കൊച്ചി: റോയല്‍ എന്‍ഫീല്‍ഡ് 2022 ഓഗസ്റ്റില്‍ പുറത്തിറക്കിയ ഹണ്ടര്‍ 350 മോഡലിന്റെ വില്‍പ്പന വെറും ആറു മാസങ്ങള്‍ കൊണ്ട് ഒരു ലക്ഷം കവിഞ്ഞു. പുതിയ ഉപയോക്താക്കള്‍ക്കായി പുതിയ അനുഭവങ്ങള്‍ സൃഷ്ടിക്കുന്നതിനായി നിരത്തിലിറക്കിയ ഹണ്ടര്‍ 350 മോട്ടോര്‍സൈക്കിള്‍ വളരെയേറെ ജനപ്രീതിയാണ് നേടിയിരിക്കുന്നത്.
സ്റ്റൈലിഷും ആവേശം ജനിപ്പിക്കുന്നതുമായ മോട്ടോര്‍സൈക്കിള്‍, റെട്രൊ-മെട്രൊ ശൈലി പ്രകടമാക്കുന്ന വാഹനമാണ്. ഹണ്ടര്‍ 350 ശുദ്ധമായ മോട്ടോര്‍ സൈക്കിളിങ്ങിന്റെ എല്ലാ തീവ്രമായ ഫ്ലേവറുകളും ഒരുമിച്ച് കൊണ്ടുവരുന്ന മോഡലാണ്. ഇന്തോനേഷ്യ, ജപ്പാന്, കൊറിയ, തായ്ലന്ഡ്, യൂറോപ്പില്‍ ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, യുകെ, അര്‍ജന്റീന, ബ്രസീല്‍, കൊളംബിയ, മെക്സിക്കോ, ഓസ്ട്രേലിയ, ന്യൂസിലാന്‍ഡ് എന്നിവിടങ്ങളിലെ വിപണികളിലും ഇതിനകം അവതരിപ്പിക്കപ്പെട്ട ഹണ്ടര്‍ 350യ്ക്ക് ഇന്ത്യയിലെ മികച്ച ഓട്ടൊമൊബൈല്‍ എഡിറ്റര്‍മാരുടെ കണ്‍സോര്‍ഷ്യം നല്കുന്ന "ഇന്ത്യന്‍ മോട്ടോര്‍സൈക്കിള്‍ ഒഫ് ദി ഇയര്‍ 2023 അവാര്‍ഡ്' ഉള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മികച്ച ശൈലിയും പ്രകടനവും പുതുമയും സമന്വയിക്കുന്ന മോട്ടോര്‍ സൈക്കിളുകള്‍ അവതരിപ്പിക്കാനുള്ള റോയല്‍ എന്‍ഫീല്‍ഡിന്റെ കാഴ്ചപ്പാടിന്റെ പ്രതിഫലനമാണ് ഹണ്ടര്‍ 350ന്റെ വിജയം. റൈഡിങ് കമ്യൂണിറ്റിയുടെ ആരാധനയും സ്നേഹവുമാണ് റോയല്‍ എന്‍ഫീല്‍ഡിനെ പുതിയ ശൈലികളും ഫോര്‍മാറ്റുകളും, മോട്ടോര്‍ സൈക്കിളിങ്ങിന്റെ പുതിയ ആവിഷ്കാരങ്ങളും സൃഷ്ടിക്കുന്നതില്‍ പ്രോത്സാഹനമാകുന്നത്. ആഗോളതലത്തില്‍ ആകര്‍ഷകമായ മിഡ്-സൈസ് മോട്ടോര്‍സൈക്കിളുകളുമായി കമ്പനി ഇന്ത്യയിലും അന്താരാഷ്ട്ര വിപണികളിലും അതിന്റെ വ്യാപനം തുടരുകയാണ്.