കൊച്ചി: രാജ്യത്തെ ഏറ്റവും വലിയ സ്റ്റീല്‍ ട്യൂബ്, പൈപ്പ് കമ്പനിയായ എപിഎല്‍ അപ്പോളോയുടെ ബ്രാന്‍ഡ് അംബാസഡറായി അമിതാഭ് ബച്ചന്‍ നിയമിതനായി.
മൂന്ന് ദശാബ്ദമായി വിശ്വസനീയമായ ബ്രാന്‍ഡായി തുടരുന്ന അപ്പോളോയ്ക്ക് ബിഗ്ബിയുമായുള്ള കൂട്ടുകെട്ട് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. മാധ്യമങ്ങളിലെല്ലാം അടുത്ത രണ്ടു വര്‍ഷം ബച്ചന്‍ വേഷമിടുന്ന പരസ്യങ്ങള്‍ തുടരും. എപില്‍ അപ്പോളോയുടെ അതേ മികവും ഗുണവും പങ്കുവെക്കുന്ന ഒരു പ്രഗത്ഭനുമായി ധാരണയായതില്‍ സന്തോഷമുണ്ടെന്ന് സിഎംഡി സഞ്ജയ് ഗുപ്ത പറഞ്ഞു.
രാജ്യത്താകെ 36 ലക്ഷം ടണ്‍ കപ്പാസിറ്റിയുള്ള 11 നിര്‍മാണ കേന്ദ്രങ്ങളാണ് എപിഎല്‍ അപ്പോളോയ്ക്കുള്ളത്. സിക്കന്ദരാബാദ് (യുപി), ഹൈദബാബാദ്, ബംഗളൂരു, ഹൊസൂര്‍ (തമിഴ്നാട്), റായ്പുര്‍, ദുജന, മാലൂര്‍, മുര്‍ബാദ് എന്നിവിടങ്ങളിലാണ് യൂണിറ്റുകള്‍. പ്രി-ഗാല്‍വനൈസ്ഡ് ട്യൂബുകള്‍, സ്ട്രക്ചറല്‍ സ്റ്റീല്‍ ട്യൂബുകള്‍, ഗാല്‍വനൈസ്ഡ് ട്യൂബുകള്‍, എംഎസ് ബ്ലാക്ക് പൈപ്പുകള്‍, ഹോളോ ഉള്‍പ്പെടെ രണ്ടായിരത്തിലധികം വൈവിധ്യങ്ങളാണ് എപിഎല്‍ അപ്പോളോയ്ക്കുള്ളത്. രാജ്യത്തിനകത്തും 20 വിദേശരാജ്യങ്ങളിലും അപ്പോളോയ്ക്ക് വിപണിയുണ്ട്.