FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
India

അണ്ടർ-19 ക്രിക്കറ്റ് ലോകകപ്പ്: ആസ്ട്രേലിയയെ 100 റൺസിനു കീഴടക്കി ഇന്ത്യൻ കൗമാരക്കുതിപ്പ്

Sunday, Jan 14, 2018,16:12 IST By മെട്രൊ വാർത്ത A A A

വെല്ലിങ്ടണ്‍: അണ്ടര്‍-19 ക്രിക്കറ്റ് ലോകകപ്പില്‍ ശക്തരായ ആസ്ട്രേലിയയെ 100 റൺസിനു കീഴടക്കി ഇന്ത്യൻ കൗമാരപ്പടയ്ക്ക് വിജയത്തുടക്കം. ഇന്ത്യ മുന്നോട്ടുവച്ച 329 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആസ്ട്രേലിയ 42.5 ഓവറിൽ 228 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മൂന്ന് വിക്കറ്റ് വീതം വിഴ്ത്തിയ ശിവം മാവമിയുടെയും കമലേഷ് നഗറാകോട്ടയുടെയും തകര്‍പ്പന്‍ ബോളിങാണ് ആസ്ട്രേലിയയെ തകര്‍ത്തത്. ഇന്ത്യൻ നായകൻ പൃഥ്വി ഷായാണ് കളിയിലെ താരം. സ്കോർ: ഇന്ത്യ-328‍/7, ആസ്ട്രേലിയ-228.

നേരത്തെ ടോസ് നേടി ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്കുവേണ്ടി പൃഥി ഷായും മന്‍ജോത് കൽറയും സ്വപ്നതുല്യമായ തുടക്കമാണ് നൽകിയത്. ഇരുവരും ചേർന്ന ഒന്നാം വിക്കറ്റ് കൂട്ടുകെട്ടിൽ 180 റണ്‍സാണ് അടിച്ചുകൂട്ടിയത്. ഇതില്‍ പൃഥി ഷാ (94), മന്‍ജോത് കൽറ (86) റണ്‍സുമെടുത്ത് പുറത്തായി. 2004ൽ ശിഖർ ധവാനും റോബിൻ ഉത്തപ്പയും ചേർന്നെടുത്ത 179 റൺസിന്‍റെ ഒന്നാം വിക്കറ്റിലെ ഇന്ത്യൻ റെക്കോഡും ഇരുവരും തിരുത്തിയെഴുതി. പൃഥ്വിയും മൻജോതും പുറത്തായതിനു ശേഷം ക്രീസിലെത്തിയ സുബ്മാന്‍ ഗില്‍ (63) ഇന്ത്യന്‍ സ്കോറിങ്ങിന് വേഗം കൂട്ടി. എന്നാല്‍, അവസാന ഓവറുകളില്‍ തുടരെ വിക്കറ്റുകള്‍ നഷ്ടമായത് ഇന്ത്യന്‍ സ്കോർ 350 കടക്കുന്നതിനു തടയിട്ടു. ആസ്ട്രേലിയക്കായി ജാക്ക് എഡ്‌വാഡ്സ് നാലു വിക്കറ്റ് വീഴ്ത്തി.

തുടർന്ന് ബാറ്റിങ്ങിനിറങ്ങിയ അസ്ട്രേലിയൻ നിരയിൽ 73 റണ്‍സെടുത്ത ഓപ്പണര്‍ എഡ്വേര്‍ഡ്‌സിന് അല്ലാതെ മറ്റാര്‍ക്കും പിടിച്ചു നില്‍ക്കാനായില്ല. ഓപ്പണിങ് വിക്കറ്റില്‍ 57 റണ്‍സും മൂന്നാം വിക്കറ്റില്‍ 59 റണ്‍സും ചേര്‍ത്ത് പതിയെയാണ് ആസ്‌ട്രേലിയ തുടങ്ങിയത്. എന്നാല്‍, പിന്നീട് ഇന്ത്യന്‍ ബൗളര്‍മാരുടെ മുന്നില്‍ ഓസീസ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നു വീഴുകയായിരുന്നു. നാലു ബാറ്റ്‌സ്മാന്‍മാര്‍ രണ്ടക്കം കാണാതെ കൂടാരം കയറി. മുൻ ഇന്ത്യൻ നായകൻ  രാഹുൽ ദ്രാവിഡാണ് അണ്ടർ-19 ടീമിന്‍റെ പരിശീലകൻ.