Auto

വൻ കുതിപ്പിനൊരുങ്ങി ഇലക്ട്രിക് വാഹനസംരംഭമായ ചാർജ്‌മോഡ്; രാജ്യത്തുടനീളം 1200 ചാർജറുകൾ കൂടി സ്ഥാപിക്കും

കാർബൺ ബഹിർഗമനമില്ലാതെ 40 ലക്ഷം കിലോമീറ്റർ യാത്ര സാധ്യമാക്കി

കൊച്ചി: എനർജി ടെക്‌നോളജി രംഗത്ത് പ്രവർത്തിക്കുന്ന ചാർജ്‌മോഡ് അവരുടെ പുതിയ ബിസിനസ് വികസനപദ്ധതികൾ പ്രഖ്യാപിച്ചു. കേരള സ്റ്റാർട്ടപ്പ് മിഷനിലൂടെ വളർന്നു വന്ന സംരംഭമായ ചാർജ്‌മോഡ് ഇന്ത്യയിലുടനീളം 1000 സാധാരണ ചാർജറുകളും 200 അതിവേഗ ചാർജറുകളും കൂടി സ്ഥാപിക്കും. കേരളത്തിൽ മാത്രം 500 സാധാരണ ചാർജറുകളും 100 ഫാസ്റ്റ് ചാർജറുകളും കൂടി അധികമായി സ്ഥാപിച്ച് വിപണിസാന്നിധ്യം ശക്തിപ്പെടുത്താനും തീരുമാനമായി. നിലവിൽ കേരളത്തിനത്ത് ചാർജ്‌മോഡിന്റെ 1500 ചാർജിങ് സ്റ്റേഷനുകളും മറ്റ് സംസ്ഥാനങ്ങളിൽ 2000 ചാർജിങ് സ്റ്റേഷനുകളും പ്രവർത്തിക്കുന്നുണ്ട്. സംസ്ഥാനത്ത് 1300 എസി സ്ലോ ചാർജറുകളും 150 ഡിസി ഫാസ്റ്റ് ചാർജറുകളും കമ്പനി സ്ഥാപിച്ചിട്ടുണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ 500 എസി സ്ലോ ചാർജറുകളും സ്ഥാപിച്ചിട്ടുണ്ട്.

ഇലക്ട്രിക് വാഹനങ്ങൾ ചാർജ് ചെയ്യുന്നതിനാവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിനൽകുന്നതിൽ പ്രത്യേക ശ്രദ്ധയും വൈദഗ്ധ്യവും ചാർജ്‌മോഡ് നൽകുന്നുണ്ട്. ചാർജിങ്ങിനാവശ്യമായ ഉപകരണങ്ങളും സോഫ്ട്‍വെയറും തദ്ദേശീയമായി വികസിപ്പിച്ചെടുക്കുന്നു എന്നതാണ് എടുത്തുപറയേണ്ട സവിശേഷത. ഓരോ 5 കിലോമീറ്ററിലും ഒരു സാധാരണ എസി ചാർജറും ഓരോ 50 കിലോമീറ്ററിലും ഒരു അതിവേഗ ഡിസി ചാർജറും സ്ഥാപിക്കുക എന്ന ലക്ഷ്യമാണ് ചാർജ്‌മോഡ് പൂർത്തിയാക്കികൊണ്ടിരിക്കുന്നത്. അടുത്തിടെ ഫീനിക്സ് ഏയ്ഞ്ചൽസിൽ നിന്നും രണ്ടരക്കോടി രൂപയുടെ നിക്ഷേപവും കമ്പനിക്ക് ലഭിച്ചു.

രാജ്യത്തുടനീളം 120 കിലോവാട്ട് മുതൽ 340 കിലോവാട്ട് വരെ ശേഷിയുള്ള അതിവേഗ ചാർജറുകൾ സ്ഥാപിച്ചുകൊണ്ട് ഇലക്ട്രിക്ക് വാഹനങ്ങളിലെ യാത്ര ആശങ്കാരഹിതവും സുഗമവുമാക്കുക എന്നതാണ് കമ്പനിയുടെ അടുത്ത ലക്‌ഷ്യം. ഇതുവരെ 72,000 ത്തിലധികം ആളുകൾ ചാർജ്‌മോഡിന്റെ മൊബൈൽ ആപ്പ്ളിക്കേഷൻ ഡൗൺലോഡ് ചെയ്തിട്ടുണ്ട്. രാജ്യത്തുടനീളമുള്ള ചാർജ്‌മോഡിന്റെ 2000 ചാർജിങ് സ്റ്റേഷനുകളിലൂടെ രണ്ട് ലക്ഷത്തിലേറെ തവണ ഇലക്ട്രിക്ക് വാഹന ഉടമകൾ അവരുടെ വാഹനം ചാർജ് ചെയ്തുകഴിഞ്ഞു. ഓരോ ദിവസവും 120 പുതിയ ഉപഭോക്താക്കൾ പുതുതായി സേവനങ്ങൾ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു. ഏതാണ്ട് 40 ലക്ഷം കിലോമീറ്റർ യാത്ര ചെയ്യുമ്പോൾ പുറന്തള്ളുന്ന കാർബൺ ഒഴിവാക്കാൻ കമ്പനിക്ക് കഴിഞ്ഞുവെന്നാണ് കണക്കുകൾ. അതായത് ഏതാണ്ട് 995 മെട്രിക് ടൺ ഹരിതഗൃഹവാതകമാണ് അന്തരീക്ഷത്തിലേക്ക് പരക്കുന്നതിൽ നിന്ന് ഒഴിവായത്. ഇതിലൂടെ 1,60,000 ൽപ്പരം ലിറ്റർ ഇന്ധനവും ലാഭിച്ചു.

നാല് എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ ചേർന്ന് തുടങ്ങിയ ഈ സംരംഭം ഇന്നൊരു വലിയ ബിസിനസായി മാറാൻ കാരണം പ്രകൃതിസൗഹൃദ ആശയങ്ങൾക്ക് വേണ്ടിയുള്ള അടങ്ങാത്ത അഭിനിവേശമാണെന്ന് ചാർജ്‌മോഡിന്റെ സിഇഒയും സഹസ്ഥാപകനുമായ എം. രാമനുണ്ണി പറയുന്നു. ഞങ്ങളുടെ ആശയങ്ങൾ ഇന്ന് ഇലക്ട്രിക് വാഹനരംഗത്തെ വമ്പൻ കമ്പനികൾ മുതൽ സാധാരണക്കാർ വരെ ശ്രദ്ധിച്ചുതുടങ്ങിയിരിക്കുന്നു. ഇപ്പോൾ കുറഞ്ഞവിലയ്ക്ക് ഇറക്കുമതി ചെയ്യുന്ന ചാർജറുകളെയാണ് പലരും ആശ്രയിക്കുന്നത്. എന്നാൽ ഗുണമേന്മയിൽ വിട്ടുവീഴ്ചയില്ലാതെ തന്നെ എല്ലാവർക്കും താങ്ങാനാവുന്ന വിലയിലുള്ള ഇലക്ട്രിക്ക് വെഹിക്കിൾ ചാർജിങ് സംവിധാനങ്ങൾ സ്ഥാപിക്കാനാണ് കമ്പനി ഉദ്ദേശിക്കുന്നത്. ഇവയ്ക്ക് വിശ്വാസ്യതയും ഉയർന്ന ഫലപ്രാപ്തിയും ഉറപ്പുനൽകാനാകുമെന്നും അദ്ദേഹം പറഞ്ഞു.

ചാർജിങ് സ്റ്റേഷനുകൾ വിപുലീകരിക്കുന്നതിന് പുറമെ, ഇലക്ട്രിക് വാഹനങ്ങൾ പ്രചരിപ്പിക്കുന്നതിനായി നിരവധി പരിപാടികളും ചാർജ്‌മോഡ് സംഘടിപ്പിച്ചുവരുന്നു. എഞ്ചിനീയറിംഗ് കോളേജുകളിൽ നടത്തുന്ന ഇവി ചാർജിങ് ശില്പശാലകളാണ് അതിലൊന്ന്. ഗവേഷണത്തിനായി വിപണിയിലെ പ്രമുഖരുമായും അക്കാദമിക വിദഗ്ധരുമായും സഹകരിക്കാറുമുണ്ട്. ഇരുചക്രവാഹനങ്ങൾ മുതൽ കൂറ്റൻ ബസുകളും ട്രക്കുകളും വരെ ചാർജ് ചെയ്യാവുന്ന സ്റ്റേഷനുകളും ഉയർന്ന ശേഷിയുള്ള ഡിസി ഫാസ്റ്റ് ചാർജറുകളുടെ വികസനവും നടന്നുവരുന്നു.

കേരളത്തിൽ ഇലക്ട്രിക് ഓട്ടോകൾക്ക് ചാർജിങ് സംവിധാനം നൽകുന്ന ഒരേയൊരു കമ്പനിയാണ് ചാർജ്‌മോഡ്. ചാർജിങ് സ്റ്റേഷനുകൾക്ക് വേണ്ടി കേരളത്തിലാദ്യമായി മൊബൈൽ ആപ്പ് വികസിപ്പിച്ചതും ചാർജ്മോഡാണ്. പത്ത് സംസ്ഥാനങ്ങളിലായി, ആറ് ഭാഷകളിൽ ഉപഭോക്‌തൃസേവനം നൽകുന്ന 2000 ചാർജിങ് സ്റ്റേഷനുകളും 150 ഫാസ്റ്റ് ചാർജിങ് സ്റ്റേഷനുകളും ഇന്ന് കമ്പനിക്ക് സ്വന്തമായുണ്ട്.

ചാർജ്‌മോഡിന്റെ സിഇഒ രാമനുണ്ണി എം, ലോജിസ്റ്റിക്‌സ് ആൻഡ് സപ്ലൈ ചെയിൻ വിഭാഗം മാനേജർ അനൂപ് വി, ഓപ്പറേഷൻസ് മാനേജർ അദ്വൈത് സി, ടാഞ്ചിബിൾ പ്രോഡക്റ്റ് വിഭാഗം തലവൻ മിഥുൻ കൃഷ്ണൻ എന്നിവർ വാർത്താസമ്മേളനത്തിൽ സംസാരിച്ചു. ഈ നാലുപേരും ചേർന്നാണ് ചാർജ്‌മോഡ് എന്ന സ്റ്റാർട്ടപ്പിന് തുടക്കമിട്ടത്.

സെഞ്ച്വറിയടിച്ച് സഞ്ജുവും തിലക് വർമയും; ഇന്ത്യ 283/1

കണ്ണൂരിൽ നാടക സംഘം സഞ്ചരിച്ച ബസ് മറിഞ്ഞു; രണ്ട് പേർക്ക് ദാരുണാന്ത്യം

പാലക്കാട് സ്വകാര്യ ബസ് മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്

വയനാട്: കേന്ദ്ര അവഗണനയ്‌ക്കെതിരെ കേരളം ഒറ്റക്കെട്ട്

അമിത് ഷായുടെ ഹെലികോപ്റ്ററും, ബാഗുകളും പരിശോധിച്ച് തെരഞ്ഞെടുപ്പ് കമ്മിഷൻ ഉദ‍്യോഗസ്ഥർ