#ബിസിനസ് ലേഖകൻ
കൊച്ചി: സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വ് മുതലെടുത്ത് മികച്ച വില്‍പ്പന നേടാന്‍ കാര്‍ കമ്പനികള്‍ ആനുകൂല്യ പെരുമഴ ഒരുക്കുന്നു. രാജ്യാന്തര വിപണിയില്‍ അസംസ്കൃത സാധനങ്ങളുടെ വില ഗണ്യമായി കുറഞ്ഞതോടെ വില്‍പ്പന മാര്‍ജിന്‍ മെച്ചപ്പെട്ടതിന്റെ ഒരു ഭാഗം ഉപയോക്താക്കള്‍ക്ക് കൈമാറുന്നതിന്റെ ഭാഗമായാണ് അധിക ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കുന്നത്.
രാജ്യത്തെ ഏറ്റവും വലിയ കാര്‍ കമ്പനിയായ മാരുതി സുസുക്കി ജൂണ്‍ മാസത്തില്‍ നെക്സാ റേഞ്ചിലുള്ള പുതിയ വാഹനങ്ങള്‍ വാങ്ങുന്ന ഉപയോക്താക്കള്‍ക്ക് 64,000 രൂപയുടെ വരെ ആനുകൂല്യങ്ങളാണ് നല്‍കുന്നത്. ബലനോ, ഇഗ്നിസ്, സിയാസ് എന്നീ മോഡലുകള്‍ക്ക് വിലക്കിഴിവ് ലഭ്യമാകും. എക്സ്ചേഞ്ച് ബോണസ്, ക്യാഷ് ഡിസ്കൗണ്ട്, കോര്‍പ്പറേറ്റ് ഓഫറുകള്‍ എന്നീ ഇനങ്ങളില്‍ അധിക ആനുകൂല്യങ്ങള്‍ ലഭിക്കുമെന്ന് കമ്പനി അധികൃതര്‍ പറയുന്നു. മറ്റൊരു പ്രമുഖ കാര്‍ നിർമാതാക്കളായ മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ഥാര്‍ മോഡലിന് 65,000 രൂപയുടെ ഇളവുകളാണ് വിവിധ ഇനങ്ങളിലായി ജൂണ്‍ മാസം പ്രഖ്യാപിച്ചിട്ടുള്ളത്. റെനോയുടെ ക്വിഡ്, കൈഗര്‍ തുടങ്ങിയ മോഡലുകള്‍ക്കും 65,000 രൂപ വരെ ഇളവുകളാണ് വിലയില്‍ നല്‍കുന്നത്. ടാറ്റ മോട്ടോഴ്സിന്റെ ടിയാഗോ കാറുകള്‍ക്ക് കമ്പനി 35,000 രൂപയുടെ ആനുകൂല്യങ്ങളാണ് ജൂണ്‍ മാസത്തില്‍ ലഭ്യമാക്കുന്നത്.
രാജ്യത്തെ പ്രമുഖ വാഹന നിർമാതാക്കളുടെ വില്‍പ്പനയില്‍ എട്ടു മുതല്‍ 25 ശതമാനം വരെ വർധനയാണ് മേയ് മാസം ദൃശ്യമായത്. സാമ്പത്തിക മേഖലയിലെ മികച്ച ഉണര്‍വും ബാങ്കുകളുടെ ഉദാരമായ വായ്പാ വിതരണ നയങ്ങളും കാര്‍ഷിക രംഗത്തെ വരുമാനത്തിലുണ്ടായ വർധനയുമാണ് രാജ്യത്തെ വാഹന വിപണിക്ക് കരുത്ത് പകരുന്നത്. കഴിഞ്ഞ മാസത്തെ വാഹന വില്‍പ്പന ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു.
വാഹന നിർമാണ കമ്പനികളുടെ അസോസിയേഷന്റെ വിലയിരുത്തലനുസരിച്ച് മേയില്‍ 3.3 ലക്ഷം വാഹനങ്ങളാണ് വില്‍പ്പനയ്ക്ക് എത്തിച്ചത്. സ്പോര്‍ട്ട്സ് യൂട്ടിലിറ്റി വെഹിക്കിളുകള്‍ക്ക് (എസ്യുവി) ഡിമാന്‍ഡ് കൂടിയതും റാബി സീസണില്‍ മികച്ച വിളവെടുപ്പ് ലഭിച്ചതോടെ ഗ്രാമീണ മേഖലയില്‍ വാങ്ങല്‍ ശേഷി മെച്ചപ്പെട്ടതും വില്‍പ്പന കൂടാന്‍ സഹായിച്ചു. ഘടക ഭാഗങ്ങളുടെ ലഭ്യത പ്രശ്നങ്ങളെത്തുടർന്ന് മാരുതി സുസുക്കി, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ടൊയോട്ടാ കിര്ലോസ്കര് തുടങ്ങിയ കമ്പനികള്‍ ഉത്പാദന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടും വമ്പന്‍ വില്‍പ്പന നേടാനായെന്ന് വാഹന വിതരണക്കാര്‍ പറയുന്നു.
മാരുതി സുസുക്കിയുടെ വില്‍പ്പന മേയ് മാസത്തില്‍ 10.32 ശതമാനം വർധനയോടെ 1.78 ലക്ഷം യൂണിറ്റായി. കഴിഞ്ഞവര്‍ഷം മേയ് മാസത്തില്‍ മാരുതി സുസുക്കി 1.62 ലക്ഷം യൂണിറ്റ് വാഹനങ്ങളാണ് വിറ്റഴിച്ചത്. കഴിഞ്ഞമാസം ആഭ്യന്തര വിപണിയില്‍ മാരുതി സുസുക്കി 1.42 ലക്ഷം വാഹനങ്ങള്‍ വില്‍പ്പന നടത്തിയപ്പോള്‍ 26,477 വാഹനങ്ങളുടെ കയറ്റുമതിയാണ് നേടിയത്. കമ്പനിയുടെ പ്രമുഖ മോഡലുകളായ ഓള്‍ട്ടോ, എസ്പ്രസോ, സിയാസ്, ഗ്രാന്‍ഡ് വിറ്റാര മുതല്‍ എക്സ് എല്‍ 6 വരെയുള്ളവയ്ക്കെല്ലാം മികച്ച വില്‍പ്പനയാണ് നേടാനായത്. ബജാജ് ഓട്ടൊയുടെ വാഹന വില്‍പ്പനയില്‍ കഴിഞ്ഞമാസം 29 ശതമാനം വർധനയാണ് നേടാനായത്. മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര ഇക്കാലയളവില്‍ എസ്യുവിയുടെ വില്‍പ്പനയില്‍ 28 ശതമാനം വളര്‍ച്ച രേഖപ്പെടുത്തി.