Auto

വാന്‍ ഇലക്‌ട്രിക് മോട്ടോയുടെ 'സ്റ്റെല്‍വിയോ' വിപണിയിൽ

മൂന്നര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ റോഡിന്‍റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് 50 മുതല്‍ 70 കിലോമീറ്റര്‍ വരെ യാത്രചെയ്യാം.

കൊച്ചി: ഇലക്‌ട്രിക് വാഹനനിര്‍മാണ രംഗത്തെ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പായ വാന്‍ ഇലക്‌ട്രിക് മോട്ടൊ, പുതിയ മൗണ്ടെയ്ന്‍ ബൈക്ക് മോഡലായ സ്റ്റെല്‍വിയോ വിപണിയിലെത്തിച്ചു. കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുക്കോമനോവിച്ച് വാഹനം അവതരിപ്പിച്ചു. സ്റ്റെല്‍വിയോയുടെ ഔദ്യോഗിക വിഡിയൊ പ്രകാശനം ഇന്ത്യന്‍ പോര്‍ട്സ് ഗ്ലോബല്‍ എംഡി സുനില്‍ മുകുന്ദന്‍ നിര്‍വഹിച്ചു. ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്സ് ടീമിന്‍റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് "ബ്ലാസ്റ്റേഴ്സ് എഡിഷന്‍' എന്ന പേരില്‍ ലിമിറ്റഡ് എഡിഷന്‍ മൗണ്ടെയ്ന്‍ ബൈക്കുകളും കമ്പനി അവതരിപ്പിച്ചു. കേരള ബ്ലാസ്റ്റേഴ്സിലെ താരങ്ങളായ മിലോസ് ഡ്രിഞ്ചിക്, ഡാനിഷ് ഫാറൂഖ്, ഡായിസുകെ സകായി എന്നിവര്‍ ചേര്‍ന്നാണ് ലിമിറ്റഡ് എഡിഷന്‍ ബൈക്കുകള്‍ അവതരിപ്പിച്ചത്. ബ്ലാസ്റ്റേഴ്സ് എഡിഷന്‍റെ വിഡിയൊ സിനിമാതാരം സംസ്കൃതി ഷേണായ് പ്രകാശനം ചെയ്തു. ചടങ്ങില്‍ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാന്‍ വുക്കോമനോവിച്ചിനെ കമ്പനിയുടെ ബ്രാന്‍ഡ് അംബാസഡറായും പ്രഖ്യാപിച്ചു.

ഇതോടൊപ്പം വാന്‍ ഇലക്‌ട്രിക് മോട്ടൊ, കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബിന്‍റെ ഔദ്യോഗിക ഇ-മൊബിലിറ്റി പാര്‍ട്ണറുമായി. കായികരംഗത്തെ മികവുയര്‍ത്തുന്നതിനൊപ്പം സുസ്ഥിരഗതാഗത മാര്‍ഗങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിന്‍റെ കൂടി ഭാഗമായാണ് സഹകരണം. ഇറ്റാലിയന്‍ വാഹനനിര്‍മാതാക്കളായ ബെനലിയുടെ ഇലക്‌ട്രിക് ബൈക്ക് വിഭാഗമാണ് ഇപ്പോള്‍ പുറത്തിറക്കുന്ന രണ്ട് സൈക്കിളുകളും നിര്‍മിച്ചിട്ടുള്ളത്.

സ്റ്റെല്‍വിയോക്ക് ജിഎസ്ടി ഉള്‍പ്പെടെ 94,500 രൂപയാണ് വില. ബ്ലാസ്റ്റേഴ്സിന്‍റെ ലിമിറ്റഡ് എഡിഷന്‍ ബൈക്കുകള്‍ 99,000 രൂപയ്ക്കും സ്വന്തമാക്കാം. ഔദ്യോഗിക വെബ്സൈറ്റായ vaanmoto.com ല്‍ ബുക്കിങ് ആരംഭിച്ചു. ലോഞ്ച് ഓഫറായി തുടക്കത്തില്‍ 5000 രൂപയുടെ ഡിസ്കൗണ്ടും സ്റ്റെല്‍വിയോ ബൈക്കുകള്‍ക്ക് കമ്പനി നല്‍കുന്നുണ്ട്. കേരളത്തിന് പുറമെ ഉയര്‍ന്ന വിൽപ്പന സാധ്യതകളുള്ള മുംബൈ, ബംഗളൂരു, ഗോവ, ഹൈദരാബാദ്, ചെന്നൈ നഗരങ്ങളിലും ബൈക്ക് ലഭ്യമാകും.

സ്റ്റെല്‍വിയോ ബൈക്കിന്‍റെ ആദ്യ വില്‍പ്പന സെന്‍റര്‍ സ്ക്വയര്‍ മാള്‍ മാനെജര്‍ മാത്യൂസിന് നല്‍കി നിര്‍വഹിച്ചു. ഫ്രെയിമിനുള്ളില്‍ ഘടിപ്പിച്ചിട്ടുള്ള ഇളക്കിമാറ്റാവുന്ന ബാറ്ററിയാണ് ബൈക്കിന്‍റെ പ്രധാനപ്രത്യേകത. ഇത് ചാര്‍ജിങ് എളുപ്പമാക്കുകയും യാത്ര തടസങ്ങളില്ലാതെ തുടരാന്‍ സഹായിക്കുകയും ചെയ്യുന്നു. മൂന്നര മണിക്കൂര്‍ ചാര്‍ജ് ചെയ്താല്‍ റോഡിന്‍റെ സാഹചര്യങ്ങള്‍ക്കനുസരിച്ച് 50 മുതല്‍ 70 കിലോമീറ്റര്‍ വരെ യാത്രചെയ്യാം.

ഭാരം കുറവായതിനാല്‍ അനായാസം കൈകാര്യം ചെയ്യാനും സാധിക്കും. കഠിനാധ്വാനമില്ലാതെ ഓടിക്കാന്‍ സഹായിക്കുന്ന പെഡല്‍ അസിസ്റ്റ് മോഡ്, ആവശ്യമുള്ള സാഹചര്യങ്ങളില്‍ ഉടന്‍ വേഗം കൂട്ടുന്നതിനുള്ള ത്രോട്ടില്‍ മോഡ്, ഗിയര്‍ ഉപയോഗിച്ച് സ്വയം ഓടിക്കാവുന്ന മാനുവല്‍ മോഡ് എന്നിങ്ങനെ ഓരോ വ്യക്തിക്കും അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാനും സാധിക്കും.

ഇന്ത്യ വിക്കറ്റ് പോകാതെ 172, ഓവറോൾ ലീഡ് 218

ഉപതെരഞ്ഞെടുപ്പുകളിൽ ഭരണകക്ഷികൾക്കു നേട്ടം

പാലക്കാട് ബിജെപിയുടെ 10,000 ത്തിലധികം വോട്ട് ചോർന്നു, ജനങ്ങൾ ബിജെപിയുടെ നടുവൊടിച്ചു: കെ. സുധാകരൻ

‌രണ്ടാം വിവാഹത്തിന് തടസമായി; അഞ്ചു വയസുകാരിയെ അമ്മ കഴുത്തുഞെരിച്ച് കൊന്നു

ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം; സംസ്ഥാനത്ത് 5 ദിവസത്തേക്ക് മഴ