FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

കൊച്ചി കപ്പൽശാലയിൽ ഉണ്ടായ അപകടത്തിൽ അഞ്ച് മരണം

Tuesday, Feb 13, 2018,13:10 IST By മെ‌ട്രൊ വാർത്ത A A A

കൊച്ചി: അറ്റകുറ്റപണിക്കായി കൊണ്ടു വന്ന കപ്പലിൽ ഉണ്ടായ സ്ഫോടനത്തിൽ അഞ്ച് മരണം. മരിച്ചവരില്‍ രണ്ട് പേര്‍ മലയാളികളാണ്. പത്തനംതിട്ട സ്വദേശി ഗവിന്‍. വൈപ്പിന്‍ സ്വദേശി റംഷാദ് എന്നിവരാണ് മരിച്ച മലയാളികള്‍. സംഭവത്തിൽ എട്ടോളം പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില ഗുരുതരമാണ്.

കപ്പലിനകത്തുള്ള വെള്ള ടാങ്കര്‍ പൊട്ടിത്തെറിച്ചാണ് അപകടമെന്നാണ് ആദ്യഘട്ടത്തിൽ ലഭിക്കുന്ന സൂചന. സാഗര്‍ ഭൂഷണെന്ന ഒഎന്‍ജിസി കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. എണ്ണപര്യവേക്ഷണത്തിന് ഉപയോഗിക്കുന്ന കപ്പലാണിത്.പരിക്കേറ്റവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കപ്പലിലെ തീയണച്ചിട്ടുണ്ടെന്ന് കൊച്ചി പൊലീസ് കമ്മീഷണര്‍ എന്‍.പി.ദിനേശ് അറിയിച്ചു. കപ്പലിനുള്ളില്‍ തിരച്ചില്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. പരിശോധനയില്‍ ആരും കുടുങ്ങി കിടക്കുന്നില്ലെന്ന് കണ്ടെത്തി. പൊട്ടിത്തെറിയെ തുടര്‍ന്നുണ്ടായ പുകശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നും കമ്മീഷണര്‍ അറിയിച്ചു. കപ്പല്‍ശാലയില്‍ നിലവില്‍ സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാണെന്നും കമ്മീഷണര്‍ അറിയിച്ചു. കപ്പല്‍ ‘ലെവല്‍’ ചെയ്യുന്നതിനു വേണ്ടി മുന്നിലും പിന്നിലും വെള്ളം നിറയ്ക്കാറുണ്ട്. അതില്‍ മുന്നിലെ ടാങ്കിലായിരുന്നു അപകടം. എന്നാല്‍ പൊട്ടിത്തെറിയുടെ കാരണം വ്യക്തമായിട്ടില്ല.

നിര്‍മ്മാണ ജോലിയില്‍ ഏര്‍പ്പെട്ട തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്. കപ്പല്‍ ശാലയ്ക്കുള്ളില്‍ തന്നെയുള്ള അഗ്‌നിശമനസേനയുടെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം നടന്നുവരികയാണ്. അപകടത്തെ കുറിച്ച് കപ്പല്‍ശാല അധികൃതര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. കൂടുതല്‍ ആംബുലന്‍സുകളും അഗ്‌നിശമനസേന വാഹനങ്ങളും സ്ഥലത്തേക്കെത്തുന്നുണ്ട്. മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് നാലു മൃതദേഹങ്ങളും സൂക്ഷിച്ചിരിക്കുന്നത്. മരിച്ചവരെ തിരിച്ചറിയാന്‍ സാധിക്കാത്ത വിധം പൂര്‍ണമായും പൊള്ളലേറ്റ നിലയിലാണു മൃതദേഹങ്ങള്‍.