FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
World

ഇന്ത്യയ്ക്ക് മുന്നറിയിപ്പ് ; പാക് പിന്തുണയോടെ ഭീകരർ ആക്രമണം തുടരുമെന്ന് അമെരിക്ക

Wednesday, Feb 14, 2018,18:58 IST By മെ‌ട്രൊ വാർത്ത A A A

വാഷിംഗ്ടൻ: പാകിസ്ഥാൻ പിന്തുണയ്ക്കുന്ന ഭീകരസംഘടനകള്‍ ഇന്ത്യയില്‍ നടത്തുന്ന ആക്രമണങ്ങള്‍ തുടരാന്‍ സാധ്യതയെന്ന് അമെരിക്ക. യുഎസ് രഹസ്യാന്വേഷണ വിഭാഗം മേധാവിയാണ് ഈ മുന്നറിയിപ്പ് നല്‍കിയത്. ഇത്തരത്തില്‍ ആക്രമണങ്ങള്‍ നടന്നാല്‍ ഇന്ത്യ-പാക് ബന്ധം വഷളാവുമെന്ന് ഇന്‍റലിജന്‍സ് ഡയറക്ടര്‍ ഡാന്‍ കോട്സ് പറഞ്ഞു. ഇത് ഇരുരാജ്യങ്ങളും തമ്മിലുള്ള അസ്വാരസ്യങ്ങളെ അപകടകരമായ രീതിയിലേക്ക് നയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ജെയ്ഷെ മുഹമ്മദ് എന്ന പാക് ഭീകരസംഘടന ജമ്മു കശ്മീരിലെ സുന്‍ജുവാന്‍ സൈനിക ക്യാമ്പിനു നേര്‍ക്ക് ആക്രമണം നടത്തിയതിന് പിന്നാലെയാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ആറ് സൈനികര്‍ ഉള്‍പ്പടെ ഏഴുപേര്‍ സുന്‍ജുവാന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.

പുതിയ ആണവായുധങ്ങള്‍ വികസിപ്പിക്കുന്നതിലൂടെ യുഎസിന്‍റെ താത്പര്യങ്ങള്‍ക്ക് തുടര്‍ച്ചയായി ഭീഷണി സൃഷ്ടിക്കുകയാണ് പാകിസ്താന്‍. പാകിസ്താന്‍ ഭീകരവാദികളുമായി സമ്പര്‍ക്കം പുലര്‍ത്തുകയും ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തടയിടുകയും ചെയ്യുന്നു. അതോടൊപ്പം തന്നെ ചൈനയോട് അടുപ്പം സ്ഥാപിക്കാനും പാകിസ്ഥാൻ ശ്രമിക്കുന്നുണ്ടെന്നും കോട്സ് പറഞ്ഞു.