FLASH NEWS
Breaking News
കണ്ണൂർ സമാധാനയോഗത്തിൽ ബഹളം
Crime

ഗുജറാത്ത് സ്ഫോടന പരമ്പര, വാഗമൺ സിമി ക്യാമ്പ്: മുഖ്യ സൂത്രധാരന്‍ പിടിയില്‍

Monday, Jan 22, 2018,15:38 IST By മെട്രൊ വാർത്ത A A A

ന്യൂഡല്‍ഹി: 56 പേർ കൊല്ലപ്പെട്ട 2008ലെ ഗുജറാത്ത് സ്‌ഫോടന പരമ്പരയുടെ മുഖ്യ സൂത്രധാരനും വാഗമൺ സിമി ക്യാമ്പിനു ചുക്കാൻ പിടിച്ചതും മറ്റു നിരവധി കേസുകളിൽ പിടികിട്ടാപ്പുള്ളിയുമായ കൊടുംഭീകരൻ അബദുള്‍ സുബ്ഹാന്‍ ഖുറേഷിയെ ഡൽഹി പൊലീസ് പിടികൂടി. ഏറെ നാളത്തെ തെരച്ചിലിനു ഒടുവിലാണ് ഖുറേഷിയെ ഡല്‍ഹി പൊലീസിന്‍റെ പ്രത്യേക അന്വേഷണ വിഭാഗം പിടികൂടിയത്.

നിരോധിത വിദ്ധ്യാര്‍ത്ഥി സംഘടനയായ സിമിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഖുറേഷി ബോംബ് നിര്‍മാണത്തില്‍ വൈദഗ്ദ്ധ്യമുള്ളയാളാണെന്ന് പൊലീസ് അറിയിച്ചു. 56 പേര്‍ മരിക്കുകയും 200ഓളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഗുജറാത്ത് സ്‌ഫോടന പരമ്പരയിലെ മുഖ്യ സൂത്രധാരനായിരുന്നു ഇയാള്‍. എന്‍ഐഎയുടെ പിടികിട്ടാപ്പുള്ളിയായ പ്രതി ഒരു പതിറ്റാണ്ടിന് ശേഷമാണ് പിടിയിലാവുന്നത്

വാഗമണ്‍ സിമി ക്യാമ്പുമായി ബന്ധപ്പെട്ട കേസിലേയും പ്രധാന പ്രതികളില്‍ ഒരാളാണിയാള്‍. 2007 സെപ്റ്റംബറില്‍ ഒന്നിലേറെ തവണ തൃശൂരില്‍ ഇയാള്‍ രഹസ്യ സന്ദര്‍ശനം നടത്തിയതായി കേന്ദ്ര ഇന്‍റലിജന്‍സ് അധികൃതര്‍ക്കു നേരത്തെ വിവരം ലഭിച്ചിരുന്നു. തുടർന്ന് വാഗമണ്‍ തങ്ങള്‍പാറയില്‍ 2007 ഡിസംബര്‍ 10 മുതല്‍ 12 വരെ നിരോധിത സംഘടനയായ സിമിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച രഹസ്യ ക്യാമ്പില്‍ ഇയാള്‍ പങ്കെടുത്തതായും സൂചനയുണ്ടായിരുന്നു.