FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

ചെങ്ങന്നൂര്‍ എംഎല്‍എ രാമചന്ദ്രന്‍ നായര്‍ അന്തരിച്ചു

Sunday, Jan 14, 2018,10:16 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: ചെങ്ങന്നൂര്‍ എംഎല്‍എയും സിപിഎം നേതാവുമായ കെ.കെ. രാമചന്ദ്രന്‍ നായര്‍ (65) അന്തരിച്ചു. ഞാ‍യറാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ചെന്നൈയിലായിരുന്നു അന്ത്യം. കരള്‍ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറെ നാളുകളായി ചികിത്സയിലായിരുന്നു. ഭൗതീകദേഹം ഇന്നു ഉച്ചയോടെ തിരുവനന്തപുരത്ത് എത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച വൈകിട്ട് അഞ്ചു മണിക്ക് ചെങ്ങന്നൂരിലെ വീട്ടുവളപ്പിൽ നടക്കും.

1952 ഡിസംബര്‍ ഒന്നിന് ചെങ്ങന്നൂര്‍ ആല ഭാസ്കരവിലാസത്തില്‍ കരുണാകരന്‍ നായരുടേയും ഭാരതിയമ്മയുടേയും മകനായാണ് രാമചന്ദ്രന്‍ നായര്‍ ജനിച്ചത്. എസ്എഫ്ഐയിലൂടെ പൊതുപ്രവര്‍ത്തന രംഗത്തെത്തി. സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദവും തിരുവനന്തപുരം ഗവ. ലോ കോളേജില്‍ നിന്ന് നിയമബിരുദവും കരസ്ഥമാക്കിയിട്ടുണ്ട്.

2001ല്‍ ശോഭന ജോര്‍ജിനെതിരെ ചെങ്ങന്നൂരില്‍ നിന്നാണ് നിയമസഭയിലേക്ക് ആദ്യം മത്സരിച്ചത് എങ്കിലും 1425വോട്ടുകള്‍ക്ക് പരാജയപ്പെടുകയായിരുന്നു. പിന്നീട് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചെങ്ങന്നൂരിലെ സിറ്റിങ് എംഎല്‍എയായിരുന്ന പി.സി. വിഷ്ണുനാഥിനെ 7983 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ആദ്യമായി സഭയിലെത്തിയത്. സിപിഎം ചെങ്ങന്നൂര്‍ താലൂക്ക് യൂണിയന്‍ സെക്രട്ടറി, ഏരിയ സെക്രട്ടറിയായും രാമചന്ദ്രന്‍ നായര്‍ പ്രവര്‍ത്തിച്ചു. ബാര്‍ കൗണ്‍സില്‍ പ്രസിഡന്‍റായും ചുമതലയേറ്റെടുത്തിട്ടുണ്ട്.