കൊച്ചി: കേന്ദ്രസര്‍ക്കാര്‍ സബ്സിഡി വെട്ടിക്കുറച്ചതോടെ ജൂണ്‍ ഒന്നു മുതല്‍ രാജ്യത്ത് ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് വില കൂടാന്‍ സാധ്യത. ഫാസ്റ്റര്‍ അഡോപ്ഷന്‍ ആന്‍ഡ് മാനുഫാക്ച്ചറിങ് ഒഫ് ഹൈബ്രിഡ് ആന്‍ഡ് ഇലക്ട്രിക് വെഹിക്കിള്‍സ് (ഫെയിം)- 2 സബ്സിഡി നിലവില്‍ വാഹന വിലയുടെ പരമാവധി 40 ശതമാനം അല്ലെങ്കില്‍ ബാറ്ററി കിലോവാട്ട് അവറിന് (കെഡബ്ല്യുഎച്ച്) 15,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുക. ഇവയില്‍ ഏതാണോ കുറവ് ആ സബ്സിഡി ആനുകൂല്യമേ ലഭിക്കൂ.
സബ്സിഡി നിരക്ക് എക്സ്ഷോറൂം വിലയുടെ പരമാവധി 40 ശതമാനമെന്നത് കേന്ദ്രം 15 ശതമാനമാക്കി വെട്ടിച്ചുരുക്കി. കിലോ വാട്ട് അവറിന് (കെഡബ്ല്യുഎച്ച്) 15,000 രൂപയായിരുന്നത് 10,000 രൂപയായും കുറച്ചു. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തിലാകും. സബ്സിഡി വെട്ടിക്കുറച്ചതോടെ ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് 35,000 രൂപ വരെ വില കൂടുമെന്നാണ് വിലയിരുത്തലുകള്‍. എന്നാല്‍, ഈ ബാധ്യതയില്‍ നിശ്ചിതപങ്ക് സ്വയം വഹിക്കാന്‍ കമ്പനികള്‍ തയാറായാല്‍ വലിയ വില വർധന ഒഴിവാകും. പക്ഷേ, ഈ വിഷയത്തില്‍ കമ്പനികള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഫെയിം-2 പദ്ധതി പ്രകാരം 10 ലക്ഷം ഇലക്ട്രിക് സ്കൂട്ടറുകള്‍ക്ക് സബ്സിഡി നല്‍കുകയായിരുന്നു കേന്ദ്രലക്ഷ്യം. കേന്ദ്ര ഹെവി ഇന്‍ഡസ്ട്രീസ് മന്ത്രാലയത്തിന്റെ കണക്കുപ്രകാരം ഈ വര്‍ഷം മേയ് 22 വരെ രാജ്യത്ത് 9,88,676 ഇലക്ട്രിക് സ്കൂട്ടറുകള് വിറ്റഴിഞ്ഞിട്ടുണ്ട്. കേന്ദ്രലക്ഷ്യത്തില്‍ നിന്ന് വെറും 11,324 യൂണിറ്റുകള്‍ മാത്രം അകലെയാണ് വില്‍പ്പന. കേന്ദ്രലക്ഷ്യം ഈ മാസം തന്നെ മറികടക്കുമെന്ന് ഉറപ്പുമാണ്. വില്‍പ്പന കൂടിയ പശ്ചാത്തലത്തിലും പ്രൊഡക്ഷന്‍ ലിങ്ക്ഡ് ഇന്‍സെന്റീവ് (പിഎല്‍ഐ) സ്കീം പ്രകാരം കമ്പനികള്‍ക്ക് ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നുണ്ടെന്നത് പരിഗണിച്ചുമാണ് സബ്സിഡി കുറച്ചത്. കമ്പനികള്‍ക്കിടയിലെ മത്സരം മൂലം വില ആകര്‍ഷകമായി കുറച്ച് തന്നെ നിര്‍ത്താന്‍ കമ്പനികള്‍ നിര്‍ബന്ധിതരാകുമെന്നാണ് കേന്ദ്രത്തിന്റെ വിലയിരുത്തൽ.
മികച്ച വില്‍പ്പന നേടി മുന്നേറുന്ന ഇലക്ട്രിക് ടൂവീലര്‍ വിപണിക്ക് സമ്മര്ദമേകുന്നതാണ് സബ്സിഡി വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം. കേരളത്തില്‍ ഈ വര്‍ഷം ജനുവരി മുതല്‍ ഈ മാസം 22 വരെ ഒല 10,360 ഇ-സ്കൂട്ടറുകളും ഏതര് എനര്‍ജി 7,150 ഇ-സ്കൂട്ടറുകളും വിറ്റഴിച്ചിട്ടുണ്ട്. സബ്സിഡി വെട്ടിക്കുറച്ച പശ്ചാത്തലത്തില്‍ വില കൂടുന്നതോടെ ഈ നേട്ടം നിലനിര്‍ത്താനാകാതെ വന്നേക്കും.