FLASH NEWS
Breaking News
സിപിഐ മന്ത്രിമാർ മണ്ടന്മാരെണെന്ന് സിപിഎം സംസ്ഥാന സമ്മേളനത്തിൽ വിമർശനം
kerala

മാണിയുടെ ബഡ്ജറ്റ് അവതരണത്തിനിടെ നിയമസഭയിലെ കയ്യാങ്കളി: കേസ് പിന്‍വലിക്കുന്നു

Sunday, Jan 21, 2018,13:22 IST By മെട്രൊ വാർത്ത A A A

തിരുവനന്തപുരം: 2014ല്‍ ധനമന്ത്രിയായിരുന്ന കെ.എം. മാണി ബഡ്ജറ്റ് അവതരിപ്പിക്കുന്നതിനിടെ നിയമസഭയിൽ അരങ്ങേറിയ കൈയാങ്കളിയുടെ പശ്ചാത്തലത്തിൽ ആറ് എല്‍ഡിഎഫ് എംഎൽഎമാർക്കെതിരേ രജിസ്റ്റര്‍ ചെയ്ത കേസ് പിന്‍വലിക്കാൻ നീക്കം. ഇതിന്‍റെ ഭാഗമായി കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ എംഎല്‍എയും കേസിലെ പ്രതികളിലൊരാളുമായ വി. ശിവന്‍കുട്ടി മുഖ്യമന്ത്രിക്ക് അപേക്ഷ നല്‍കി. അന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ സംഭവിച്ച പിഴവാണെന്നും അതിനാല്‍ കേസ് പിന്‍വലിക്കണം എന്നുമാണ് അപേക്ഷയില്‍ പറയുന്നത്.

ശിവൻകുട്ടിയുടെ അപേക്ഷ നിയമവകുപ്പിന്‍റെ പരിഗണനയ്ക്കായി മുഖ്യമന്ത്രി കൈമാറിയിട്ടുണ്ട്. അതേസമയം, നിയമവകുപ്പില്‍ നിന്നു മറുപടി ആഭ്യന്തര വകുപ്പിനു ഇതുവരെ ലഭിച്ചിട്ടില്ല. മറുപടി അനുകൂലമായാലും പ്രതികൂലമായാലും കേസ് പിന്‍വലിക്കുന്ന കാര്യത്തില്‍ ആഭ്യന്തര വകുപ്പിന്‍റെ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയനാവും അന്തിമ തീരുമാനമെടുക്കുക. സര്‍ക്കാര്‍ പിന്‍വലിച്ചാലും അത് കോടതി അംഗീകരിച്ചാല്‍ മാത്രമെ കേസ് പിന്‍വലിക്കാനാവൂ.

കയ്യാങ്കളി നടന്നതിന്‍റെ പിറ്റേദിവസം വി. ശിവന്‍കുട്ടി. ഇ.പി. ജയരാജന്‍, കെ. അജിത്, കുഞ്ഞഹമ്മദ് മാസ്റ്റര്‍, കെ.ടി. ജലീല്‍, സി.കെ. സദാശിവന്‍ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. 2016ല്‍ രണ്ട് ലക്ഷം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കുറ്റം ചുമത്തി ക്രൈംബ്രാഞ്ച് തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. തുടര്‍ന്ന് കോടതിയില്‍ ഹാജരായ ആറു പേരും ജാമ്യം നേടിയിരുന്നു. വനിതാ അംഗങ്ങളെ കൈയേറ്റം ചെയ്‌തെന്ന എൽഡിഎഫിന്‍റെ പരാതിയില്‍ നാലു യുഡിഎഫ് എംഎൽഎമാർക്കെതിരേയും കേസെടുത്തിരുന്നു.