കൊച്ചി: റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെയും ഡിസ്നി ഇന്ത്യയുടെയും മാധ്യമ ബിസിനസ് ലയി പ്പിക്കുന്നതിന് കോംപറ്റീഷന്‍ കമ്മിഷന്‍ ഒഫ് ഇന്ത്യ(സി.സി.ഐ) അനുമതി നല്‍കി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, വയാകോം18 മീഡിയ പ്രൈവറ്റ് ലിമിറ്റഡ്, ഡിജിറ്റല്‍18 മീഡിയ, സ്റ്റാര്‍ ഇന്ത്യ, സ്റ്റാര്‍ ടെലിവിഷന്‍ എന്നിവ ഉള്‍പ്പെടുന്ന കൂട്ടുകെട്ടിന് നിര്‍ദേശിക്കുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി അംഗീകാരം നല്‍കുന്നുവെന്ന് സിസിഐ എക്സില്‍ കുറിച്ചു. വ്യാഴാഴ്ച നടക്കുന്ന റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ വാര്‍ഷിക പൊതു യോഗത്തിന് മുന്നോടിയായാണ് രാജ്യത്തെ ഏറ്റവും വലിയ വിനോദ വ്യവസായ കമ്പനിയുടെ രൂപീകരണത്തിന് അനുമതി ലഭിക്കുന്നത്. ഡിസ്നിയുടെ ഇന്ത്യയിലെ മാധ്യമ ബിസിനസ് 70,350 കോടി രൂപയ്ക്കാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ഏറ്റെടുക്കുന്നത്. പുതിയ സംയുക്ത സംരംഭത്തിന്‍റെ വളര്‍ച്ചയ്ക്കായി റിലയന്‍സ് ഇന്‍ഡസ്ട്രീസ് 11,500 കോടി രൂപ നിക്ഷേപിക്കും.
രാജ്യത്തെ ഏറ്റവും വലിയ ചാനല്‍ ശൃംഖലയും സ്ട്രീമിംഗ് പ്ളാറ്റ്ഫോമുകളും ഉള്‍പ്പെടുന്ന പുതിയ സംരംഭം രൂപീകരിക്കുന്ന ലയനം ഈ വര്‍ഷം ഫെബ്രുവരിയിലാണ് റിലയന്‍സ് ഇന്‍ഡസ്ട്രസിന്‍റെ ഉപകമ്പനിയായ വയാകോം18നും ഡിസ്നിയുടെ ഇന്ത്യന്‍ യൂണിറ്റായ സ്റ്റാര്‍ ഇന്ത്യയും പ്രഖ്യാപിച്ചത്. പുതിയ സംയുക്ത സംരംഭത്തിന്‍റെ ഡയറക്ടര്‍ ബോര്‍ഡില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ അഞ്ച് പ്രതിനിധികളും ഡിസ്നിയുടെ മൂന്ന് പ്രതിനിധികളും രണ്ട് സ്വതന്ത്ര അംഗങ്ങളുമുണ്ടാകും. റിലയന്‍സ് ഇന്‍ഡസ്ട്രീസിന് 46.82 ശതമാനം ഓഹരി പങ്കാളിത്തമുള്ള സംയുക്ത സംരംഭത്തില്‍ നിത അംബാനി ചെയര്‍പേഴ്സണും ഡിസ്നിയുടെ ഉദയ് ശങ്കര്‍ വൈസ് ചെയര്‍മാനുമാകും.
ഇന്ത്യന്‍ വിനോദ വ്യവസായ രംഗത്ത് ഏറ്റവും വലിയ വിപണി വിഹിതമുള്ള പുതിയ സംരംഭത്തില്‍ ബിസിസിഐയുടെ ക്രിക്കറ്റ് മത്സരങ്ങളുടെ സംപ്രേഷണ അവകാശത്തിനൊപ്പം 120 ചാനലുകളും രണ്ട് പ്രധാന സ്ട്രീമിംഗ് സേവനങ്ങളുമാണുള്ളത്. നെറ്റ്ഫ്ളിക്സ്, സോണി, ആമസോണ്‍ എന്നിവയ്ക്ക് റിലയന്‍സ്-ഡിസ്നി കമ്പനി കനത്ത മത്സരം സൃഷ്ടിക്കും.