FLASH NEWS
Breaking News
നിയമസഭയിലെ കയ്യാങ്കളി കേസ് പിൻവലിക്കാൻ നീക്കം
kerala

അർധരാത്രിയിൽ പെൺകുട്ടിയെ സ്റ്റോപ്പില്‍ ഇറക്കിയില്ല: കെഎസ്ആർടിസി എംഡി വിശദീകരണം തേടി

Sunday, Jan 14, 2018,14:05 IST By മെട്രൊ വാർത്ത A A A

കോഴിക്കോട്: അര്‍ധരാത്രിയിൽ തനിച്ചു യാത്ര ചെയ്ത വിദ്യാര്‍ഥിനിയെ ആവശ്യപ്പെട്ട സ്റ്റോപ്പില്‍ ഇറക്കാതെ കെഎസ്ആര്‍ടിസിയുടെ മിന്നല്‍ ബസ് 25 കിലോമീറ്ററോളം മുന്നോട്ട് പോയ സംഭവത്തില്‍ കെഎസ്ആര്‍ടിസി എംഡി എ. ഹേമചന്ദ്രന്‍ വിശദീകരണം തേടി. കോർപ്പറേഷന്‍റെ എക്‌സിക്യുട്ടീവ് ഡയറക്ടറോടാണ് വിശദീകരണം തേടിയത്. സ്റ്റോപ്പില്‍ ബസ് നിര്‍ത്താതിരുന്ന സംഭവം ഗൗരവമായിട്ട് കാണുന്നതെന്നും ഹേമചന്ദ്രന്‍ പറഞ്ഞു.

പാലായിലെ എൻട്രൻസ് കോച്ചിങ് സെന്‍ററിൽ നിന്നും തിരികെ വീട്ടിലേക്ക് വരുമ്പോഴായിരുന്നു സംഭവം. ഒപ്പമുണ്ടായിരുന്ന സഹപാഠികൾ ശനിയാഴ്ച പുലർച്ചെ രണ്ടു മണിയോടെ കോഴിക്കോട് ഇറങ്ങിയിരുന്നു. തുടർന്ന് തനിച്ചായ പെൺകുട്ടി പയ്യോളിയിൽ ബസ് നിർത്തി തരണമെന്നും അച്ഛൻ അവിടെ കാത്തുനിൽക്കുകയാണെന്നും പറഞ്ഞിട്ടും കണ്ടക്‌റ്റർ ബസ് നിർത്തിയില്ല. അവിടെ സ്റ്റോപ്പ് ഇല്ലെന്നായിരുന്നു മറുപടി. ഉടൻതന്നെ അച്ഛനെ ഫോണിലൂടെ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസിനെ സമീപിച്ചു.

രണ്ടുവട്ടം പൊലീസ് കൈ കാണിച്ചിട്ടും ബസ് നിർത്തിയില്ല. ഒടുവിൽ 24 കിലോമീറ്റര്‍ അകലെ കുഞ്ഞിപ്പള്ളിയിൽ വെച്ച് ഹൈവേ പൊലീസ് ദേശീയപാതക്ക് കുറുകെ വാഹനമിട്ട് ബസ് തടഞ്ഞാണ് വിദ്യാര്‍ഥിനിയെ മോചിപ്പിച്ചത്. കണ്ടക്റ്ററോട് കാര്യങ്ങള്‍ പറയുന്നുണ്ടായിരുന്നെങ്കിലും ഉറങ്ങാതിരുന്ന മറ്റ് യാത്രക്കാര്‍ പ്രശ്നത്തില്‍ ഇടപെട്ടില്ലെന്നും പെൺകുട്ടി പരാതിയിൽ പറയുന്നു. രാത്രി പത്തുമണി കഴിഞ്ഞാല്‍ കെഎസ്ആർടിസിയുടെ ഏതു സർവീസും യാത്രികർ ആവശ്യപ്പെടുന്ന സ്റ്റോപ്പിൽ നിര്‍ത്തണമെന്ന നിയമം ഉള്ളപ്പോഴാണ് ബസ് ജീവനക്കാരുടെ ഈ ക്രൂരത.