കൊച്ചി: ആഗോള രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ രൂക്ഷമാകുന്നതിനിടെ ബാങ്ക് ഒഫ് ഇംഗ്ലണ്ടിലെ നിലവറയില്‍ സൂക്ഷിച്ചിരുന്ന ഇന്ത്യയുടെ 102 ടണ്‍ സ്വര്‍ണം രഹസ്യ ദൗത്യത്തിലൂടെ റിസര്‍വ് ബാങ്ക് ഇന്ത്യയിലെത്തിച്ചു. സ്വര്‍ണം വാങ്ങുന്നതിന് ഭാരതീയര്‍ ഏറ്റവും അനുയോജ്യമെന്ന് വിലയിരുത്തുന്ന ധന്‍തേരസ് ദിനത്തിലാണ് അതീവ സുരക്ഷയില്‍ പ്രത്യേക എയര്‍ക്രാഫ്റ്റില്‍ സ്വര്‍ണം ഇന്ത്യയിലേക്ക് മാറ്റിയത്. പശ്ചിമേഷ്യയിലെയും യുക്രെയ്‌നിലെയും രാഷ്‌ട്രീയ സംഘര്‍ഷങ്ങള്‍ വ്യാപിക്കുമെന്ന ആശങ്ക കണക്കിലെടുത്താണ് സ്വര്‍ണം ഇന്ത്യയില്‍ തന്നെ സുരക്ഷിതമായി സൂക്ഷിക്കാന്‍ കേന്ദ്രസര്‍ക്കാരും റിസര്‍വ് ബാങ്കും തീരുമാനിച്ചത്. 2022 സെപ്റ്റംബറിന് ശേഷം 214 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ തിരിച്ച് നാട്ടിലെത്തിച്ചത്.
രണ്ട് പതിറ്റാണ്ടായി ഇന്ത്യയുടെ വിദേശ നാണയ ശേഖരത്തില്‍ സ്വര്‍ണത്തിന്‍റെ മൂല്യം കൂടുകയാണ്. സെപ്റ്റംബര്‍ വരെയുള്ള കണക്കുകളനുസരിച്ച് 855 ടണ്‍ സ്വര്‍ണമാണ് ഇന്ത്യയുടെ കൈവശമുള്ളത്. ഇതില്‍ 510.5 ടണ്‍ ഇന്ത്യയ്ക്കകത്താണ് സൂക്ഷിച്ചിട്ടുള്ളത്. 1990കളുടെ ആദ്യ കാലയളവില്‍ ബാലന്‍സ് ഒഫ് പേയ്മെന്‍റ് പ്രതിസന്ധിയിലായപ്പോള്‍ ഇന്ത്യ സ്വര്‍ണം പണയംവച്ചാണ് പണം കണ്ടെത്തിയത്. അതിനുശേഷമാണ് സ്വര്‍ണ ശേഖരം തുടര്‍ച്ചയായി ഉയര്‍ത്തിയത്.
ലണ്ടനിലെ ബാങ്ക് ഒഫ് ഇംഗ്ലണ്ടിന്‍റെയും ബാങ്ക് ഒഫ് ഇന്‍റര്‍നാഷണലിന്‍റെയും നിലവറയില്‍ 324 ടണ്‍ സ്വര്‍ണമാണ് ഇന്ത്യ സൂക്ഷിച്ചിട്ടുള്ളത്. ഇതില്‍ 20 ടണ്‍ സ്വര്‍ണ നിക്ഷേപമാണ്. ബ്രിട്ടീഷ് സെന്‍ട്രല്‍ ബാങ്കിന്‍റെ അടിയിലുള്ള അതീവ സുരക്ഷയുള്ള ഒന്‍പത് നിലവറകളിലായി ബാങ്ക് ഒഫ് ഇംഗ്ലണ്ടിന്‍റെയും വിവിധ കേന്ദ്ര ബാങ്കുകളുടെയും ഉടമസ്ഥതയിലുള്ള നാല് ലക്ഷം ബാറുകള്‍ (5,350 ടണ്‍) സ്വര്‍ണമാണ് സൂക്ഷിച്ചിട്ടുള്ളത്.
റിസര്‍വ് ബാങ്കും കേന്ദ്ര സര്‍ക്കാരും ഏറെ കരുതലോടെയും പൂര്‍ണ സുരക്ഷയുമൊരുക്കി പ്രത്യേക വിമാനങ്ങളിലാണ് സ്വര്‍ണം കൊണ്ടുന്നത്. ദൗത്യം രഹസ്യമായി സൂക്ഷിക്കുന്നതായിരുന്നു ഏറ്റവും വലിയ വെല്ലുവിളി. കൈമാറ്റം എളുപ്പത്തിലാക്കാന്‍ നികുതി സംബന്ധമായ ഇളവുകളും നല്‍കേണ്ടി വന്നുവെന്നാണ് റിപ്പോർട്ട്.