FLASH NEWS
Breaking News
പിടികൂടിയത് യഥാർത്ഥ പ്രതികളെ, ഉത്തരമേഖല ഡിജിപി
kerala

മാണിയെ മുന്നണിയിലെടുത്താൽ ഞങ്ങൾ പുറത്ത് പോകുമെന്ന് കാനം രാജേന്ദ്രൻ

Wednesday, Feb 14, 2018,20:50 IST By മെ‌ട്രൊ വാർത്ത A A A

കോട്ടയം: കെ.എം മാണിയെ എല്‍ഡിഎഫ് മുന്നണിയില്‍ ഉള്‍പെടുത്തി മുന്നോട്ടു പോകാന്‍ സി.പി.ഐക്ക് സാധിക്കില്ലെന്ന സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിനെതിരെ കൂടി മത്സരിച്ചാണ് സി.പി.ഐ ജയിച്ചത്. ക്രിസ്ത്യന്‍ വിഭാഗത്തെ ഇടത് പക്ഷത്തേക്ക് കൊണ്ടുവരാന്‍ മധ്യസ്ഥ പ്രാര്‍ത്ഥനക്കാര്‍ വേണ്ട. സി.പി.ഐ യഥാര്‍ത്ഥ ഇടത് പക്ഷമെന്ന് ജനങ്ങള്‍ തിരിച്ചറിഞ്ഞത് കൊണ്ടാണ് മുന്നോട്ട് പോകാന്‍ സാധിക്കുന്നതെന്നും സിപിഐ കോട്ടയം ജില്ലാ സമ്മേളനത്തില്‍ കാനം വ്യക്തമാക്കി.

ബി.ജെ.പിയെ എതിര്‍ക്കാന്‍ വേണ്ടത് ഇടത് പാര്‍ട്ടികളുടെ ഐക്യമാണ്. എന്നാല്‍ ഇടതുപക്ഷം ഇപ്പോള്‍ ദുര്‍ബലമാണ്. പലരേയും വേണ്ടെന്ന് പറയുന്നതിന് മുന്‍പ് ഇടത് പക്ഷത്തെ ഒരുമിപ്പിച്ച് നിര്‍ത്താന്‍ സാധിക്കണം. ബി.ജെ.പിക്കെതിരായ പോരാട്ടത്തിന് ആരെയും ജാതകം നോക്കി വേര്‍തിരിക്കേണ്ടെന്നും കാനം പറഞ്ഞു. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ധാരണകള്‍ ഉണ്ടാക്കേണ്ട. സി.പി.ഐ സ്വീകരിക്കുന്ന നിലപാടുകള്‍ ശരിയാണെന്ന് ജനങ്ങള്‍ പറയുമ്പോള്‍ അതിനോട് പരിഭവിച്ചിട്ട് കാര്യമില്ല.

സി.പി.ഐ ദുര്‍ബലപ്പെട്ടെന്ന് ചില സ്നേഹിതര്‍ പ്രചരിപ്പിക്കുന്നു. സി.പി.ഐ ദുര്‍ബലമായാല്‍ ഇടത് മുന്നണി ശക്തമാകുമെന്ന ധാരണ വേണ്ടെന്നും കാനം പറഞ്ഞു.