FLASH NEWS
Breaking News
സിപിഎം മന്ത്രിമാരുടെ പ്രവർത്തനത്തിനു മാർഗരേഖ
kerala

ശ്രീജിത്തിനു ഐക്യദാർ‌ഢ്യവുമായി നവമാധ്യമ കൂട്ടായ്മ, പിന്തുണച്ച് നടൻ ടോവിനോയും

Sunday, Jan 14, 2018,13:14 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: പൊലീസ് കസ്റ്റഡിയിലിരിക്കേ മരണപ്പെട്ട സഹോദരനു നീതി തേടി സെക്രട്ടറിയേറ്റിനു മുന്നില്‍ രണ്ടു വർഷത്തിലേറെയായി സത്യഗ്രഹ സമരം നടത്തുന്ന ശ്രീജിത്തിന് പിന്തുണയുമായി നവമാധ്യമ കൂട്ടായ്മ. നൂറുകണക്കിനു വരുന്ന യുവതീയുവാക്കളാണ് ശ്രീജിത്തിന്‍റെ സമരത്തിനു ഐക്യദാർ‌ഢ്യം പ്രഖ്യാപിച്ചു തിരുവനന്തപുരത്ത് എത്തിയിരിക്കുന്നത്. രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ ചലച്ചിത്രതാരം ടൊവിനോ തോമസും ശ്രീജിത്തിനെ സന്ദർശിക്കാനെത്തി.

സഹോദരന്‍ ശ്രീജിവിന്‍റെ മരണം സിബിഐ അന്വേഷിക്കണമെന്നും ഉത്തരവാദികളായ പൊലീസുകാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ടാണ് കഴിഞ്ഞ 764 ദിവസമായി സെക്രട്ടറിയേറ്റ് പടിക്കൽ ശ്രീജിത്ത് സത്യഗ്രഹ സമരം നടത്തുന്നത്. അടുത്തിടെ നിരാഹാര സമരം കൂടി ആരംഭിച്ചതോടെ ശ്രീജിത്തിന്‍റെ ശാരീരികസ്ഥിതി മോശമായി. ഇക്കാര്യം സൂചിപ്പിച്ച് രണ്ടു ദിവസം മുമ്പു വന്ന മാധ്യമവാർത്തയെ തുടർന്നാണ് ശ്രീജിത്തിന്‍റെ സമരത്തെ നവമാധ്യമങ്ങള്‍ ഏറ്റെടുത്തത്. ‘നീതി വൈകുന്നതും നീതി നിഷേധമാണെന്ന’ ഹാഷ് ടാഗിലൂടെയാണ് ശ്രീജിത്തിന്‍റെ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് യുവതീയുവാക്കൾ മുന്നോട്ടുവരുന്നത്.

ഇതിനിടെ ശ്രീജിത്തിനെ സന്ദർശിക്കാൻ നടൻ ടോവിനോ തോമസും സ്ഥലത്തെത്തി. തനിക്ക് രാഷ്ട്രീയമില്ലെന്നും, മനുഷ്യത്വത്തിന്‍റെ പേരിലാണ് ശ്രീജിത്തിനെ കാണാന്‍ വന്നിരിക്കുന്നതെന്നും ടോവിനോ പിന്നീട് മാധ്യമങ്ങളോട് പ്രതികരിച്ചു. രാഷ്ട്രീയ സംഘടനകളുടെ ഭാഗമായവര്‍ പോലും അവയുടെ പിന്‍ബലമില്ലാതെയാണ് ശ്രീജിത്തിനു പിന്തുണ നല്‍കുന്നത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, വി.എം.സുധീരന്‍ തുടങ്ങിയ നേതാക്കള്‍ ശ്രീജിത്തിനെ കണ്ടിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ സിബിഐ അന്വേഷണം ഉറപ്പുവരുത്തണമെന്ന് സുധീരന്‍ ആവശ്യപ്പെട്ടു

നേരത്തേ നടന്മാരായ നിവിന്‍ പോളി, ജോയ് മാത്യു, ജൂഡ് ആന്‍റണി തുടങ്ങിയവരും ശ്രീജിത്തിന് പിന്തുണയറിയിച്ച് ഫേസ്ബുക്കിലൂടെ രംഗത്തെത്തിയിരുന്നു. 2014ല്‍ പാറശ്ശാല പൊലീസിന്‍റെ കസ്റ്റഡിയിലിരിക്കെ ശ്രീജീവ് മരിച്ചുവെന്നാണ് കേസ്. പൊലീസ് കംപ്ലയിന്‍റ് അതോറിറ്റിയുടെ ഉത്തരവിനെ തുടര്‍ന്ന് നഷ്ടപരിഹാരം എന്ന നിലയില്‍ 10 ലക്ഷം രൂപ സര്‍ക്കാര്‍ കുടുംബത്തിന് നല്‍കിയിരുന്നു. എന്നാൽ കേസ് അന്വേഷണം സിബഐ ഏറ്റെടുക്കുംവരെ സമരം തുടരാനാണ് ശ്രീജിത്തിന്‍റെ തീരുമാനം.