കൊച്ചി: സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്‍പ്പറേഷന്റെ നവീന സാങ്കേതിക വിദ്യകളടങ്ങിയ പുതിയ ഇലക്ട്രിക് വാഹനങ്ങള്‍ അവതരിപ്പിച്ചു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ വ്യവസായ മന്ത്രി പി. രാജീവ്, ഗതാഗത മന്ത്രി ആന്റണി രാജു എന്നിവര്‍ ചേര്‍ന്നാണ് കേരളത്തിന്റെ സ്വന്തം ബ്രാന്‍ഡ് ഇലക്ട്രിക് വാഹനങ്ങള്‍ വിപണിയിലിറക്കിയത്.
ഫ്ലാഷ്, ഫാസ്റ്റ് ചാര്‍ജിങ് സംവിധാനമുള്ള അതിവേഗ ചാര്‍ജിങ് ബാറ്ററികളോടെയാണ് പുതിയ വാഹനങ്ങള്‍ അവതരിപ്പിച്ചിരിക്കുന്നത്. ഓരോ മലയാളിക്കും അഭിമാന നിമിഷമാണിത്. കേരളത്തില്‍ നിർമിച്ച് ലോകമാകെ വിപണനം ചെയ്യപ്പെടുന്ന ലാന്‍ഡി ലാന്‍സോ ഇലക്ട്രിക് വാഹനങ്ങള്‍ കേരളത്തിന്റെ മാത്രമല്ല ഇന്ത്യയുടെ തന്നെ താരമായി മാറുമെന്ന് പി. രാജീവ് പറഞ്ഞു. മോട്ടോര്‍ വാഹന രംഗത്ത് വിപ്ലവം സൃഷ്ടിക്കുന്നവയാണ് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സിന്റെ പുതിയ വാഹനങ്ങൾ. ഇലക്ട്രിക് വാഹനങ്ങള്‍ നേരിടുന്ന രണ്ട് പ്രധാന പ്രശ്നങ്ങള്‍ക്ക് പരിഹാരവുമായാണ് കേരളത്തില്‍ നിർമിച്ച് വിപണിയിലിറക്കുന്ന സൂപ്പര്‍ ബൈക്കുകളും സ്കൂട്ടറുകളുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു.
വാഹനങ്ങള്‍ വിപണിയിലിറക്കുന്ന ചടങ്ങ് ടി.ജെ. വിനോദ് എംഎല്‍എ ഉദ്ഘാടനം ചെയ്തു. എന്‍സിഎസ് ഗ്രൂപ്പ് ചെയര്മാന് എന്‍.എം. രാജു, ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്മാന് നവാസ് മീരാന്‍, ഓട്ടൊമൊബൈല്‍ വ്ലോഗര്‍ ബൈജു എം. നായര്‍, ചീഫ് ന്യൂസ് പ്രൊഡ്യൂസര്‍ ജയകൃഷ്ണന്, കേരള സ്റ്റാര്‍ട്ടപ്പ് മിഷന് സിഇഒ അനൂപ് അംബിക, ഡയറക്റ്റര്‍ ബി. കാര്‍ത്തിക് പരശുറാം, എംസികെ ഗ്രൂപ്പ് ചെയര്മാന് ടി.ടി. ജോസ്, ഡയറക്റ്റര്‍ ബാലചന്ദ്രന് വിശ്വനാഥന്, ബിജെപി ജില്ലാ പ്രസിഡന്റ് കെ.എസ്. ഷൈജു എന്നിവർ പങ്കെടുത്തു. നാല് മാസത്തിനുള്ളില്‍ രണ്ട് മോഡലുകളും വിപണിയിലിറക്കുമെന്ന് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോര്‍സ് കോര്പ്പറേഷന് മാനെജിങ് ഡയറക്റ്റര്‍ ബിജു വര്‍ഗീസ് അറിയിച്ചു.
ലാന്‍ഡി ലാന്‍സോ ഇ- ബൈക്കായ ലാന്‍ഡി ഇ ഹോഴ്സ്, ലാന്‍ഡി ലാന്‍സോ ഇ-സ്കൂട്ടറായ ലാന്‍ഡി ഈഗിള്‍ ജെറ്റ് എന്നിവയാണ് അവതരിപ്പിച്ചത്. എറണാകുളം ജില്ലയിലെ പെരുമ്പാവൂരിലെ നിര്‍മാണ യൂണിറ്റുകളിലാണ് വാഹനങ്ങള്‍ നിർമിക്കുന്നത്. നിലവിലെ എല്ലാ ഇലക്ട്രിക് വാഹനങ്ങളും ബാറ്ററി ചാര്‍ജിങിനായി 4 മുതല്‍ 8 മണിക്കൂര്‍ വരെയെടുക്കുമ്പോള്‍ ലാന്‍ഡി ലാന്‍സോ ഇസഡ് സീരീസ് വാഹനങ്ങള്‍ ഫ്ലാഷ് ചാര്‍ജര്‍, ഫാസ്റ്റ് ചാര്‍ജര്‍ സംവിധാനങ്ങളോടെയാണ് എത്തുന്നത്. ചില ഫോര്‍ വീലറുകളില്‍ മാത്രം ലഭ്യമായ ഫാസ്റ്റ് ചാര്‍ജിങ് സംവിധാനം ഇരുചക്ര വാഹനങ്ങളിലും ഉള്‍പ്പെടുത്തിയിരിക്കുകയാണ് ലാന്‍ഡി ലാന്‍സോ ഇസഡ് സീരീസ് ഇലക്ട്രിക് വാഹനങ്ങള്‍. ബാറ്ററി ചാര്‍ജ് ചെയ്യുന്നതിനായി ഇവി ചാര്‍ജിങ് സ്റ്റേഷനുകള്‍ അന്വേഷിച്ച് നടന്ന് ബുദ്ധിമുട്ടേണ്ടതുമില്ല. ഇതിലെ ഇന്‍ബില്‍റ്റ് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനത്തിലൂടെ വീട്ടിലോ 16 എഎംപിഎസ്, എസി 230 വി സൗകര്യമുള്ള എവിടെയെങ്കിലുമോ കേവലം ഒരു മണിക്കൂര്‍ സമയം കൊണ്ട് ചാര്‍ജ് ചെയ്യാം.
വിമാനങ്ങളുടെ ചിറകുകളില്‍ ഉപയോഗിച്ചിരിക്കുന്ന എയ്റോ ബീം സാങ്കേതികവിദ്യയാണ് ഇസഡ് സീരീസ് ഇരുചക്രവാഹനങ്ങളില്‍ ഉപയോഗിച്ചിരിക്കുന്നത്. വാഹനങ്ങള്‍ ഓടിക്കുമ്പോള്‍ ഇത് മികച്ച ബാലന്‍സ് നല്‍കും. 200 കിലോ വരെ ലോഡിങ് കപ്പാസിറ്റിയുള്ള ലാന്‍ഡി ഇ-ഹോഴ്സ് സ്പോര്‍ട്ട്സ് മോഡില്‍ 100 മുതല്‍ 120 കിലോമീറ്റര്‍ വരെ വേഗത കൈവരിക്കാന്‍ കഴിയും. 75 കിലോമീറ്ററാണ് ലാന്‍ഡി ഈഗിള്‍ ജെറ്റിന്റെ പരമാവധി വേഗം. ഒറ്റ ചാര്‍ജിങില്‍ 75 മുതല്‍ 100 കിലോമീറ്റര്‍ വരെ യാത്ര ചെയ്യാം. അമേരിക്കന്‍ കമ്പനിയായ ലാന്‍ഡി ലാന്‍സോയുമായി സഹകരിച്ചാണ് ഹിന്ദുസ്ഥാന്‍ ഇവി മോട്ടോഴ്സ് കോര്പ്പറേഷന് ഇരുചക്രവാഹനങ്ങള്‍ പുറത്തിറക്കുന്നത്.