FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

മുഖ്യമന്ത്രി പിണറായി വിജയൻ ദയനീയ പരാജയമാണെന്ന് എ.കെ ആന്‍റണി

Tuesday, Feb 13, 2018,15:20 IST By മെ‌ട്രൊ വാർത്ത A A A

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് നേതാവ് ടിഎച്ച് ഷുഹൈബിനെ ബോംബെറിഞ്ഞ് വെട്ടിക്കൊന്ന സംഭവം സിപിഎം ഭീകരതയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എകെ ആന്‍റണി. സ്വന്തം ജില്ലയിലെ ക്രമസമാധാനം പോലും ഉറപ്പുവരുത്താന്‍ കഴിയാത്ത തരത്തില്‍ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്യുന്ന മുഖ്യമന്ത്രി ദയനീയ പരാജയമായി മാറിയിരിക്കുകയാണ്.

സിപിഎം ഭീകരതയ്ക്ക് മുമ്പില്‍ പൊലീസ് തികച്ചും നിഷ്‌ക്രിയരായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം രക്തത്തില്‍ അലിഞ്ഞ കൊലപാതക രാഷ്ട്രീയം ഉപേക്ഷിക്കാന്‍ അവര്‍ തയാറല്ലെന്ന് ഒരിക്കല്‍ കൂടി വ്യക്തമാക്കുന്നതാണ് ഷുഹൈബ് വധം.

അധികാരത്തിന്‍റെ തണലില്‍ എന്തുമാകാമെന്നതാണ് മാനോഭാവം. സംസ്ഥാനത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്നവര്‍ തന്നെ അക്രമത്തെ പ്രോത്സാഹിക്കുന്നു. യഥാര്‍ത്ഥ കുറ്റക്കാരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരാനും പഴുതില്ലാത്ത നിലയില്‍ ശിക്ഷ ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാര്‍ അടിയന്തര നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ മറ്റു തരത്തിലുള്ള അന്വേഷണം ആവശ്യപ്പെടേണ്ടി വരും

കേന്ദ്രത്തിലെ ഭരണകക്ഷിയായ ബിജെപിയും കേരളത്തിലെ ഭരണകക്ഷിയായ സിപിഎമ്മും മത്സരിച്ചു നടത്തുന്ന കൊലപാതകങ്ങള്‍ കേരളത്തില്‍ സമാധാനപരമായ ജനജീവിതം അസാധ്യമാക്കിയിരിക്കുകയാണന്നും അദേഹം കൂട്ടിച്ചേര്‍ത്തു.