ് തികയുകയാണ്.ശാസ്ത്രീയ സംഗീതത്തിന്‍റെ പാരമ്പര്യമുള്ള കുടുംബ പശ്ചാത്തലത്തില്‍ പിറന്നുവീണതിന്‍റെ ഒന്നും പിന്‍ബലത്തിലല്ല അദ്ദേഹം ശുദ്ധസംഗീതത്തിന്‍റെ നെറുകയിലെത്തിയത്. പകരം, കലയ്ക്കു വേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച അഗസ്റ്റിന്‍ ജോസഫ് എന്ന അച്ഛനായിരുന്നു മകനിലെ സംഗീതവാസനയെ, തന്‍റെ കഷ്ടാപ്പാടുകള്‍ക്കിടെയിലും പരിപോഷിപ്പിച്ച് സംഗീതത്തിന്‍റെ സിംഹാസനത്തിലേക്കുള്ള ചുവടു വെപ്പിച്ചത്.

ജന്മസിദ്ധമായി ലഭിച്ച സംഗീത പ്രതിഭയെ അസാധാരണമായ ആത്മാര്‍ത്ഥയോടെ സംഗീതത്തിനു സമര്‍പ്പിച്ച്, വിട്ടുവീഴ്ചയില്ലാത്ത ഉപാസനയിലൂടെ പാകപ്പെടുത്തിയെടുത്തതാണ് ആ ഇമ്പമാര്‍ന്ന സ്വരശുദ്ധി. പരിശ്രമത്തിലൂടെ കൈവന്ന നിതാന്ത ജാഗ്രതയാണ് അദ്ദേഹത്തിലെ മൗലിക പ്രതിഭയെ ഇന്നും ഒളിമങ്ങാതെ നിലനിര്‍ത്തുന്നതും ആരാധകരുടെ മനസില്‍ എന്നും ഇടം ലഭിക്കാനുള്ള അര്‍ഹത നല്‍കുന്നതും.

യേശുദാസിന്‍റെ ആറുപതിറ്റാണ്ടിലേറെ നീളുന്ന ഗാനജീവിതത്തിനിടെ, അനേകായിരം ഹിന്ദു, ക്രിസ്ത്യന്‍, മുസ്ലീം ഭക്തിഗാനങ്ങളിലൂടെ ഒന്നിലധികം തലമുറയുടെ ദൈവസങ്കല്‍പ്പങ്ങളെ അദ്ദേഹം തൊട്ടുണര്‍ത്തി. ഗാനഗന്ധര്‍വ്വന്‍റെ ഭക്തിഗാനങ്ങളില്‍ ഏറ്റവും കൂടുതലും ഹിന്ദു ദേവതകളെ സ്തുതിക്കുന്നതാണ്. ശബരിമലയിലും മൂകാംബികയിലും സംഗീതാര്‍ച്ചനയുമായി എത്തുന്ന യേശുദാസിനു പക്ഷേ ഗുരുവായൂര്‍ ക്ഷേത്രദര്‍ശനമെന്ന മോഹം ഇന്നുമൊരു സ്വപ്നമായി അവശേഷിക്കുന്നു.

വൈവിധ്യാമാര്‍ന്ന നിരവധി കൃഷ്ണ ഭക്തിഗാനങ്ങളിലൂടെ ആസ്വാദകരുടേയും വിശ്വാസികളുടേയും മനംകുളിര്‍പ്പിച്ച മലയാളത്തിന്‍റെ ഈ നാദബ്രഹ്മത്തിനു ഉണ്ണിക്കണ്ണനെ തൊഴണമെന്നുള്ളതു സര്‍ഗോപാസനയുടെ അര്‍ഹതയില്‍ നിന്നുള്ള അവകാശം കൂടിയാണ്. ആ ആഗ്രഹ സാക്ഷാത്കരണത്തിനു തടസം നിൽക്കുന്ന വേലിക്കെട്ടുകളെല്ലാം എത്രയും വേഗം തകര്‍ക്കപ്പെടേട്ടെ എന്നും ഇനിയുമേറെക്കാലം ആസ്വാദകരുടെ മനം ഭാവസാന്ദ്രമാക്കുന്നതിനു കഴിയുമാറാകട്ടെയെന്നും ഈ പിറന്നാള്‍ ദിനത്തില്‍ ആശംസിക്കുന്നു.