ബിസിനസ് ലേഖകൻ
കൊച്ചി: രാജ്യത്തെ വൈദ്യുത വാഹന വിപണിയില്‍ മികച്ച വളര്‍ച്ച തുടരുന്നു. ഏപ്രിലില്‍ രാജ്യത്തെ വിവിധ കമ്പനികള്‍ 1.1 ലക്ഷം ഇലക്ട്രിക് വാഹനങ്ങളാണ് (ഇവി) വിറ്റഴിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവിനേക്കാള്‍ വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പനയില്‍ 45 ശതമാനം വർധനയാണുണ്ടായത്.
കഴിഞ്ഞ ഏഴ് മാസങ്ങളിലും ഇന്ത്യയില്‍ ഒരു ലക്ഷത്തിലധികം വൈദ്യുതി വാഹനങ്ങളാണ് വിവിധ കമ്പനികള്‍ ചേര്‍ന്ന് വിറ്റഴിച്ചത്. ജനുവരിയില്‍ മൊത്തം 1.03 ലക്ഷം വൈദ്യുതി വാഹനങ്ങളുടെ വില്‍പ്പനയാണ് രേഖപ്പെടുത്തിയത്. ഫെബ്രുവരിയില്‍ ഇവി വില്‍പ്പന 1.07 ലക്ഷമായി ഉയര്‍ന്നു. മാര്‍ച്ചില്‍ രാജ്യത്തെ ഇലക്ട്രിക് വാഹന വിപണി റെക്കോഡ് വളര്‍ച്ചയാണ് രേഖപ്പെടുത്തിയത്. ഈ കാലയളവില്‍ വിവിധ കമ്പനികള്‍ സംയുക്തമായി 1.4 ലക്ഷം വൈദ്യുതി വാഹനങ്ങളാണ് ഇന്ത്യന്‍ വിപണിയില്‍ വില്‍പ്പന നടത്തിയത്.
ഫോസില്‍ ഇന്ധനത്തില്‍ നിന്നും പിന്മാറാന് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി വൈദ്യുതി വാഹന മേഖലയുടെ വളര്‍ച്ചയ്ക്ക് നല്കുന്ന ആനുകൂല്യങ്ങളാണ് ഈ രംഗത്ത് വന്‍ മുന്നേറ്റത്തിന് സഹായിക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അസംസ്കൃത സാധനങ്ങളുടെ വിലക്കയറ്റത്തെ തുടർന്ന് പെട്രോള്‍, ഡീസല്‍ വാഹനങ്ങളുടെ വില കുത്തനെ ഉയര്‍ന്നതും ഇന്ധന ചെലവിലുണ്ടായ വർധനയും ഇവി വിപണിയുടെ വളര്‍ച്ചയ്ക്ക് ഊര്‍ജം പകരുന്നു.
ഫോസില്‍ ഇന്ധനത്തില്‍ ഓടുന്ന വാഹനങ്ങളോട് കരുത്തിലും സൗകര്യങ്ങളിലും ഏതു തരത്തിലും കിടപിടിക്കുന്ന വൈദ്യുതി വാഹനങ്ങളാണ് ഇന്ത്യന്‍, വിദേശ കമ്പനികള്‍ വിപണിയില്‍ അവതരിപ്പിക്കുന്നത്.
ചാര്‍ജിങ് സ്റ്റേഷനുകളുടെ സാന്നിധ്യം രാജ്യമൊട്ടാകെ വർധിച്ചതും ഇവി വാഹന വിപണിയുടെ വളര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നു. വൈദ്യുതി വാഹനങ്ങളുടെ മെയിന്റനസ് ചെലവ് താരതമ്യേന കുറവാണെന്നതും ഉപയോക്താക്കള്‍ക്ക് അനുകൂല ഘടകമാണ്.
ഇരുചക്ര, മുച്ചക്ര വിപണിയിലാണ് ഇലക്ട്രിക് വാഹന വില്‍പ്പന പൊടിപൊടിക്കുന്നത്. വൈദ്യുതിയില്‍ ഓടുന്ന ഇരുചക്ര വാഹനങ്ങളുടെ വില്‍പ്പന ഏപ്രിലില്‍ 24 ശതമാനം ഉയര്‍ന്ന് 66,000 യൂണിറ്റായി. ഇരുചക്ര വാഹന വിപണിയില്‍ ഓല അസാധാരണമായ വളര്‍ച്ചയാണ് നേടുന്നത്. ഈ വിപണിയില്‍ ഓലയുടെ വില്‍പ്പന വിഹിതം 21 ശതമാനമായാണ് ഏപ്രിലില്‍ ഉയര്‍ന്നത്. കഴിഞ്ഞമാസം മൊത്തം 22,000 വൈദ്യുതി വാഹനങ്ങളാണ് ഓല ഇന്ത്യയില്‍ വിറ്റഴിച്ചത്. മുച്ചക്ര വാഹനങ്ങളുടെ വിപണിയില്‍ കഴിഞ്ഞ മാസം 73 ശതമാനം വർധനയാണ് ദൃശ്യമായത്.
ഏപ്രിലില്‍ 37,500 മുച്ചക്ര വാഹനങ്ങളുടെ വില്‍പ്പന നടന്നുവെന്ന് വിവിധ കമ്പനികളുടെ കണക്കുകള്‍ വ്യക്തമാക്കുന്നു. അതേസമയം പാസഞ്ചര്‍ കാര്‍ വിപണിയില്‍ ഇവി വാഹനങ്ങളുടെ വില്‍പ്പനയില്‍ വളര്‍ച്ച കാര്യമായി കൂടുന്നില്ല. വൈദ്യുതി കാറുകളുടെ വില്‍പ്പനയില്‍ ടാറ്റ മോട്ടോഴ്സിന്റെ വിപണി വിഹിതം 72 ശതമാനമായി കുറഞ്ഞു.